Image courtesy: INDIA-ART BLOG |
"അണ്ണാറക്കണ്ണനും തന്നാലായത്" വളരെ പ്രസിദ്ധമായ ഒരു മലയാളം ചൊല്ലാണ്. ഈ ചൊല്ലിന് പിന്നില്‍ രാമായനത്തിലെ ഒരു സന്ദര്‍ഭമാണുള്ളത്.
രാമായണകഥ കൂട്ടുകാര്‍ക്കെല്ലാം അറിയാവുന്നതാണല്ലോ? ഇത് വരെ വായിച്ചിട്ടില്ലെങ്കില്‍ തീര്‍ച്ചയായും വായിച്ചിരിക്കണം. രാമായണവും മഹാഭാരതവും നമ്മള്‍ എന്തായാലും വായിച്ചിരിക്കേണ്ട രണ്ട് കൃതികളാണ്.
രാവണന്‍ അപഹരിച്ച സീതാദേവി ലങ്കയിലുണ്ടെന്ന് അറിഞ്ഞ് ശ്രീരാമന്‍ തന്‍റെ വാനരപ്പടയോടൊപ്പം വീണ്ടെടുക്കാന്‍ പുറപ്പെട്ടു. ലങ്കയിലെത്താന്‍ സമുദ്രം കടക്കണം. സമുദ്രത്തിലൂടെ ഒരു സേതു (പാലം) പണിതാല്‍ മാത്രമേ ശ്രീരാമനും സംഘത്തിനും ലങ്കയിലെത്താനാകൂ.
വിശ്വാമിത്രന്‍റെ പുത്രനായ നളനായിരുന്നു പാലം പണിയുടെ മേല്‍നോട്ടം. വാനരസേന കഠിനമായി അദ്ധ്വാനിച്ച് കൊണ്ടിരിക്കുകയാണ്‍. വലിയ പാറകളും, കല്ലുകളും, മണ്ണുമെല്ലാം ദൂരെ നിന്നും ചുമന്നെത്തിച്ച് കൊണ്ട് വാനരന്മാര്‍ തകൃതിയായി പാലം പണിയില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കെയാണ് ശ്രീരാമന്‍ ആ കാഴ്ച കണ്ടത്. ഒരു അണ്ണാറക്കണ്ണന്‍ (ചെറിയ അണ്ണാന്‍) സമുദ്രത്തിലെ വെള്ളത്തില്‍ വീണുരുണ്ട് അതിനു ശേഷം മണ്ണില്‍ വീണുരുളുന്നു. എന്നിട്ട്, നേരെ നടന്ന് ചെന്നു ചിറ കെട്ടുന്നിടത്ത് തന്‍റെ ദേഹത്തുള്ള മണ്ണ് കുടഞ്ഞിടുന്നു. വീണ്ടും വീണ്ടും ഇതേ പ്രവൃത്തി തന്നെ ചെയ്യുന്നു. തന്നെ കൊണ്ടാകുന്ന വിധത്തില്‍ ചിറ കെട്ടാന്‍ ആ അണ്ണാറക്കണ്ണനും ശ്രമിക്കുന്ന കാഴ്ച കണ്ട് ശ്രീരാമന്‍ അത്ഭുതപ്പെട്ട് പോയി. അദ്ദേഹം ആ അണ്ണാറക്കണ്ണനെ എടുത്തു വാത്സല്യത്തോടെ അതിന്‍റെ മുതുകില്‍ തലോടി.
ശ്രീരാമന്‍ മുതുകില്‍ തന്‍റെ മൂന്ന് വിരലുകള്‍ കൊണ്ട് തലോടിയ ആ വാത്സല്യത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ശെഷിപ്പാണത്രേ, അണ്ണാറക്കണ്ണന്‍റെ മുതുകത്തെ മനോഹരമായ മൂന്ന് വരകള്‍!
ഈ കഥ നമ്മെ പഠിപ്പിക്കുന്നത് അലസത കൂടാതെ നമുക്കാകുന്ന വിധത്തില്‍ കാര്യങ്ങള്‍ ചെയ്യണം, അതെത്ര ചെറുതായാലും.
0 Comments