ഒരിയ്ക്കല്‍ രണ്ട് കൂട്ടുകാര്‍ ഒരുമിച്ച് ഒരിടത്തേയ്ക്ക് യാത്ര പുറപ്പെട്ടു. ഓരോരോ വര്‍ത്തമാനങ്ങളും പറഞ്ഞ് അങ്ങിനെ നടക്കുമ്പോഴാണ് വഴിയില്‍ നല്ല പുതിയ ഒരു മഴു കിടക്കുന്നത് അവര്‍ കണ്ടത്. ഉടന്‍ തന്നെ ഒരുവന്‍ ചാടി ആ മഴു കയ്യിലാക്കി. എന്നിട്ട് പറഞ്ഞു.
അത് കേട്ട രണ്ടാമന്‍ ചോദിച്ചു.
"അതെന്താണ് നീ അങ്ങിനെ പറയുന്നത്? നിന്‍റെ മഴുവോ? നമുക്ക് രണ്ട് പേര്‍ക്കും കൂടിയല്ലേ മഴു കിട്ടിയത്. അപ്പോള്‍ നമുക്ക് രണ്ട് പേര്‍ക്കും അവകാശപ്പെട്ടതല്ലേ ഈ മഴു?"
"അതെങ്ങിനെ ശരിയാകും? ഞാനല്ലേ മഴു ആദ്യം കണ്ടതും, എടുത്തതും. അപ്പോള്‍ അതിന്‍റെ അവകാശിയും ഞാന്‍ തന്നെയല്ലേ?" ഒന്നാമന്‍ തിരിച്ച് ചോദിച്ചു.
രണ്ടാമന്‍ എത്ര പറഞ്ഞിട്ടും ഒന്നാമന്‍ അത് സമ്മതിച്ച് കൊടുത്തില്ല. മഴു തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് അയാള്‍ തറപ്പിച്ച് പറഞ്ഞു. രണ്ടാമന് അത് ഇഷ്ടപ്പെട്ടില്ലെങ്കിലും അയാള്‍ പിന്നെ തര്‍ക്കിക്കാന്‍ നിന്നില്ല. അങ്ങിനെ അവര്‍ യാത്ര തുടര്‍ന്നു.
അധിക ദൂരം ചെന്നില്ല, അതിന് മുന്പെ അവരുടെ പിന്നാലെ ഓടി എത്തിയ ഒരാള്‍ അവരെ തടഞ്ഞു നിര്‍ത്തി.
"എന്‍റെ മഴു എനിക്ക് തിരിച്ച് തരൂ!" അയാള്‍ ആവശ്യപ്പെട്ടു.
"നിങ്ങളുടെ മഴുവോ?" ഒന്നാമന്‍ ചോദിച്ചു.
"അതെ, എന്‍റെ മഴുവാണ് നിങ്ങളുടെ കയ്യിലിരിക്കുന്നത്. അതിങ്ങ് തിരിച്ച് തരണം." അയാള്‍ പറഞ്ഞു.
"ഇത് എനിക്ക് വഴിയില്‍ കിടന്ന് കിട്ടിയതാണ്. അതെങ്ങിനെ തനിക്ക് തരും" ഒന്നാമന്‍ മഴു തിരികെ കൊടുക്കാന്‍ തയ്യാറായില്ല.
"അതയാളുടേതാണെങ്കില്‍ തിരികെ കൊടുക്കാമായിരുന്നു." രണ്ടാമന്‍ പറഞ്ഞു.
"പിന്നേ, അയാളുടേതാണെന്ന് പറഞ്ഞാല്‍ തിരികെ കൊടുക്കാന്‍ മാത്രം മണ്ടനല്ല ഞാന്‍. നിനക്ക് കിട്ടാതിരുന്നതിലുള്ള കുശുമ്പ് കാരണമല്ലേ നീ അങ്ങിനെ പറഞ്ഞത്?" ഒന്നാമന്‍ പറഞ്ഞു.
