മലയാളത്തിലെ പ്രശസ്തരായ രണ്ട് കവികളായിരുന്നു കുഞ്ചൻ നമ്പ്യാരും, ഉണ്ണായിവാര്യരും. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനാണ് കുഞ്ചൻ നമ്പ്യാർ. നളചരിതം ആട്ടക്കഥയിലൂടെ കേരളഭാഷാസാഹിത്യത്തിൽ അനശ്വര പ്രതിഷ്ഠ നേടിയ വ്യക്തിയാണ് ഉണ്ണായിവാര്യർ. ഈ രണ്ട് പേരുമായും ബന്ധപ്പെട്ട ഒരു കഥയാണിത്.
മാർത്താണ്ഡ വർമയുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്ത കവികൾ ആയിരുന്നു കുഞ്ചൻ നമ്പ്യാർ, രാമപുരത്തുവാര്യർ, ഉണ്ണായി വാര്യർ എന്നിവര്‍.
ഒരിയ്ക്കല്‍ ഒരേ അമ്പലക്കുളത്തില്‍ കുളി കഴിഞ്ഞെത്തിയ കുഞ്ചന്‍ നമ്പ്യാരോടും ഉണ്ണായി വാര്യരോടുമായി മാർത്താണ്ഡ വർമ മഹാരാജാവ് ഒരേ ചോദ്യം ചോദിച്ചു.
"എവിടെയായിരുന്നു ഇന്നത്തെ കുളി?"
"കരി കലക്കിയ കുളത്തിലായിരുന്നു അടിയന്‍ കുളിച്ചത്, മഹാരാജന്‍!" ഉണ്ണായി വാര്യര്‍ മറുപടി പറഞ്ഞു.
"അപ്പോള്‍ നമ്പ്യാരോ?" മഹാരാജാവ് ചോദിച്ചു.
"ഓ! അടിയന്‍ കളഭം കലക്കിയ കുളത്തിലായിരുന്നു കുളിച്ചത്!" കുഞ്ചന്‍ നമ്പ്യാര്‍ മടിക്കാതെ അറിയിച്ചു.
രണ്ടുപേരുടെയും തമാശയും പാണ്ഡിത്യവും കലര്‍ന്ന മറുപടി മഹാരാജാവിന് വളരെ ഇഷ്ടപ്പെട്ടു.
കൂട്ടൂകാര്‍ ആശയക്കുഴപ്പത്തിലായോ? കളഭം കലക്കിയ കുളത്തിലുള്ള കുളി വലിയ കുഴപ്പമില്ല അല്ലേ? പക്ഷേ, കരി കലക്കിയ കുളത്തില്‍!
രണ്ട് മഹാന്മാരും കുളിച്ചത് ഒരേ കുളത്തില്‍ തന്നെ. പിന്നെ എന്താണ് അവര്‍ പറഞ്ഞതിന്‍റെ സാരം? ഒരേ അര്‍ത്ഥം തന്നെ!
കരി, കളഭം ഇവ രണ്ടും ആനയുടെ പര്യായ പദങ്ങളാണ്. ആന ഇറങ്ങിയ കുളത്തിലാണ് രണ്ടാളും കുളിച്ചതെന്ന് സാരം.
ഈ കഥ ഓര്‍ത്തിരുന്നാല്‍ പിന്നെ ഒരു പരീക്ഷയ്ക്കും ആനയുടെ പര്യായ പദമെഴുതാന്‍ ബുദ്ധിമുട്ടുണ്ടാകില്ല കേട്ടോ!
0 Comments