സ്യമന്തകമണിയുടെ കഥ - ശ്രീകൃഷ്ണകഥകള്‍



സൂര്യഭഗവാന്‍റെ വലിയ ഭക്തനായിരുന്നു സത്രാജിത്ത്. സത്രാജിന്റെ ഭക്തിയില്‍ സംതൃപ്തനായ സൂര്യദേവന്‍ അദ്ദേഹത്തിന് വളരെ വിശേഷപ്പെട്ട സ്യമന്തകം എന്ന മഹനീയ രത്നം സമ്മാനിച്ചു. സ്യമന്തകമണിയുടെ സഹായത്താല്‍ സത്രാജിത്ത് അതിസമ്പന്നനായി.

ശ്രീകൃഷ്ണന്‍  ഇത്രയും വിശേഷപ്പെട്ട സ്യമന്തകരത്നം രാജാവിന്‍റെ അടുത്താണ് സൂക്ഷിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ സത്രാജിത്ത് രത്നം മറ്റാര്‍ക്കും നല്കാന്‍ തയ്യാറായിരുന്നില്ല.

ഒരു ദിവസം സത്രാജിത്തിന്‍റെ സഹോദരന്‍ പ്രസേനന്‍ സ്യമന്തകരത്നം ധരിച്ചു വനത്തില്‍ നായാട്ടിന് പുറപ്പെട്ടു. വെട്ടിത്തിളങ്ങുന്ന സ്യമന്തകമണിയില്‍ ആകൃഷ്ടടനായ ഒരു സിംഹം പ്രസേനനെ ആക്രമിച്ച് കൊലപ്പെടുത്തി. സ്യമന്തക രത്നം സിംഹത്തിന്‍റെ വായില്‍ കണ്ട് ജാംബവാന്‍ സിംഹത്തെ വകവരുത്തി രത്നം കരസ്ഥമാക്കി. (രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമാണ് കരടികളുടെ നേതാവായ ചിരജ്ഞീവിയായ ജാംബവാന്‍. ജാംബവാന്‍ ഒരു വാനരനാണെന്നും അഭിപ്രായമുണ്ട്). ജാംബവാന്‍ തന്‍റെ പുത്രന്‍റെ തൊട്ടിലിനു മുകളില്‍ സ്യമന്തക രത്നം കെട്ടിയിട്ടു.

ഇതിനിടയില്‍ നായാട്ടിനുപോയ പ്രസേനന്‍ തിരിച്ച് വരാതിരുന്നതില്‍ അദ്ദേഹത്തിന്‍റെ കുടുംബം പരിഭ്രാന്തരായി. ദ്വാരകയില്‍ ആകെ കൃഷ്ണന്‍ പ്രസേനനെ വധിച്ച് സ്യമന്തകരത്നം കൈക്കലാക്കിയെന്ന് ഒരു കിംവദന്തി പരന്നു. ഇത്തരം ഒരപവാദത്തില്‍ നിന്നും  ഒഴിവാകേണ്ടത് തന്‍റെ ഉത്തരവാദിത്തമാണെന്ന് ഉത്തമ ബോധ്യം വന്ന കൃഷ്ണന്‍ പ്രസേനനെ തിരഞ്ഞ് പുറപ്പെട്ടു. കാട്ടിലെത്തിയ കൃഷ്ണന്‍ പ്രസേനന്‍റെ മൃതദേഹം കണ്ട് അദ്ദേഹത്തെ സിംഹം കൊലപ്പെടുത്തിയതാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് സിംഹത്തിന്‍റെ ജഢം കണ്ടെത്തുന്ന കൃഷ്ണന്‍ സ്യമന്തകരത്നവും തേടി ജാംബവാന്‍റെ ഗുഹയിലെത്തി. ജാംബവാന്‍റെ പുത്രന്‍ കിടക്കുന്ന തൊട്ടിലിനു മുകളില്‍ കൃഷണന്‍ സ്യമന്തക രത്നം കണ്ടെത്തി. 

അപരിചിതനായ കൃഷ്ണനെ കണ്ട് കുട്ടിയുടെ ആയ ഭയന്ന് ഉറക്കെ കരഞ്ഞു. കരച്ചില്‍ കേട്ട് ഓടിയെത്തിയ ജാംബവാന്‍ കൃഷ്നനെ ആക്രമിച്ചു. ഇരുപത്തെട്ട് ദിവസത്തോളം നീണ്ടു നിന്ന ആ മല്‍പ്പിടുത്തത്തിനൊടുവില്‍ ക്ഷീണിതനായ ജാംബവാന്‍ കൃഷ്ണഭഗവാനെ തിരിച്ചറിഞ്ഞ് ആദരപൂര്‍വ്വം തോല്‍വി സമ്മതിക്കുകയും സ്യമന്തകരത്നം സസന്തോഷം അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു.  മാത്രമല്ല തന്‍റെ പുത്രിയായ ജാംബവതിയെ കൃഷ്ണന് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു.

കൃഷ്ണന്‍റെ അഭാവത്തില്‍ ദു:ഖിതരായിരുന്ന ദ്വാരകാവാസികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് സ്യമന്തകരത്നവും ജാംബവതിയുമായി തിരിച്ചെത്തിയ കൃഷ്ണന്‍ സത്രാജിത്തിനെ വിളിച്ച് സ്യമന്തകരത്നം തിരിച്ചേല്‍പ്പിച്ചു. കൃഷ്ണനെ തെറ്റിദ്ധരിച്കതില്‍ ഖേദിച്ച് സത്രാജിത്ത് സ്യമന്തക രത്നം അദ്ദേഹത്തിന് സമ്മാനിച്ചുവെങ്കിലും, കൃഷ്ണന്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ല. സത്രാജിത്ത് തന്‍റെ പുത്രിയായ സത്യഭാമയെ കൃഷ്ണന് വിവാഹം ചെയ്ത് കൊടുത്തു.

Image by Nikhil Mishra from Pixabay

Post a Comment

0 Comments