അങ്ങിനെയിരിക്കെ ഒരു ദിവസം ഒരു വേടന്‍ ആ വഴി വന്നു. പൈങ്കിളിയുടെ പാട്ട് കേട്ട വേടന്‍ അതിനെ വല വെച്ച് പിടിക്കാന്‍ തീരുമാനിച്ചു. ഇങ്ങിനെയൊരു കിളിയ്ക്ക് ചന്തയില്‍ നല്ല വില കിട്ടുമെന്ന് അയാള്‍ക്കറിയാമായിരുന്നു.
താമസിയാതെ വേടന്‍ വെച്ച വലയില്‍ പാവം പൈങ്കിളി കുടുങ്ങിപ്പോയി. അയാള്‍ അതിനെ നല്ല വിലയ്ക്ക് വിറ്റു. അങ്ങിനെ പൈങ്കിളി ഒരു പണക്കാരന്‍റെ വീട്ടിലെ കൂട്ടിലായി. വീട്ടുകാര്‍ കിളിയ്ക്ക് നല്ല പാലും പഴവും കൊടുത്തിരുന്നു. എന്ത് തന്നെ ലഭിച്ചാലും കാട്ടില്‍ സ്വതന്ത്രമായി വിലസിയിരുന്ന കിളിയ്ക്ക് കൂട്ടിലെ ജീവിതം അസഹനീയമായി തോന്നുമല്ലൊ?
നന്നായി പാട്ട് പാടിയിരുന്നത് കൊണ്ടാണ് താന്‍ ഇങ്ങിനെ ഒരു അപകടത്തില്‍ പെട്ടത് എന്ന് മനസ്സിലാക്കിയ ആ കിളി ഇനി താന്‍ പാട്ട് പാടില്ലെന്ന് നിശ്ചയിച്ചു. അതിന് ശേഷം പൈങ്കിളി രാത്രി മാത്രം പാടാന്‍ തുടങ്ങി.
പൈങ്കിളിയുടെ രാത്രിയിലുള്ള പാട്ട് കേട്ട ഒരു വവ്വാല്‍ കിളിക്കൂടിനടുത്തെത്തി. വവ്വാല്‍ പൈങ്കിളിയോട് ചോദിച്ചു.
"നീ വളരെ നന്നായി പാടുന്നുണ്ടല്ലോ? എന്നിട്ടെന്താണ് നീ ഈ രാത്രിയില്‍ പാടുന്നത്. പകല്‍ പാടിയാല്‍ കൂടുതല്‍ പേര്‍ക്ക് കേട്ട് ആസ്വദിക്കാമല്ലോ?"
ഇത് കേട്ട് പൈങ്കിളി പറഞ്ഞു.
"സുഹൃത്തേ, ഞാന്‍ പകല്‍ മുഴുവന്‍ പാട്ട് പാടി നടന്നിരുന്നതാണ്. ആ പാട്ട് ഒരു വേടന്‍ കേട്ടത് കൊണ്ടാണ് ഞാനീ കൂട്ടിലായത്. അത് കൊണ്ട് ഇനി മുതല്‍ ഞാന്‍ രാത്രി മാത്രമേ പാടൂ. അല്ലെങ്കില്‍ ഞാനിനിയും അപകടത്തില്‍ പെടും"
പൈങ്കിളിയുടെ മറുപടി കേട്ട വവ്വാല്‍ തിരിച്ച് ചോദിച്ചു.
"അല്ല കൂട്ടുകാരാ, നീ കാട്ടിലായിരുന്നപ്പോള്‍ രാത്രിയാണ് പാടിയിരുന്നതെങ്കില്‍ ഈ അപകടത്തില്‍ പെടില്ലായിരുന്നു. പക്ഷേ, ഇപ്പോള്‍ ഈ കൂട്ടില്‍ കിടക്കുന്ന നീ രാത്രിയില്‍ പാടിയാലും പകല്‍ പാടിയാലും എന്ത് വ്യത്യാസമാണ് വരാന്‍ പോകുന്നത്? ഈ മുന്‍കരുതല്‍ നീ ഇപ്പോള്‍ എടുത്തിട്ട് എന്താണ് പ്രയോജനം"
വവ്വാല്‍ പറഞ്ഞത് കേട്ടപ്പോഴാണ് പൈങ്കിളി താന്‍ എടുത്ത തീരുമാനത്തിന്‍റെ അര്‍ത്ഥശൂന്യതയെ കുറിച്ച് ആലോചിച്ചത്.
അപകടത്തില്‍ അകപ്പെട്ട ശേഷം സ്വയം പഴിച്ചിട്ട് പ്രയോജനമുണ്ടോ? അപകടത്തില്‍ പെടാതിരിക്കാനുള്ള മുന്‍കരുതല്‍ ആദ്യമേ എടുക്കുന്നതല്ലേ ബുദ്ധി?
0 Comments