ഒരിയ്ക്കല്‍ ഒരു പണ്ഡിതന്‍ പുഴ കടക്കുന്നതിനായി ഒരു വഞ്ചിയില്‍ കയറി. അതേ വഞ്ചിയില്‍ തന്നെയാണ് ഹോജയും കയറിയത്. തന്‍റെ പാണ്ഡിത്യത്തില്‍ അഹങ്കാരം കൊണ്ടിരുന്ന ആ പണ്ഡിതന്‍, ഹോജയുടെ തീരെ വ്യാകരണശുദ്ധിയില്ലാത്ത ഭാഷ ശ്രദ്ധിച്ചു.
പണ്ഡിതന്‍ ഹോജയോട് ചോദിച്ചു.
"അല്ലയോ സുഹൃത്തേ, നിങ്ങള്‍ വ്യാകരണം പഠിച്ചിട്ടുണ്ടൊ?"
"ഇല്ല!" ഹോജ മറുപടി പറഞ്ഞു.
"ഓ! എങ്കില്‍ നിങ്ങളുടെ പകുതി ജീവിതം വെറുതെയായിപ്പോയല്ലോ!" പണ്ഡിതന്‍ പുച്ഛത്തോടെ പറഞ്ഞു.
"താങ്കള്‍ വ്യാകരണം പഠിച്ചിട്ടുണ്ടൊ?" ഹോജ തിരിച്ച് ചോദിച്ചു.
"പിന്നില്ലാതെ! ഞാന്‍ ഒരു ഭാഷാപണ്ഡിതനാണ്" പണ്ഡിതന്‍ അഹങ്കാരത്തോടെ മറുപടി പറഞ്ഞു.
ഹോജ മറുപടിയൊന്നും പറഞ്ഞില്ല. ഇതിനിടയില്‍ വഞ്ചി നദിയുടെ നടുവിലെത്തിക്കഴിഞ്ഞിരുന്നു. ഉടനെ ഹോജ വീണ്ടും പണ്ഡിതനോട് ചോദിച്ചു.
"അതിരിക്കട്ടേ, താങ്കള്‍ക്ക് നീന്തലറിയാമോ?"
"ഇല്ല, നീന്തല്‍ ഞാന്‍ പഠിച്ചിട്ടേയില്ല!" പണ്ഡിതന്‍ പറഞ്ഞു.
വഞ്ചിയുടെ അടിയിലുള്ള ഒരു ദ്വാരത്തിലൂടെ വഞ്ചിക്കുള്ളില്‍ വെള്ളം നിറയുന്നത് നോക്കി ഹോജ പറഞ്ഞു/
"ഓഹോ! എങ്കില്‍ താങ്കളുടെ മുഴുവന്‍ ജീവിതവും വെറുതെയായി. ഈ വഞ്ചി വെള്ളം കയറി ഇപ്പോള്‍ മുങ്ങാന്‍ പോകുകയാണ്!"
0 Comments