ഒരിയ്ക്കല്‍ ഒരാട്ടിന്‍പറ്റം കാട്ടില്‍ മേഞ്ഞു നടക്കുകയായിരുന്നു. ഒരാട്ടിന്‍കുട്ടി കൂട്ടത്തില്‍ നിന്നകന്ന് പോകുന്നത് ശ്രദ്ധിച്ച അവന്‍റെ അമ്മ അവനോട് പറഞ്ഞു.
"മോനേ, നീ എപ്പോഴും മുതിര്‍ന്നവരുടെ നടുവില്‍ തന്നെ നടക്കണം. കൂട്ടത്തില്‍ നിന്നകലെ പോകരുത്. നീ വല്ല അപകടത്തിലും പെടും"
"ഞാനത്ര കുഞ്ഞൊന്നുമല്ല! ഞാനിപ്പോള്‍ ഒരു വലിയ ആടാണ്. എന്‍റെ കാര്യം നോക്കാന്‍ എനിക്കറിയാം". ആട്ടിന്‍കുട്ടിയ്ക്ക് അമ്മയുടെ ഉപദേശം അത്ര ഇഷ്ടപ്പെട്ടില്ല.
അമ്മ പറഞ്ഞത് കേള്‍ക്കാതെ അവന്‍ കൂട്ടത്തില്‍ നിന്നു മാറി കൂടുതല്‍ പുല്ല് തേടി നടന്നു. അവനറിയാതെ അവന്‍ മറ്റുള്ളവരില്‍ നിന്നും വളരെ അകലെയെത്തിയിരുന്നു.
നേരമിരുട്ടിത്തുടങ്ങിയപ്പോഴാണ് തന്‍റെ കൂട്ടത്തില്‍ നിന്നും വേര്‍പ്പെട്ട വിവരം ആട്ടിന്‍കുട്ടി മനസ്സിലാക്കിയത്. അതോടെ അവന് ഭയം തോന്നിത്തുടങ്ങി. അപ്പോഴാണ് തനിക്ക് നേരെ ഒരു ചെന്നായ നടന്നടുക്കുന്നത് അവന്‍ കണ്ടത്.
നല്ല കൊഴുത്ത ഒരു ആട്ടിന്‍കുട്ടിയെ കണ്ട ചെന്നായ നാവ് നുണഞ്ഞ് കൊണ്ട് കൊതിയോടെ അവനു നേരെ വരികയായിരുന്നു.
"തയ്യാറായി നിന്നോടാ ആട്ടിന്‍കുഞ്ഞെ! നിന്നെ തിന്നാന്‍ ഞാനെത്തിക്കഴിഞ്ഞു." കൊതിയന്‍ ചെന്നായ പറഞ്ഞു.
"അതിനെന്താ ചേട്ടാ, ഞാന്‍ തയ്യാറാണ്" ധൈര്യം വിടാതെ ആട്ടിന്‍കുട്ടി പറഞ്ഞു.
ചെന്നായ അവനടുത്തെത്തിയതും അവന്‍ പറഞ്ഞു.
"ചേട്ടനെന്തായാലും എന്നെ കൊന്നു തിന്നാന്‍ പോകുകയല്ലേ? അതിനു മുന്‍പ് എനിക്കൊരാഗ്രഹമുണ്ട്." ആട്ടിന്‍കുട്ടി പറഞ്ഞു.
"അതെന്താണ്?" ചെന്നായ ചോദിച്ചു.
"ചെന്നായച്ചേട്ടന്‍ നന്നായി പാടുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എനിക്ക് വേണ്ടി ഒരു പാട്ട് പാടാമോ?"
അത് കേട്ടതും ചെന്നായയ്ക്ക് വലിയ അഭിമാനം തോന്നി. അവന്‍ ഉടന്‍ തന്നെ ഉറക്കെ പാട്ട് പാടുവാന്‍ തുടങ്ങി.
ഈ സമയം തന്‍റെ മകനെ കാണാതെ അമ്മയാട് വിഷമിച്ച് എല്ലായിടത്തും തിരഞ്ഞ് നടക്കുകയായിരുന്നു. ചെന്നായയുടെ ശബ്ദം കേട്ടതും അവള്‍ തന്‍റെ കൂട്ടുകാരോട് പറഞ്ഞു.
"വരൂ, നമുക്ക് ആ ചെന്നായയുടെ ശബ്ദം കേള്‍ക്കുന്നിടത്തെയ്ക്ക് പോകാം. എന്‍റെ മകന്‍ അവിടെയുണ്ടാകും. അവ്നെ കണ്ടിട്ടാകും ആ ചെന്നായ് ഇത്ര സന്തോഷത്തില്‍ ശബ്ദമുണ്ടാക്കുന്നത്."
ചെന്നായ നല്ല ഉറക്കെ പാട്ട് തുടരുന്നതിനിടയിലാണ് ഒരു കൂട്ടം വലിയ ആടുകള്‍ തന്‍റെ നേരെ പാഞ്ഞ് വരുന്നതു കണ്ടത്. അവയുടെ വലിയ കൊമ്പുകള്‍ കണ്ടതും സംഗതി പന്തിയല്ലെന്ന് ചെന്നായയ്ക്ക് മനസ്സിലായി. അവന്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.
അമ്മ പറഞ്ഞതനുസരിക്കാത്തതിന് ആട്ടിന്‍കുട്ടി അമ്മയോട് ക്ഷമ ചോദിച്ചു. അനുസരണക്കേട് കാട്ടിയെങ്കിലും തന്‍റെ മകന്‍ ബുദ്ധിപൂര്‍വ്വം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതോര്‍ത്ത് അമ്മയാട് സന്തോഷിച്ചു.
0 Comments