കൊച്ചി രാജ്യം ഭരിച്ചിരുന്ന രാജാക്കാന്‍മാരില്‍ ഏറ്റവും പേരുകേട്ട രാജാവായിരുന്നു ശക്തന്‍ തമ്പുരാന്‍ എന്ന പേരില്‍ നാട്ടുകാരുടെ പ്രിയപ്പെട്ട രാജാ രാമവര്‍മ്മ തമ്പുരാന്‍. നീതിനടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കാതിരുന്ന അദ്ദേഹം ശകതന്‍ തമ്പുരാന്‍ എന്ന്‍ പേരിന് തികച്ചും അര്‍ഹനായിരുന്നു. ശക്തന്‍ തമ്പുരാന്‍റെ ഒരു കഥയാണ് ഇന്നിവിടെ പറയുന്നത്.
ഒരിയ്ക്കല്‍ ഒരു നമ്പൂതിരി കുറെ പണവുമായി തൃപ്പൂണിത്തുറയില്‍ നിന്നും എറണാകുളത്തേയ്ക്ക് പുറപ്പെട്ടു. വഴിയില്‍ വെച്ച് കുറെ മാപ്പിളമാര്‍ അദ്ദേഹത്തെ ആക്രമിച്ച് കയ്യിലുള്ള പണമെല്ലാം തട്ടിയെടുത്തു. പണം നഷ്ടപ്പെട്ട പാവം നമ്പൂതിരി തിരികെ തൃപ്പൂണിത്തുറ രാജകൊട്ടാരത്തിലെത്തി വലിയ തമ്പുരാനെ കണ്ടു സങ്കടം ബോധിപ്പിച്ചു. നമ്പൂതിരിയുടെ പരാതി കേട്ട വലിയ തമ്പുരാന്‍ അദ്ദേഹത്തോട് പറഞ്ഞു.
"സൂക്ഷിച്ചു നടക്കേണ്ടതായിരുന്നു. അതിനിപ്പറഞ്ഞത് കൊണ്ട് പ്രയോജനമില്ലല്ലോ. ആട്ടെ, ഉണ്ണിയുടെ അടുക്കല്‍ വിവരമറിയിക്കൂ. എന്തെങ്കിലും നിവൃത്തിയുണ്ടാക്കും"
വലിയ തമ്പുരാന്‍ കല്‍പ്പിച്ചത് പോലെ നമ്പൂതിരി ശക്തന്‍ തമ്പുരാന്‍റെ അടുത്തെത്തി പരാതി ബോധിപ്പിച്ചു.
വിവരമെല്ലാം കേട്ട ശക്തന്‍ തമ്പുരാന്‍ ഉടനെ തന്നെ വലിയ തമ്പുരാന്റെ അടുത്തെത്തി കാര്യം ധരിപ്പിച്ചു.
"ഇത് വല്യ കഷ്ടമായിപ്പോയി. ഇനി മെലിലെങ്കിലും വഴിക്ക് ഇപ്രകാരമുള്ള ആക്രമങ്ങളും മറ്റും നടക്കാതിരിക്കാനുള്ള മാര്‍ഗമാലോചിക്കണം" വലിയ തമ്പുരാന്‍ പറഞ്ഞു
"അമ്മാവന്റെ തിരുവുള്ളമുണ്ടെങ്കില്‍ എന്തെങ്കിലും പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചു നോക്കാം" ശക്തന്‍ തമ്പുരാന്‍ പറഞ്ഞു.
"എന്നാല്‍ പിന്നെ ഉണ്ണി എറണാകുളത്ത് പോയി താമസിച്ച് വേണ്ടത് ചെയ്യുക. നമ്പൂതിരിക്ക് നഷ്ടപ്പെട്ട പണം ഇപ്പോള്‍ തന്നെ കൊടുത്തയച്ചേക്കാം." വലിയ തമ്പുരാന്‍ നിര്‍ദ്ദേശിച്ചു.
"വരട്ടെ. നമ്പൂ'തിരിയുടെ പണം ഇപ്പോള്‍ കൊടുത്തയക്കേണ്ട. ഞാന്‍ തിരികെ വന്നിട്ട് മതി. അത് വരെ അദ്ദേഹം ഇവിടെ താമസിക്കട്ടെ" ശക്തന്‍ തമ്പുരാന്‍ അറിയിച്ചു.
ശക്തന്‍ തമ്പുരാന്‍ അടുത്ത ദിവസം തന്നെ എറണാകുലത്തേക്ക് പുറപ്പെട്ട്. അവിടെയെത്തിയ ഉടന്‍ അദ്ദേഹം അവിടെ സമീപത്തുള്ള പള്ളികളിലേയ്ക്കെല്ലാം ഒരു കല്പ്പന അയച്ചു.
"സമീപത്ത് താമസിക്കുന്ന മാപ്പിളമാരെല്ലാം അടുത്ത ദിവസം രാവിലെ ഓരോ വലിയ കുടവും ഒരു മാറ് നീളവുമുള്ള ഓരോ കയറും കൊണ്ട് എറണാകുളത്ത് കായല്‍വക്കത്ത് എത്തിക്കൊള്ളണം"
രാജകല്‍പ്പനപ്രകാരം അഞ്ഞൂറോളം മാപ്പിളമാര്‍ അടുത്ത ദിവസം കുടവും കയറുമായി കായല്‍ക്കരയിലെത്തി.
