കാട്ടിലെ രാജാവായ സിംഹത്തിന്‍റെ മന്ത്രിയായിരുന്നു കുറുക്കന്‍. അതങ്ങിനെയാണല്ലോ സാധാരണ വരാറ്.
സിംഹരാജന് വയസ്സായി തുടങ്ങിയിരുന്നു. അത് കൊണ്ട് പഴയ പോലെ ഓടാനും ഇരപിടിക്കാനും വയ്യ. കുറുക്കന്‍ കൂടെയുള്ളത് കൊണ്ട് കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോകുന്നു. കുറുക്കനും കാര്യം എളുപ്പമാണ്. ഏതെങ്കിലും മൃഗത്തെ സിംഹത്തിന്‍റെ അടുത്തെത്തിച്ചാല്‍ സിംഹം കൊന്നു കൊള്ളും. ഒരു പങ്ക് കുറുക്കനും കിട്ടും.
ഒരിയ്ക്കല്‍ സിംഹരാജന് ഒരാഗ്രഹം, ഒരു കഴുതയുടെ തലച്ചോറ് തിന്നണമെന്ന്. രാജാവിന്‍റെ ആഗ്രഹമല്ലേ? സാധിച്ച് കൊടുത്തല്ലേ പറ്റൂ!
കുറുക്കന്‍ കഴുതയെ തേടിയിറങ്ങി. കുറെ അലഞ്ഞ് തിരിഞ്ഞു നടന്ന്, ഒരു കഴുതയെയും കാണാതെ, നിരാശനായി തിരികെ പോകാനൊരുങ്ങുമ്പോഴാണ് ഒരു പാട്ട് കെള്‍ക്കുന്നത് - നല്ല കഴുതരാഗം!
കുറുക്കന് സന്തോഷവും സമാധാനവുമായി. ഒരു കഴുതയെക്കിട്ടിയല്ലോ!
അവന്‍ വേഗം ശബ്ധം കേട്ടിടത്തേയ്ക്ക് പുറപ്പെട്ടു. അവിടെയതാ പുല്ല് തിന്ന് വയര്‍ നിറഞ്ഞ് ഒരു കഴുത സന്തോഷത്തോടെ പാടുന്നു. ഇവന്‍ സിംഹത്തിന് ഇരയാകാന്‍ പറ്റിയവന്‍ തന്നെ. കുറുക്കന്‍ ഉറപ്പിച്ചു.
"മനോഹരം! മനോഹരം! എന്ത് ഭംഗിയായിട്ടാണ് താങ്കള്‍ പാടുന്നത്!" കുറുക്കന്‍ കഴുതയെ പ്രശംസിച്ചു.
കഴുത അഭിമാനം കൊണ്ട് ഞെളിഞ്ഞ് നിന്നു.
"താങ്കളുടെ പ്രശസ്തി സിംഹരാജാവിന്‍റെ ചെവിയിലെത്തിയിരുക്കുന്നു. അദ്ദേഹം താങ്കളുടെ പാട്ട് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. താങ്കളെ വിളിച്ച് കൊണ്ടുവരുവാന്‍ എന്നെ അയച്ചതാണ്" കുറുക്കന്‍ തുടര്‍ന്നു.
കഴുതയ്ക്ക് ഇതില്‍ പരം സന്തോഷമുണ്ടാകാനുണ്ടൊ?
"എവിടെയാണ് സിംഹരാജന്‍?" അവന്‍ ചോദിച്ചു.
"വരൂ, ഞാന്‍ അങ്ങയെ അവിടേയ്ക്ക് കൊണ്ടു പോകാം. അദ്ദേഹത്തിന് പാട്ടുകാരെ വലിയ ഇഷ്ടമാണ്" കുറുക്കന്‍ പറഞ്ഞു.
മണ്ടന്‍ കഴുത വേഗം തന്നെ കുറുക്കന്‍റെ കൂടെ പുറപ്പെട്ടു.
ഗുഹാമുഖത്ത് വിശ്രമിക്കുകയായിരുന്ന് സിംഹം ദൂരെ നിന്ന് തന്നെ രണ്ട് പേരും വരുന്നത് കണ്ടു.
എത്രയായാലും സിംഹമല്ലേ? കഴുത ചെറിയൊരു ഭയത്തോടെയാണ് നടന്നിരുന്നത്. അവര്‍ ഗുഹയുടെ അടുത്തെത്താറായതും, കൊതിയടക്കാന്‍ വയ്യാതെ സിംഹ കഴുതയ്ക്ക് നേരെ കുതിച്ച് ചാടി.
ഭയന്നുപോയ കഴുത പെട്ടെന്ന് ഒഴിഞ്ഞു മാറി ഓടി മറഞ്ഞു.
