സ്വര്‍ണ്ണപ്പല്ലിയുടെ കഥ

Image courtesy: The Howard Eliot Collection - Golden Lizard Wall Décor
You can find more here

 ഒരിക്കൽ ഒരു പർവതനിരയുടെ താഴ്വാരത്ത് ഒരു വിശുദ്ധനായ സന്യാസി താമസിച്ചിരുന്നു. പാവപ്പെട്ടവരായ ആളുകല്‍ തങ്ങളുടെ സങ്കടങ്ങള്‍ തീര്‍ക്കാന്‍ അദ്ദേഹത്തിന്‍റെയടുത്ത് സഹായമഭ്യര്‍ത്ഥിച്ച് എത്തുമായിരുന്നു. തന്‍റെ ദിവ്യശക്തിയാല്‍ അദ്ദേഹം അവരെ കഴിയുന്നത്ര സഹായിക്കുമായിരുന്നു. 

അങ്ങിനെയിരിക്കേ, ഒരു ദിവസം ഒരു പ്രഭാതത്തിൽ, ഒരു ദരിദ്രനായ മനുഷ്യന്‍ തന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റണമെന്ന് ആവശ്യപ്പെട്ട്  അദ്ദേഹത്തെ സമീപിച്ചു. 

ആ മനുഷ്യന്‍റെ വിഷമം കണ്ട് ആ സന്യാസിവര്യന്‍റെ മനസ്സലിഞ്ഞു. പക്ഷേ, ആ വ്യക്തിയെ സാമ്പത്തികമായി സഹായിക്കാന്‍ യാതൊന്നും സ്വന്തമായിട്ടില്ലാത്ത അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. വളരെയേറെ ദുരിതങ്ങളാൽ വലയുന്ന അയാള്‍ക്ക് എന്താണ് കൊടുക്കുക എന്ന് ആലോചിച്ച് വിഷമിച്ച അദ്ദേഹം പ്രാര്‍ത്ഥനയോടെ ചുറ്റും നോക്കി. അപ്പൊഴാണ് വെയിലത്ത് കളിച്ചുകൊണ്ടിരിക്കുന്ന ഒരു പല്ലി അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെട്ടത്.

അദ്ദേഹം ആ പല്ലിയെ തന്‍റെ കൈ നീട്ടി തലോടി. ആ വിശുദ്ധനായ സന്യാസിവര്യന്‍റെ കൈകള്‍ തൊട്ടതും അത് ഒരു സ്വര്‍ണ്ണപല്ലിയായി മാറി. തിളങ്ങുന്ന ആ പല്ലിയെ അദ്ദേഹം ആ മനുഷ്യന് നല്‍കികൊണ്ട് പറഞ്ഞു.

‘ഇതെടുത്ത് നഗരത്തിലേക്ക് പോകൂ. ഒരു പണയ കടയിൽ കൊണ്ടുപോയി ഇതിനെ പണയം വെച്ചാല്‍ നിന്‍റെ കഷ്ടപ്പാടുകള്‍ മാറാനുള്ള പണം കിട്ടും.’

ആ ദരിദ്രനായ വ്യക്തി സന്യാസി പറഞ്ഞതനുസരിച്ചു,  അയാള്‍ ആ പല്ലിയെ ഒരു പണയക്കടയില്‍ പണയമായി നല്‍കി. അവിടെ നിന്ന് കിട്ടിയ  പണം ഉപയോഗിച്ച് അയാള്‍ ഒരു കുറെ സ്ഥലം വാങ്ങി കൃഷിയിലേര്‍പ്പെട്ടു.  കാലക്രമേണ അയാളുടെ കൃഷി അഭിവൃദ്ധിപ്പെട്ടു. വലിയ കുറേ പാടങ്ങളും ഫാമുകളും അയാള്‍ക്ക് സ്വന്തമായി.

വര്‍ഷങ്ങൾക്ക് ശേഷം ഒരു വലിയ പണക്കാരനായി മാറിയ അയാള്‍ തന്‍റെ ഇപ്പൊഴത്തെ അവസ്ഥക്ക് കാരണക്കാരനായ് ആ വൃദ്ധസന്യാസിയെക്കുറിച്ചൊര്‍ത്തു.  ആ സ്വര്‍ണ്ണപ്പല്ലിയെ വീണ്ടെടുത്ത്  അതിന്‍റെ  യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകണമെന്ന് അദ്ദേഹം കരുതി. അങ്ങനെ അയാള്‍ ആ  പണയക്കടയിൽ നിന്ന് അവൻ അത് തിരികെ വാങ്ങി ആ സന്യാസിവര്യനെ അന്വേഷിച്ച് പുറപ്പെട്ടു.

ആദ്യം അയാള്‍ ആ സന്യാസിയെ കണ്ട അതേ സ്ഥലത്ത് അദ്ദേഹത്തെ അയാള്‍  കണ്ടെത്തി. അദ്ദേഹം വളരെയധികം പ്രായം ചെന്ന് ക്ഷീണിച്ചിരുന്നു.

‘പ്രിയ മഹര്‍ഷേ’ അയാള്‍ അദ്ദേഹത്തോട് പറഞ്ഞു . 'ഞാൻ ഈ സ്വര്‍ണ്ണപ്പല്ലിയെ അങ്ങേക്ക് തിരികെ നൽകുവാനായി വന്നതാണ്." 

എന്നാല്‍ സന്യാസിക്ക് അയാളെയൊ ആ സ്വര്‍ണ്ണപ്പല്ലിയെയൊ ഓര്‍മ്മയുണ്ടായിരുന്നില്ല. അയാളെ സഹായിച്ച നിമിഷം തന്നെ അദ്ദേഹം അത് മറന്നിരുന്നു.

"ഒരിക്കൽ നിങ്ങൾ എന്‍റെ കഷ്ടതകള്‍ മാറ്റുവാനായി എനിക്ക് ഇതിനെ തന്നു. ഇപ്പൊള്‍ അങ്ങയുടെ അനുഗ്രഹത്താല്‍ ഞാന്‍ വലിയ പണക്കാരനായി.   എനിക്ക് ഇനി ഇതിന്‍റെ ആവശ്യമില്ല. ഒരുപക്ഷേ അങ്ങേക്ക് ഇത് വഴി മറ്റൊരാളെ സഹായിക്കാനാകും. വളരെയധികം നന്ദി, ദൈവം അങ്ങയെ അനുഗ്രഹിക്കട്ടേ!." ആ സ്വര്‍ണ്ണപ്പല്ലിയെ മഹര്‍ഷിയുടെ കൈകളില്‍ ഏല്‍പ്പിച്ച് കൊണ്ട് അയാള്‍ പറഞ്ഞു.

അത്ഭുതമെന്ന് പറയട്ടെ, മഹര്‍ഷിയുടെ കൈകളിലെത്തിയതു ആ സ്വര്‍ണ്ണപ്പല്ലിയ്ക്ക് ജീവന്‍ വെച്ചു. അത് ഒരു സാധാരണ പല്ലിയായി മാറി. സന്യാസി അതിനെ അടുത്തുള്ള പാറക്കെട്ടില്‍ വെച്ചു. ആ പല്ലി പതുക്കെയ് പാറക്കെട്ടിനിടയിലേയ്ക്ക് ഓടിപ്പോയി.



Post a Comment

0 Comments