കള്ളന്മാരെ ഓടിച്ച ഹോജ


 ഒരു ദിവസം ഹോജയുടെ വീട്ടില്‍ ഒരു കള്ളന്‍ കയറി. അസാധാരണ ധൈര്യശാലിയായ ഹോജ പതിയെ ഒരു കട്ടിലിനടിയില്‍ കയറി കള്ളന്‍ കാണാതെ ഒളിച്ചിരുന്നു. കാര്യമായി ഒന്നും കിട്ടാതിരുന്ന കള്ളന്‍ വേഗം സ്ഥലം വിട്ടു.

അടുത്ത ദിവസം ചന്തയിലെത്തിയ ഹോജയെ ആളുകള്‍ കളിയാക്കാന്‍ തുടങ്ങി. ഒരാള്‍ ചോദിച്ചു.

"എന്നാലും ഹോജാ, നിങ്ങളിത്ര പേടിത്തൊണ്ടനായല്ലോ?"

"അതെന്താണ് നിങ്ങള്‍ അങ്ങിനെ പറയുന്നത്?" ഹോജ തിരിച്ച് ചോദിച്ചു.

"ഇന്നലെ രാത്രി നിങ്ങളുടെ വീട്ടില്‍ കള്ളന്‍ കയറിയതും, നിങ്ങള്‍ പേടിച്ച് കട്ടിലിനടിയില്‍ ഒളിച്ചതും എല്ലാവര്‍ക്കുമറിയാം" മറ്റൊരാള്‍ പറഞ്ഞു.

"ഓ! അതാണോ കാര്യം. അത് ഞാന്‍ പേടിച്ചൊന്നുമല്ല." ഹോജ യാതൊരു കൂസലുമില്ലാതെ പറഞ്ഞു.

"കള്ളനെ പേടിച്ചല്ലാതെ പിന്നെന്തിനാണ് ഹോജാ നിങ്ങള്‍ കട്ടിലിനടിയിലൊളിച്ചത്?" ജനം ചോദിച്ചു.

"അത് പിന്നെ, കള്ളന് എടുക്കാനുള്ള യാതൊന്നും എന്‍റെ വീട്ടിലില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് വല്ലാത്ത നാണം തോന്നി. അയാളെ നേരില്‍ കാണാനുള്ള ചമ്മല്‍ കാരണമാണ് ഞാന്‍ ഒളിച്ചത്" 

ഹോജയുടെ വിശദീകരണം കേട്ട ആളുകള്‍ പറഞ്ഞു.

"എന്തിനാണ് ഹോജാ നിങ്ങളിങ്ങനെ കള്ളം പറയുന്നത്. സത്യം പറയൂ ഹോജാ. നിങ്ങള്‍ ഒരു പേടിത്തൊണ്ടനല്ലേ?"

"ഒരിക്കലുമല്ല. ഞാന്‍ ഇതിന് മുന്പ് കുറെ കള്ളന്മാരെ നെട്ടോട്ടം ഓടിച്ചിട്ടുണ്ടല്ലോ? പേടിയുണ്ടെങ്കില്‍ അത് സാധിക്കുമോ?" 

"ഓഹോ! അതെങ്ങിനെ? ഞങ്ങള്‍ കേട്ടിട്ടേയില്ലല്ലോ?"

"കുറെ ദിവസങ്ങള്‍ക്ക് മുന്പാണ്. ചന്തയില്‍ പോയി മടങ്ങി വരികയായിരുന്നു ഞാന്‍..." ഹോജ തന്‍റെ ധീരതയുടെ കഥ അവതരിപ്പിക്കാന്‍ തുടങ്ങി.

"നേരമിരുട്ടിത്തുടങ്ങിയിരുന്നു. പെട്ടെന്നാണ് ഒരു കൂട്ടം കള്ളന്മാര്‍ എന്നെ വളഞ്ഞത്!"

"എന്നിട്ട്?"

"എന്നിട്ടെന്താ? ഞാനവരെയെല്ലാം ഓടിച്ച് കളഞ്ഞു"

"അത് ഭയങ്കരം തന്നെ. നിങ്ങള്‍ക്കതെങ്ങിനെ സാധിച്ചു ഹോജാ?"

"ഇതെല്ലാം വെറും നിസ്സാര സംഗതിയല്ലേ. അവന്മാരെ കണ്ട ഉടന്‍ തന്നെ ഞാനൊരോട്ടം വെച്ച് കൊടുത്തു. അവരെല്ലാം പിന്നെ എന്‍റെ പിന്നാലെ ഓടേണ്ടി വന്നു. അല്ല പിന്നെ!" 

ഇതും പറഞ്ഞ് ഹോജ പതിയെ സ്ഥലം വിട്ടു.

ഹോജ കള്ളന്മാരെ ഓടിച്ച "കഥ" മനസ്സിലാക്കിയ ജനം അറിയാതെ ചിരിച്ച് പോയി.

കൂടുതല്‍ ഹോജാ കഥകള്‍

Post a Comment

0 Comments