"അങ്ങ് എന്ത് പണിയാണ് കാണിച്ചത്? ഇങ്ങിനെ ആക്രാന്തം പാടുണ്ടൊ? ഒരു വിധത്തില്‍ ഇവിടെ എത്തിച്ചതാണ് ആ കഴുതയെ. എല്ലാം നശിപ്പിച്ചു" കുറുക്കന്‍ സിംഹത്തോട് ദേഷ്യപ്പെട്ടു.
കുറുക്കന്‍റെ വാക്കുകള്‍ സിംഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിലും, സ്വന്തം അവസ്ഥയോര്‍ത്ത് ക്ഷമിച്ചു.
"ശരി. ഞാന്‍ ആ കഴുതയെപ്പോയി കൂട്ടിക്കൊണ്ട് വരാം. ഇനിയെങ്കിലും സൂക്ഷിച്ച് കൈകാര്യം ചെയ്യുക" കുറുക്കന്‍ പുറപ്പെട്ടു.
കുറച്ച് ദൂരം ചെന്നപ്പോള്‍ കഴുതയെ കണ്ടുമുട്ടി.
"താങ്കള്‍ എന്ത് പണിയാണ് കാണിച്ചത്? താങ്കളെ കണ്ട സന്തോഷത്തില്‍ സിംഹരാജാവ് ഓടി വന്നപ്പോള്‍ താങ്കള്‍ ഓടിക്കളഞ്ഞു" കുറുക്കന്‍ പറഞ്ഞു.
"ഓ! ഞാന്‍ കരുതിയത് സിംഹം എന്നെ ആക്രമിക്കാന്‍ വരുന്നതെന്നാണ്" കഴുത പറഞ്ഞു.
"അത് കൊള്ളാം! ആക്രമിക്കാനാണെങ്കില്‍ സിംഹം താങ്കളുടെ പിന്നാലെ വരില്ലായിരുന്നോ. ഇത് അദ്ദേഹത്തിന് ആകെ വിഷമമായി അവിടെ കിടപ്പുണ്ട്" കുറുക്കന്‍ പറഞ്ഞു.
"അത് ശരിയാണല്ലോ! സിംഹം തന്‍റെ പിന്നാലെ ഓടി വന്നില്ലല്ലോ!" കഴുത കരുതി കഴുതയ്ക്കുണ്ടൊ സിംഹത്തിന്‍റെ അസുഖം അറിയുന്നു.
"ഇനിയിപ്പോള്‍ എന്താ ചെയ്യുക?" കഴുത ചോദിച്ചു.
"നമുക്കങ്ങോട്ട് പോകാം. അദ്ദേഹം കാത്തിരിക്കുന്നുണ്ട്" കുറുക്കന്‍ തന്ത്രപൂര്‍വ്വം കഴുതയെക്കൂട്ടി പുറപ്പെട്ടു.
ഇത്തവണ സിംഹം ക്ഷമയോടെ കാത്തിരുന്നു. കഴുത അടുത്തെത്തിയതും ചാടി വീണ് അതിന്‍റെ കഥ കഴിച്ചു.
"ഞാന്‍ ഒന്ന് കുളിച്ച് വരാം. അതു വരെ നീ ഈ കഴുതയുടെ ശരീരം സൂക്ഷിക്കണം" സിംഹം കുറുക്കനെ ചുമതലപ്പെടുത്തി കുളിക്കാന്‍ പോയി.
കള്ളന്‍ കുറുക്കന്‍ കൊതിമൂത്ത് കഴുതയുടെ തല പൊളിച്ച് തലച്ചോറ് അകത്താക്കി. പിന്നെ ഒന്നുമറിയാത്ത പോലെ തല പഴയ രീതിയിലാക്കി വെച്ചു.
കുളികഴിഞ്ഞെത്തിയ സിംഹം കഴുതയുടെ തലച്ചോറ് കഴിക്കാനൊരുങ്ങി. തല പൊളിച്ച് നോക്കിയപ്പോള്‍ തലച്ചോറ് കാണാനില്ല. സിംഹം ദേഷ്യത്തോടെ കുറുക്കന് നേരെ തിരിഞ്ഞു. ഉടന്‍ കുറുക്കന്‍ പറഞ്ഞു.
"അത്ഭുതപ്പെടാനൊന്നുമില്ല രാജന്‍! ഈ കഴുതയ്ക്ക് തലച്ചോറുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ രണ്ടാം വട്ടവും അത് എന്‍റെ വാക്ക് വിശ്വസിച്ച് വരുമായിരുന്നില്ലല്ലോ?"
സിംഹത്താനും ബുദ്ധിയുടെ കാര്യത്തില്‍ വളരെ മുന്നിലായിരുന്നത് കൊണ്ട് കുറുക്കന്‍ പറഞ്ഞത് വേഗം വിശ്വസിച്ചു. എന്നിട്ട് കഴുതയെ ഭക്ഷിച്ച് തുടങ്ങി.
0 Comments