ജീവന് വേണ്ടിയുള്ള ഓട്ടം


ഒരു വേട്ടക്കാരന് മിടുക്കനായ ഒരു നായയുണ്ടായിരുന്നു. എല്ലാ തവണയും വേട്ടയ്ക്ക് പോകുമ്പോള്‍ അയാളുടെ കൂടെ നായയുമുണ്ടാകും. വേട്ടക്കാരനു മുന്പിലേയ്ക്ക് ചെറു മൃഗങ്ങളെ ഓടിച്ചിട്ട് എത്തിക്കുക, വേട്ടക്കാരന്‍ വെടിവെച്ചിടുന്ന മൃഗങ്ങളെ എടുത്ത് കൊണ്ട് വരിക ഈ പണിയെല്ലാം നായ കൃത്യമായി ചെയ്തിരുന്നു.

ഒരു ദിവസം വേട്ടക്കായി കാട്ടിലെത്തിയതായിരുന്നു അവര്‍. കുറെ അലഞ്ഞതിന് ശേഷം ക്ഷീണിച്ച് വേട്ടക്കാരന്‍ വിശ്രമിക്കാനായി ഒരു മരത്തണലില്‍ ഇരുന്നു. അപ്പോഴാണ് ഒരു മുയല്‍ അവരുടെ മുന്പില്‍ എത്തിപ്പെട്ടത്. മുയലിനെ കണ്ടതും നായ അതിന്‍റെ പിറകെ ഓടി. മുയലിനെ ഓടിച്ചിട്ട് പിടിക്കാനായിരുന്നു നായയുടെ ശ്രമം.

മുയല്‍ അതിവേഗത്തില്‍ കുതിച്ച് പാഞ്ഞു.  നായ തൊട്ട് പിറകെയും. എത്ര ശ്രമിച്ചിട്ടും മുയലിനൊപ്പമെത്താന്‍ നായയ്ക്ക് കഴിഞ്ഞില്ല, അത് മുയലിനെ ഉപേക്ഷിച്ച് തിരികെ വേട്ടക്കാരനരികിലെത്തി ഇരുന്നു. 

പരാജയപ്പട്ട് തിരിച്ചെത്തിയ നായയോട് വേട്ടക്കാരന്‍ ചോദിച്ചു.

"നീ ഇത്ര മിടുക്കനായിട്ടും ഒരു ചെറിയ മുയലിനെ ഓടി പിടിക്കാന്‍ നിനക്ക് സാധിച്ചില്ലേ? കഷ്ടം! വല്ലാത്ത നാണക്കേട് തന്നെ!"

അതിന് നായ മറുപടി കൊടുത്തതിങ്ങനെയാണ്: "എന്ത് നാണക്കേട്? എന്‍റെയും മുയലിന്‍റെയും ഓട്ടത്തില്‍ സ്വാഭാവികമായുള്ള വ്യത്യാസം കാരണമാണ് എനിക്കതിനെ പിടിക്കാന്‍ സാധിക്കാത്തത്. ഞാന്‍ ഓടിയത് മുയലിനെ ഭക്ഷണമാക്കുവാന്‍ വേണ്ടിയാണ്. പക്ഷേ ആ മുയലിന്‍റെ ഓട്ടം സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു. അത് കൊണ്ട് മുയല്‍ തന്‍റെ മുഴുവന്‍ ഊര്‍ജ്ജവും എടുത്ത് ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പായും, ആ വ്യത്യാസം കൊണ്ടാണ് ഞാന്‍ തോറ്റത്"

നായയുടെ യുക്തിപരമായ മറുപടിയോട് വേട്ടക്കാരനും യോജിച്ചു.

പ്രാണന്‍ അപകടത്തില്‍ പെടുമ്പോള്‍ ഏത് ജീവിക്കും അപ്രതീക്ഷിതമായ ശക്തി കൈവരും!

കാട്ടിലെ കൂടുതല്‍ കഥകള്‍

Post a Comment

1 Comments