മത്തായിയുടെ കുമ്പസാരം


അത്യാവശ്യം തരക്കേടില്ലാത്ത ഒരു പോക്കറ്റടിക്കാരനാണ് മത്തായി. വിവരം നാട്ടുകാര്‍ക്കെല്ലാം അറിയാം. അതു കൊണ്ട് തന്നെ മത്തായി പരിസരത്തുണ്ടെങ്കില്‍ എല്ലാവരും സ്വന്തം പോക്കറ്റ് പ്രത്യേകം ശ്രദ്ധിക്കും.

പുതുതായി ആ ഇടവകയിലെ പള്ളിയിലെത്തിയ  അച്ചനും മറ്റുള്ളവരില്‍ നിന്നും മത്തായിയെക്കുറിച്ചറിഞ്ഞു. എന്നാല്‍ പിന്നെ മത്തായിയെ ഒന്നു കുമ്പസാരിപ്പിച്ച് ഉപദേശിച്ച് നന്നാക്കിയാലോ എന്ന് അച്ചനും തോന്നിയത് സ്വാഭാവികം മാത്രം!

അച്ചന്‍ വിളിപ്പിച്ചതും മത്തായി പള്ളിയിലെത്തി. വിനീത വിധേയനായി നില്‍ക്കുന്ന മത്തായിയെക്കണ്ട് ഇയാളൊരു കള്ളനാണൊ എന്ന് അച്ചന് സംശയം തോന്നി. അച്ചന്‍ പറഞ്ഞതനുസരിച്ച് മത്തായി തന്‍റെ കുറ്റങ്ങള്‍ ഏറ്റ് പറഞ്ഞ് നന്നായിയൊന്ന് കുമ്പസാരിച്ചു.

കുമ്പസാരം കഴിഞ്ഞ് അച്ചന്‍ അന്യന്‍റെ മുതല്‍ മോഷ്ടിക്കുന്നത് പാപമാണെന്നും ഇനി അങ്ങനെ ചെയ്യരുതെന്നും മത്തായിയെ ഉപദേശിച്ചു. അച്ചന്‍ പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ട് നിന്ന മത്തായി ഒടുവില്‍ ചോദിച്ചു.

"അല്ലച്ചോ, നമ്മള്‍ ആരുടെ കയ്യില്‍ നിന്നെങ്കിലും കുറച്ച് പണമെടുത്താല്‍ അത് തെറ്റാകുമോ?"

"അതെന്ത് ചോദ്യമാ മത്തായീ? അയാളുടെ സമ്മതമില്ലാതെ എടുത്താല്‍ അത് മോഷണമല്ലേ?" അച്ചന്‍ തിരിച്ച് ചോദിച്ചു.

"അച്ചോ ഞാനൊരാളുടെ കുറച്ച് പണം മോഷ്ടിച്ചിട്ടുണ്ട്!" മത്തായി പറഞ്ഞു.

"എങ്കില്‍ അതയാള്‍ക്ക് തിരിച്ച് കൊടുത്തേക്ക്"

"ഞാനത് അച്ചന് തരാം"

"അതെനിക്ക് വേണ്ട മത്തായീ. അത് ശരിയാവില്ല"

"അല്ലച്ചൊ, അച്ചനിത് സ്വീകരിക്കണം!"

"എനിക്കതെടുക്കാന്‍ പറ്റുകേല മത്തായീ"

"എന്‍റെ പൊന്നച്ചോ, ഞാനത് തിരിച്ച് കൊടുത്താല്‍ ഉടമസ്ഥന്‍ വേണ്ടെന്ന് പറഞ്ഞാല്‍ ഞാനെന്താണ് ചെയ്യുക?"

"അയാള്‍ നിരസിക്കുകയാണെങ്കില്‍ അത് നിനക്കെടുക്കാം. അത് തെറ്റല്ല"

മത്തായി അച്ചനോട് യാത്ര പറഞ്ഞ് വീട്ടിലേയ്ക്ക് പോയി. വീട്ടിലെത്തിയതും ഭാര്യ വിശേഷങ്ങള്‍ അറിയാനായി എത്തി.

മത്തായി തന്‍റെ പോക്കറ്റില്‍ നിന്നും കുറച്ച് പണമെടുത്ത് ഭാര്യയ്ക്ക് നല്‍കി. 

"കുമ്പസാരിക്കാന്‍ പോയ നിങ്ങള്‍ വീണ്ടും ആരുടെയോ പണം മോഷ്ടിച്ച് വന്നിരിക്കുന്നൊ? കഷ്ടം!" ഭാര്യ പറഞ്ഞു

"ഇത് ഞാന്‍ മോഷ്ടിച്ചതൊന്നുമല്ല. ഞാന്‍ നമ്മുടെ അച്ചന്‍റെ പോക്കറ്റില്‍ നിന്നെടുത്തതാ. അപ്പോള്‍ തന്നെ ഞാനത് അച്ചന് തിരികെ കൊടുത്തു. പക്ഷേ അച്ചന്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല, നമ്മളെടുത്ത പണം ഉടമസ്ഥന്‍ വേണ്ടെന്ന് പറഞ്ഞാല്‍ അത് നമ്മുടേതാണെന്നും അതില്‍ യാതൊരു തെറ്റുമില്ലെന്നും അച്ചന്‍ തന്നെ എന്നോട് പറയുകയും ചെയ്തു!"

മത്തായിയുടെ വാക്കുകള്‍ കേട്ട് കഥയൊന്നുമറിയാത്ത ഭാര്യ അമ്പരന്ന് നിന്നു പോയി!


Post a Comment

0 Comments