പകരത്തിന് പകരം



ബാലുക്കരടിയ്ക്ക് അന്ന് കുറെയധികം നല്ല തേന്‍ കിട്ടി. കിട്ടിയ തേനെല്ലാം ഒരു കുടത്തിലാക്കി തന്‍റെ ഗുഹയിലേയ്ക്ക് മടങ്ങുകയായിരുന്നു ബാലുക്കരടി. അപ്പോഴാണ് കൌശലന്‍ കുറുക്കന്‍ എതിരെ വരുന്നത് കണ്ടത്.

ബാലുക്കരടിയുടെ കയ്യിലെ തേന്‍കുടം കണ്ടപ്പോള്‍ കൌശലന്‍ കുറുക്കന് തേന്‍ കുടിക്കാന്‍ കൊതിയായി. അവന്‍ ചോദിച്ചു.

"കരടിച്ചേട്ടാ, കുറച്ച് തേന്‍ എനിക്ക് തരുമോ?"

നല്ലവനായ ബാലുക്കരടി ഉടന്‍ തന്നെ കുറുക്കന് തേന്‍ കുടിക്കാന്‍ കൊടുത്തു. കൊതിയന്‍ കുറുക്കന്‍ മതിയാവോളം തേന്‍ കുടിച്ചു. 

പിന്നീട് വേറൊരു ദിവസവും ഇത് പോലെ ബാലുക്കരടി കൌശലന്‍ കുറുക്കന് തേന്‍ കുടിക്കാന്‍ കൊടുത്തു. 

മറ്റൊരു ദിവസം, ബാലുക്കരടി കൌശലന്‍റെ ഗുഹയുടെ അരികത്ത് കൂടി പോകുമ്പൊള്‍ അകത്ത് നിന്നും നല്ല ഞണ്ടിറച്ചിയുടെ മണം കിട്ടി.

ബാലുക്കരടി കുറുക്കനോട് തനിക്കും കുറച്ച് ഞണ്ടിറച്ചി തരാമോ എന്ന് ചോദിച്ചു.

"അതിന് ഇന്ന് എനിക്ക് ഞണ്ടൊന്നും കിട്ടിയില്ലല്ലോ? ഒരു കാര്യം ചെയ്യൂ. ചേട്ടന്‍ നാളെ വരൂ" കൌശലന്‍ ഒരു നുണ പറഞ്ഞ് ബാലുക്കരടിയെ തിരിച്ചയച്ചു. 

പിറ്റേ ദിവസം പറഞ്ഞത് പോലെ ബാലുക്കരടി ഞണ്ടിറച്ചി കിട്ടുമെന്ന് കരുതി കൌശലന്‍റെ ഗുഹയിലെത്തി. ദൂരെ നിന്നു തന്നെ ബാലുക്കരടിക്ക് ഞണ്ടിറച്ചിയുടെ മണം കിട്ടുന്നുണ്ടായിരുന്നു.

"ങ്ഹാ ചേട്ടന്‍ ഇത്ര നേരത്തെ വന്നുവോ? ഞാന്‍ ചേട്ടനെക്കാണാന്‍  അങ്ങോട്ട് വരാനിരിക്കുകയായിരുന്നു. ഇന്നും ഞണ്ടൊന്നും കിട്ടിയില്ല. " കൌശലന്‍ പറഞ്ഞു.

"പക്ഷേ, നല്ല മണമുണ്ടല്ലൊ?" ബാലുക്കരടി സംശയം പ്രകടിപ്പിച്ചു.

"ഏയ്, അത് കുറെ നാള്‍ മുന്പ് കിട്ടിയ ഞണ്ടിന്‍റെ മണമായിരിക്കും" കൌശലന്‍ മറുപടി പറഞ്ഞു.

കൌശലന്‍റെ കള്ളത്തരം ബാലുക്കരടിക്ക് മനസ്സിലായി. അവന്‍ ഒന്നും പറയാതെ സ്ഥലം വിട്ടു. ബാലുക്കരടിയെ വളരെ എളുപ്പത്തില്‍ ഒഴിവാക്കാന്‍ പറ്റിയതില്‍ കൌശലന്‍ സന്തോഷിച്ചു.

പിറ്റേ ദിവസം കൌശലന്‍ ബാലുക്കരടിയെ വഴിയില്‍ വെച്ച് കണ്ടുമുട്ടി.

ബാലുക്കരടിയുടെ കയ്യില്‍ തേന്‍കുടം കണ്ടതും കൌശലന് കൊതിയായി. പതിവ് പോലെ അവന്‍ ബാലുക്കരടിയോട് തേന്‍ ചോദിച്ചു.

ബാലുക്കരടി ഒരു മടിയും കൂടാതെ തേന്‍കുടം കൌശലന്‍റെ കയ്യില്‍ കൊടുത്തു. കൌശലന്‍ കുടത്തിന്‍റെ മൂടി തുറന്ന് ആര്‍ത്തിയോടെ കുടത്തിനുള്ളിലേയ്ക്ക് തലയിട്ടു. 

"അയ്യോ!" കൌശലന്‍ ഉറക്കെ കരഞ്ഞ് കൊണ്ട് കുടം താഴെയിട്ട് തിരിച്ചോടി. കുടത്തിലുണ്ടായിരുന്നു കടന്നലുകള്‍ അവന്‍റെ പിന്നാലെയും...

കുറുക്കന്‍റെ ഓട്ടം കണ്ട് ബാലുക്കരടി ഉറക്കെ ചിരിച്ചു. 

കള്ളന്‍ കുറുക്കനെ ഒരു പാഠം പഠിപ്പിക്കാനായതില്‍ ബാലുക്കരടിക്ക് സന്തോഷമായി.

കാട്ടിലെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments