ഇതിപ്പോള്‍ ഓഫറുടെ കാലമല്ലേ? ഒന്നു വാങ്ങിയാല്‍ വേറൊന്ന് സൌജന്യവിലയ്ക്ക്! ഈ ഷോപ്പിങ്ങ് മാളൊന്നുമില്ലാതിരുന്ന കാലത്ത്, നമ്മുടെ കേളുവാശാന്‍ ഇത് പോലൊരു സൌജന്യ പരിപാടി നടത്തി. ആ കഥയാണിന്ന് പറയുന്നത്.
കേളുവാശാന് നല്ല കറവയുള്ള ഒരു ആടുണ്ടായിരുന്നു. കേളുവാശാന്‍റെ ജീവനാണ് ആ ആട്. പാല്‍ വിറ്റ് കിട്ടുന്ന കാശ് കൊണ്ടാണ് അയാള്‍ നിത്യവൃത്തി കഴിച്ചിരുന്നത്. സാധാരണയായി കേളുവാശാന്‍ ആടിനെ കെട്ടിയിടാറില്ല. ആട് പാടത്തും പറമ്പിലും ചുറ്റിത്തിരിഞ്ഞ് അതിനാവശ്യമുള്ളതെല്ലാം കഴിച്ച് വയര്‍ നിറച്ച് സന്ധ്യയായാല്‍ കൂട്ടിനടുത്തെത്തും. അത് കൊണ്ട് കേളുവാശാന് പരമസുഖമായിരുന്നു.
എന്നാല്‍ ഒരു ദിവസം പതിവ് പോലെ മേയാന്‍ പോയ ആട് സന്ധ്യയായിട്ടും തിരിച്ചെത്തിയില്ല. കേളുവാശാന്‍ നാട് മുഴുവന്‍ തിരഞ്ഞ് നടന്നിട്ടും ആടിനെ കണ്ടെത്തിയില്ല. പാവം കേളുവാശാന്‍ ! ആകെ സങ്കടത്തിലായി.
പിറ്റേ ദിവസവും ആടിനെ കിട്ടാതായപ്പോള്‍ കേളുവാശാന്‍ ഒരു പ്രസ്താവന നടത്തി.
"എന്‍റെ ആടിനെ തിരികെ കിട്ടിയാല്‍ ഞാനതിനെ വിറ്റ് കിട്ടുന്ന കാശ് അമ്പലത്തിലേയ്ക്ക് സംഭാവന ചെയ്യും!"
കേളുവാശാന്‍റെ ഭാഗ്യമോ,ദൌര്‍ഭാഗ്യമോ, പിറ്റേ ദിവസം ആടിനെ തിരിച്ച് കിട്ടി. കേളുവാശാന്‍ ധര്‍മ്മസങ്കടത്തിലായി. ആടിനെ വിറ്റ് കിട്ടുന്ന കാശ് അമ്പലത്തിലേയ്ക്ക് സംഭാവന ചെയ്യുമെന്ന് നാട്ടുകാരുടെ മുന്പില്‍ വീമ്പിളക്കിയതല്ലേ?
നാട്ടുകാര്‍ കേളുവാശാന്‍ ആടിനെ വിറ്റ് പണം അമ്പലത്തിലേയ്ക്ക് സംഭാവന ചെയ്യുന്നതും കാത്തിരിപ്പാണ്. അവര്‍ അയാളോട് വാക്ക് പാലിക്കാന്‍ ആവശ്യപ്പെട്ടു.
ഇത്ര കറവയുള്ള ആടിനെ വിറ്റ് കാശ് അമ്പലത്തിലേയ്ക്ക് കൊടുക്കുന്ന കാര്യം കേളുവാശാന് ഓര്‍ക്കുവാന്‍ കൂടി വയ്യ! പക്ഷേ, നാട്ടുകാരുണ്ടോ വിടുന്നു?
ഒടുക്കം കേളുവാശാന്‍ ആടിനെയും കൊണ്ട് ചന്തയിലെത്തി. കൂടെ ഒരു പൂച്ചക്കുട്ടിയുമുണ്ടായിരുന്നു. കാഴ്ച കാണാന്‍ നിരവധി ആളുകള്‍ ചന്തയിലെത്തി.
കേളുവാശാന്‍ ഉറക്കെ വിളിച്ച് പറഞ്ഞു.
"നല്ല കറവയുള്ള ഈ ആട് വെറൂം പത്ത് രൂപയ്ക്ക്! വെറുതെ പറയുന്നതല്ല, ആര്‍ക്ക് വേണമെങ്കിലും വാങ്ങിക്കാം. പക്ഷേ, ആടിനെ വേണ്ടവര്‍ 600 രൂപ കൊടുത്ത് ആടിന്‍റെ കൂട്ടുകാരനായ ഈ പൂച്ചക്കുട്ടിയെ വാങ്ങിക്കണം!"
കേളുവാശാന്‍റെ പ്രഖ്യാപനം കേട്ട നാട്ടുകാര്‍ പറഞ്ഞു.
"ഇത് ശരിയല്ല! ചതിയാണ്!"
കേളുവാശാനുണ്ടൊ വല്ല കുലുക്കവും! അയാള്‍ ആടിനെ വിറ്റ് കിട്ടിയ പത്ത് രൂപ അമ്പലത്തിലേയ്ക് സംഭാവന ചെയ്തു. പൂച്ചക്കുട്ടിയെ വിറ്റ് കിട്ടിയ 600 രൂപ സ്വന്തം പോക്കറ്റിലുമിട്ടു.
സൌജന്യ വില്‍പനകളുടെ പരസ്യത്തില്‍ ശ്രദ്ധിച്ചിട്ടില്ലേ, "നിബന്ധനകള്‍ക്ക് വിധേയം" എന്നൊരു അടിക്കുറിപ്പ്! അതേ തന്ത്രം തന്നെയാണ് വലിയ ബിസിനസൊന്നും പഠിച്ചിട്ടില്ലാത്ത കേളുവാശാന്‍ പയറ്റിയത്.
0 Comments