ശക്തന്‍ തമ്പുരാന അവിടെയെത്തി അവരോട് ചോദിച്ചു.
"മൂന്നു നാല് ദിവസം മുന്‍പ് ഒരു നമ്പൂതിരിയുടെ പണം തട്ടിപ്പറിച്ചത് നിങ്ങളില്‍ ആരെല്ലാം കൂടിയാണ്? സത്യം പറയണം. കുറ്റം ഏറ്റ് പറയുന്ന പക്ഷം വലിയ ശിക്ഷ കൂടാതെ കഴിക്കാം. ശേഷമുള്ളവര്‍ക്ക് തിരികെപ്പോകുകയും ചെയ്യാം. അല്ലാത്ത പക്ഷം നിങ്ങള്‍ എല്ലാവരും വലിയ കഷ്ടത അനുഭവിക്കേണ്ടി വരും".
എന്നാല്‍ ആരും തന്നെ കുറ്റമേല്‍ക്കാന്‍ തയ്യാറായില്ല. ഉടനെ തമ്പുരാന്‍ ഭടന്‍മാരോട് കല്‍പ്പിച്ചു.
"ഇവരെയെല്ലാം ഉടനെ മനയ്ക്കല്‍ കൊണ്ടുപോയി ആക്കട്ടെ"
കല്‍പന പ്രകാരം ഭടന്മാര്‍ അവരെയെല്ലാം വഞ്ചികളില്‍ കയറ്റിക്കൊണ്ട് പോയി "കിഴവനച്ചാലില്‍" കൊണ്ടുപോയി താഴ്ത്തി. (മനയ്ക്കല്‍ എന്ന്‍ പറഞ്ഞിരുന്നത് കൊച്ചിക്കായലിലെ കിഴവനച്ചാല്‍ എന്നറിയപ്പെട്ടിരുന്ന കപ്പല്‍ച്ചാലിനെയാണ്)
തിരികെയെത്തിയ ശക്തന്‍ തമ്പുരാന്‍ ശേഷിക്കുന്ന മാപ്പിളമാരെല്ലാം അടുത്ത ദിവസം രാവിലെ കുടവും കയറുമായി ഹാജരാകണമെന്ന് വീണ്ടും കല്പ്പന പുറപ്പെടുവിച്ചു.
തൊട്ട് മുന്‍പ് കൂടവുമായിപ്പോയ മാപ്പിളമാരുടെ ഗതി അറിയുമായിരുന്ന മാപ്പിളമാര്‍ ഈ കല്പ്പന കേട്ടതോടെ പേടിച്ച് വിറച്ചു. അങ്ങിനെ എല്ലാ പള്ളികളില്‍ നിന്നും കുറെ പ്രമാണിമാരായ മാപ്പിളമാര്‍ കുറെ പനവുമായി തിരുമുമ്പുയില്‍ ചെന്നു മാപപേക്ഷിച്ചു. തങ്ങളുടെ അറിവോ സമ്മതമോ കൂടാതെയാണ് കുറെപ്പേര്‍ ഈ മോഷണങ്ങള്‍ നടത്തിയിരുന്നതെന്നും ഇനി മേലില്‍ അത്തരം ദുഷ്കൃത്യങ്ങള്‍ തങ്ങളുടെ കൂട്ടത്തില്‍ നിന്നാരും ചെയ്യില്ലെന്നും അവര്‍ അഭ്യര്‍ഥിച്ചു.
"ഇനി മേലില്‍ ഈ വക ശല്യങ്ങളൊന്നും നിങ്ങളുടെ ആളുകളില്‍ നിന്നുമുണ്ടാകില്ലെന്നുറപ്പുണ്ടെങ്കില്‍ നിങ്ങള്‍ ക്കു സമാധാനമായി പോകാം" ശക്തന്‍ തമ്പുരാന്‍ കല്‍പ്പിച്ചു.
അപ്പോള്‍ തന്നെ ശക്തന്‍ തമ്പുരാന്‍ തിരികെ തൃപ്പൂണിത്തുറയിലെത്തി. വലിയ തമ്പുരാനെ വിവരമറിയിച്ചു. മാപ്പിളമാര്‍ കൊടുത്ത പണം നമ്പൂതിരിക്ക് നല്കി. തനിക്ക് നഷ്ടപ്പെട്ടതില്‍ കൂടുതല്‍ പണം തിരികെ ലഭിച്ച നമ്പൂതിരി സന്തോഷത്തോടെ സ്വഗൃഹത്തിലേയ്ക്ക് മടങ്ങി.
ശക്തന്‍ തമ്പുരാന്‍റെ ഈ കടുത്ത നടപടിയോടെ വഴിയിലുള്ള പിടിച്ച്പറിയും മോഷണവും അവസാനിച്ചു.
ഐതിഹ്യമാലയില്‍ നിന്നെടുത്തതാണ് ഈ കഥ
0 Comments