വന്നയാള്‍ ഒന്നും പറയാതെ ഉടന്‍ തന്നെ തിരികെപ്പോയി.
രണ്ടാമന്‍ പിന്നീടൊന്നും പറഞ്ഞില്ല. കൂട്ടുകാര്‍ രണ്ട്പേരും യാത്ര തുടര്‍ന്നു.
കുറേ ദൂരം ചെന്നപ്പോഴാണ് അവരെ തേടി രണ്ട് ഭടന്മാര്‍ അവിടെയെത്തിയത്. മഴു നഷ്ടപ്പെട്ട ആളും അവരോടൊപ്പമുണ്ടായിരുന്നു.
"രണ്ട് പേരും ന്യായാധിപന്‍റെ അടുത്തെയ്ക്ക് വരണം. നിങ്ങളുടെ പേരില്‍ പരാതി കിട്ടിയിട്ടുണ്ട്" ഒരു ഭടന്‍ പറഞ്ഞു.
"അയ്യോ! ഇത് ഞങ്ങള്‍ മോഷ്ടിച്ചതൊന്നുമല്ല, ഞങ്ങള്‍ക്ക് കളഞ്ഞ് കിട്ടിയതാണ്. മാത്രവുമല്ല, ഞങ്ങള്‍ അത്യാവശ്യമായി ഒരിടം വരെ പോകുകയാണ്. ഇപ്പോള്‍ വരാന്‍ ബുദ്ധിമുട്ടാണ്." ഒന്നാമന്‍ പറഞ്ഞു
"അത് പറഞ്ഞാല്‍ പറ്റില്ല. ഇപ്പോള്‍ തന്നെ രണ്ട് പേരും ഞങ്ങളുടെ കൂടെ വന്നേ പറ്റൂ" ഭടന്മാര്‍ പറഞ്ഞു.
"അതിന് മഴു കളഞ്ഞ് കിട്ടിയതും കൈവശപ്പെടുത്തിയതും ഇയാളാണല്ലോ. എനിക്ക് ഇതില്‍ ഒരു കാര്യവുമില്ല. അതിയാളുടെ സ്വന്തമാണെന്ന് പറഞ്ഞത് ഇയാളാണ്. ഇപ്പോളെങ്ങനെയാണ് മഴു എന്‍റേതും കൂടിയാകുന്നത്? ഞാനെന്തിനാണ് അതിന് ഉത്തരവാദിയാകുന്നത്?" രണ്ടാമന്‍ ചോദിച്ചു.
മഴു നഷ്ടപ്പെട്ടയാളും അത് ശരിയാണെന്ന് സമ്മതിച്ചു. ഭടന്മാര്‍ രണ്ടാമനെ വെറുതെ വിട്ട് ഒന്നാമനെ പിടിച്ച് കൊണ്ട് പോയി. ഒന്നാമന്‍ തനിക്ക് കിട്ടിയ പണി ഓര്‍ത്ത് വിഷമത്തോടെ തല താഴ്ത്തി ഭടന്മാരോടൊപ്പം പോയി.
തനിക്ക് കിട്ടിയ നേട്ടത്തില്‍ കൂട്ടുകാരനെ പങ്ക് ചേര്‍ക്കാന്‍ തയ്യാറാകാത്ത ഒന്നാമന്‍ ഒരു കുഴപ്പം വന്നപ്പോള്‍ കൂട്ടുകാരനെയും കൂടെ കൂട്ടിയത് കൂട്ടുകാര്‍ ശ്രദ്ധിച്ചുവോ? സുഖത്തിലും ദു:ഖത്തിലും ഒരു പോലെ പങ്ക് ചേരേണ്ടവരാണ് നല്ല കൂട്ടുകാര്‍. നമ്മുടെ സുഖത്തില്‍ അവരെ പങ്ക് ചേര്‍ത്താലേ നമുക്കൊരു ബുദ്ധിമുട്ട് വരുമ്പോള്‍ അവര്‍ സഹായത്തിനെത്തൂ!
1 Comments
This is super story
ReplyDelete