രസകരമായ ഈ വരികള്‍ കുഞ്ചന്‍ നമ്പ്യാരുടേതാണ്. അതിനിടയാക്കിയ സംഭവമാണിവിടെ വിവരിക്കുന്നത്.
ഒരിയ്ക്കല്‍ കാര്‍ത്തിക തിരുനാള്‍ മഹാരാജാവ് സര്‍വ്വലക്ഷണങ്ങളുമൊത്ത ഒരു ദീപസ്തംഭം പണികഴിപ്പിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ദീപസ്തംഭം സമര്‍പ്പണച്ചടങ്ങില്‍ പങ്ക് കൊള്ളാനെത്തിയ കവികളോടും പണ്ഡിതന്മാരോടും ദീപസ്തംഭത്തെ വര്‍ണ്ണിക്കാന്‍ രാജാവ് ആവശ്യപ്പെട്ടു.
രാജാവിനെ പ്രീതിപ്പെടുത്തി സമ്മാനങ്ങള്‍ കരസ്ഥമാക്കാന്‍ കവികളെല്ലാം പരസ്പരം മത്സരിച്ചു. ദീപസ്തംഭത്തെയും, മഹാരാജാവിനെയും പലതരത്തില്‍ വര്‍ണ്ണിച്ച് അവര്‍ കാവ്യങ്ങള്‍ അവതരിപ്പിച്ചു. എല്ലാം കേട്ട് ആസ്വദിച്ച മഹാരാജാവ് അവര്‍ക്കെല്ലാം സമ്മാനങ്ങളും നല്‍കി.
ഇതെല്ലാം കണ്ട് കൊണ്ട് നില്‍ക്കുകയായിരുന്ന കുഞ്ചന്‍ നമ്പ്യാരോട് മഹാരാജാവ് ചോദിച്ചു.
"എന്താ നമ്പ്യാരേ, താങ്കള്‍ക്കൊന്നും പറയാനില്ലേ?"
ഉടന്‍ വന്നു നമ്പ്യാരുടെ വക ഒരു ശ്ലോകം
"ദീപസ്തംഭം മഹാശ്ചര്യം!
നമുക്കും കിട്ടണം പണം!
ഇത്യര്‍ഥമേഷാം ശ്ലോകാനാ-
മല്ലാതൊന്നും ന വിദ്യതേ!"
"ദീപസ്തംഭം വളരെ ഭംഗിയായിട്ടുണ്ട്! എനിക്കും വേണം രാജാവിന്‍റെ സമ്മാനം. (മറ്റുള്ളവരെപ്പോലെ ഞാനും നന്നായിട്ടുണ്ടെന്ന് പറഞ്ഞല്ലോ). ഈ പറയുന്ന ശ്ലോകങ്ങളെല്ലാം ആ സമ്മാനം പ്രതീക്ഷിച്ച് കെട്ടിയുണ്ടാക്കിയതാണ്, അല്ലാതെ പ്രത്യേകിച്ച് പാണ്ഡിത്യമുള്ളതൊന്നുമല്ല" ഇതായിരുന്നു നമ്പ്യാര്‍ പറഞ്ഞതിന്‍റെ ചുരുക്കം.
മഹാരജാവിന്‍റെ കയ്യില്‍ നിന്നും സമ്മാനം ലഭിക്കാന്‍ വേണ്ടിയുള്ള മുഖസ്തുതിക്കാരുടെ വാഴ്ത്ത്പാട്ടുകളെ കളിയാക്കിയുള്ള നമ്പ്യാരുടെ വരികള്‍ രാജാവിന് വളരെ ബോധിച്ചു.
0 Comments