ഈസോപ്പ് കഥകള്‍ - ആട്ടിന്‍ കുട്ടിയും ചെന്നായും


ഈസോപ്പ് കഥകളില്‍ നിന്നുമുള്ള ഒരു കഥയാണിത്.

കൂട്ടം തെറ്റി അലയുകയായിരുന്ന ആട്ടിൻ കുട്ടിയെ കണ്ട ചെന്നായ അതിനെ കൊന്നു തിന്നുവാൻ തീരുമാനിച്ചു.

എന്നാല്‍ കൊന്നുതിന്നുന്നതിന് എന്തെങ്കിലും ഒരു കാരണം വേണ്ടേ? 

അവൻ ആട്ടിൻ കുട്ടിയുടെ അടുത്തേക്ക് ചെന്നു പറഞ്ഞു "നില്‍ക്കവിടെ! കഴിഞ്ഞ വർഷം എന്നെ അപമാനിച്ചത് നീയല്ലേ? അങ്ങിനെയങ്ങ് രക്ഷപ്പെടാമെന്ന് കരുതിയോ?"

ആട്ടിൻ കുട്ടി ഇത് കേട്ട് അമ്പരന്നു പോയി. അവന്‍ പറഞ്ഞു. "ഞാൻ ജനിച്ചിട്ട് കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂ. പിന്നെ എങ്ങനെയാണ് ഞാന്‍ ചേട്ടനെ കഴിഞ്ഞ വര്‍ഷം അപമാനിക്കുന്നത്?"

ചെന്നായ് ഉടനെ വേറെ ഒരു കാരണം കണ്ടെത്തി. "ഈ കാണുന്നതെല്ലാം ഞാന്‍ ഇര പിടിക്കുന്ന മേച്ചില്‍പ്പുറങ്ങലാണ്. ഇവിടെയാണോ നീ മേഞ്ഞു നടക്കുന്നത്? എന്റെ സ്ഥലത്തെ പുല്ലു തിന്നാന്‍ നിനക്കെങ്ങിനെ ധൈര്യം വന്നു? "

"അയ്യയ്യോ! ഞാന്‍ ഇവിടെ നിന്നും പുല്ലു തിന്നിട്ടെയില്ല. ഞാന്‍ പുല്ല് തിന്നാന്‍ തുടങ്ങിയിട്ടില്ല " ആട്ടിൻ കുട്ടി പറഞ്ഞു

"പക്ഷേ, നീ വെള്ളം കുടിക്കുന്നത് ഞാന്‍ വെള്ളം കുടിക്കുന്ന പുഴയില്‍ നിന്നും അല്ലേ? നീയല്ലേ പുഴയിലെ വെള്ളം കലാക്കിയത്?" ചെന്നായ അടുത്ത ആരോപണം ഉന്നയിച്ചു.

"അത് ഞാനല്ല. ഞാന്‍ അമ്മയുടെ പാല്‍ മാത്രമാണ് കുടിക്കുന്നത് "ആട്ടിൻ കുട്ടി പറഞ്ഞു.
.
"എന്നാല്‍ പിന്നെ നിന്റെ ഏതെങ്കിലും മുത്തച്ചന്‍ ആയിരിക്കും ഇതൊക്കെ ചെയ്തത്. അതിനു ശിക്ഷയായി നിന്നെ ഞാന്‍ കൊന്നു തിന്നാന്‍ പോകുകയാണ്"
ഇതും പറഞ്ഞ് ചെന്നായ് ആ ആട്ടിന്‍ കുട്ടിയെ കൊന്നു തിന്നു.

 ദ്രോഹികൾക്ക് അവരുടെ ദുഷ്പ്രവൃത്തികള്‍ ന്യായീകരിക്കാന്‍ എപ്പോഴും എന്തെങ്കിലും ന്യായങ്ങളുണ്ടാവും

Post a Comment

0 Comments