കൈപ്പിഴ വന്നതുകൊണ്ടുള്ള ഗ്രഹപ്പിഴ!


ഇന്നത്തെ അമ്പലപ്പുഴയും അതിനോടുചേന്ന പ്രദേശങ്ങളും പഴയ ചെമ്പകശ്ശേരി രാജ്യത്ത് ഉള്‍പ്പെട്ടവയായിരുന്നു. ദേവനാരായണന്‍ എന്നു്‌ സ്ഥാനപ്പേരുള്ള ഒരു നമ്പൂതിരിയായിരുന്നു ഈ രാജ്യത്തിന്‍റെ സ്ഥാപകന്‍.  കുഞ്ചൻ നമ്പ്യാർ ദേവനാരായണസ്വാമിയുടെ ആശ്രിതനായി കുറച്ച് കാലം കഴിഞ്ഞിട്ടുണ്ട്. രാജാവിന്‍റെ ഉപദേഷടാവായിരുന്ന ഒരു നമ്പൂതിരിയായിരുന്നു കൈപ്പിഴ നമ്പൂതിരി. കൈപ്പിഴ എന്നത് അദ്ദേഹത്തിന്‍റെ കുടുംബപ്പേരാണ്.

തനിയ്ക്ക് വളരെ വേണ്ടപ്പെട്ടയാളായിരുന്ന കൈപ്പിഴയുടെ വാക്ക് രാജാവ് ഒരിക്കലും തള്ളാറില്ലായിരുന്നു.  അതുകൊണ്ട് തന്നെ അത്യാവശ്യം അഹങ്കാരവും, കുനുഷ്ടും കൈമുതലായുള്ള ഒരാളായിരുന്നു കൈപ്പിഴ നമ്പൂതിരി. കൊട്ടാരത്തില്‍ ലഭിക്കുന്ന 'കാഴ്ച വസ്തുക്കള്‍' കൈപ്പിഴ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ട് പോകും. കൊട്ടാരത്തിലെ മറ്റ് സേവകര്‍ക്ക് അദ്ദേഹം ഒരു ശല്യമായിരുന്നു.

രാജാവിന് കുഞ്ചന്‍ നമ്പ്യാരോടുള്ള പ്രത്യേക താത്പര്യം കൈപ്പിഴ നമ്പൂതിരിക്ക് തീരെ രസിച്ചിരുന്നില്ല. തരം കിട്ടുമ്പോഴെല്ലാം ചെറിയ തോതില്‍ നമ്പ്യാരെപറ്റി ഏഷണി പറയാന്‍ കൈപ്പിഴയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ഇതറിയുന്ന നമ്പ്യാരാണെങ്കില്‍ കൈപ്പിഴയ്ക്ക് ഒരു പണി കൊടുക്കണമെന്ന് മനസ്സിലുറപ്പിച്ചു.

ഒരു ദിവസം മഹാരാജാവും കൈപ്പിഴ നമ്പൂതിരിയും കൂടി നടന്ന് വരുമ്പോള്‍ കുഞ്ചന്‍ നമ്പ്യാര്‍ എതിരെ ഒരു തളികയില്‍ മധുര പലഹാരങ്ങളുമായി നടന്നു ചെന്നു. രാജാവ് അടുത്തെത്തിയതും നമ്പ്യാര്‍ തന്‍റെ കയ്യിലിരുന്ന പാത്രം താഴെയിട്ടു. 

ഇത് കണ്ട് രാജാവ് നമ്പ്യാരോട് ചോദിച്ചു.

"ഇതെന്താണ് നമ്പ്യാരേ, പാത്രം താഴെയിട്ടത്?"

"തിരുമനസ്സേ, അടിയനോട് പൊറുക്കണം. അതു കൈപ്പിഴ വന്നത് കൊണ്ടുള്ള ഗ്രഹപ്പിഴയാണ്!"

നമ്പ്യാര്‍ വിനയത്തോടെ മറുപടി പറഞ്ഞു. നമ്പ്യാര്‍ കൈപ്പിഴ നമ്പൂതിരിയ്ക്കിട്ട് ഒരു കൊട്ട് കൊട്ടിയതാണെന്ന് രാജാവിന് മനസ്സിലായി. രാജാവ് പൊട്ടിച്ചിരിച്ചു. കൈപ്പിഴ നമ്പൂതിരിയുടെ കാര്യം പ്രത്യേകം പറയണ്ടല്ലോ? കിട്ടേണ്ടത് കിട്ടിയപ്പോള്‍ കൈപ്പിഴ നമ്പൂതിരി തന്‍റെ തരികിട നിര്‍ത്തിയെന്നാണ് പറയപ്പെടുന്നത്.

"കൈപ്പിഴ" എന്നാല്‍ കൈയബദ്ധം എന്നര്‍ത്ഥമുണ്ട്. "ഗ്രഹപ്പിഴ" എന്നാല്‍ കഷ്ടകാലം. 

പ്രശസ്തരുടെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments