കുഞ്ചന്‍ നമ്പ്യാരും നമ്പിയും!

കുഞ്ചന്‍ നമ്പ്യാര്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‍റെ ആശ്രിതനായി കഴിയുന്ന കാലത്ത് നടന്ന ഒരു കഥയാണ്.

ഒരു ദിവസം നമ്പ്യാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ചെന്നു. അവിടത്തെ ശാന്തിക്കാരന്‍ "നമ്പി" എന്ന് പേരുള്ള ഒരാളായിരുന്നു. കുഞ്ചന്‍ നമ്പ്യാരെകണ്ട് നമ്പി അദ്ദേഹം ആരാണെന്ന് ചോദിച്ചു.

താനാരാണെന്നുള്ള നമ്പിയുടെ ചോദ്യത്തിന്‍റെ ശൈലി നമ്പ്യാര്‍ക്ക് അത്ര രസിച്ചില്ല.

"നമ്പിയാര്!" എന്ന് കുഞ്ചന്‍ നമ്പ്യാര്‍ മറുപടിയും പറഞ്ഞു. 

ഇത് കേട്ട നമ്പി അത് ചോദിക്കാന്‍ "നമ്പി ആരാണ്?" എന്നാണ് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞത് എന്ന് ധരിച്ച് കോപിഷ്ടനായി. നമ്പി ഉടന്‍ തന്നെ കുഞ്ചന്‍ നമ്പ്യാര്‍ തന്നോട് ധിക്കാരം പറഞ്ഞു എന്ന് മഹാരാജാവിന്‍റെ അടുക്കല്‍ പരാതി പറഞ്ഞു. 

മഹാരാജാവ് കുഞ്ചന്‍ നമ്പ്യാരെ വിളിച്ച് കാരണമന്വേഷിച്ചു. 

കുഞ്ചന്‍ നമ്പ്യാര്‍ നടന്ന സംഭവം ഇപ്രകാരം ഒരു ശ്ലോകത്തിലൂടെ രാജാവിനെ ധരിപ്പിച്ചു.

"നമ്പി ആരെന്ന് ചോദിച്ചു

നമ്പ്യാരെന്ന് ചൊല്ലിനേന്‍,

നമ്പി, കേട്ടഥ കോപിച്ചു,

തമ്പുരാനേ, പൊറുക്കണം!"

"നമ്പി എന്നോട് ഞാന്‍ ആരാണെന്ന് ചോദിച്ചു. താന്‍ നമ്പ്യാരാണെന്ന് മറുപടിയും നല്‍കി. താന്‍ പറഞ്ഞത് തെറ്റിദ്ധരിച്ച നമ്പി തന്നോട് കോപിച്ചു. ഇതാണുണ്ടായത്. അത് കൊണ്ട് മഹാരാജാവ് എന്നോട് ക്ഷമിക്കണം" 

ഇതാണ് നമ്പ്യാര്‍ രസകരമായൊരു ശ്ലോകത്തിലൂടെ തിരുമുന്പില്‍ ഉണര്‍ത്തിച്ചത്.

നമ്പി എന്ന വാക്ക് വളരെ രസകരമായി ഉപയോഗിച്ച നമ്പ്യാരുടെ വിശദീകരണം രാജാവിന് വളരെയധികം ഇഷ്ടപ്പെട്ടു എന്ന് പറയേണ്ടതില്ലല്ലോ?




പ്രശസ്തരുടെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments