മൂന്നു മത്സ്യങ്ങളുടെ കഥ


ഒരു കുളത്തില്‍ മൂന്നു മത്സ്യങ്ങള്‍ ഉണ്ടായിരുന്നു. മൂന്നു പേരും നല്ല കൂട്ടുകാരായിരുന്നെങ്കിലും വ്യത്യസ്ഥ സ്വഭാവക്കാരായിരുന്നു. ഒന്നാമന്‍ എന്തുകാര്യവും മുന്‍കൂട്ടി കണ്ട് അതിനനനുസരിച്ച് പ്രവര്‍ത്തിക്കും. രണ്ടാമനാകട്ടെ, ഏത് കാര്യത്തിനും ഉടനടി പരിഹാരം കണ്ടെത്തി ചെയ്യാന്‍ മിടുക്കാനായിരുന്നു. എന്നാല്‍ മൂന്നാമത്തെ മത്സ്യം കുറച്ച് മടിയനായിരുന്നു. വരുന്നത് പോലെ വരട്ടെ എന്നായിരുന്നു ആ മത്സ്യത്തിന്റെ മനോഭാവം.

ഒരു ദിവസം മൂന്നുപേരും കുളത്തില്‍ കളിച്ചു രസിക്കുകയായിരുന്നു. മൂന്നാമന്‍ വെള്ളത്തിന് മുകളിലേയ്ക്ക് ചാടി മറിയാന്‍ തുടങ്ങി. ഒന്നാമന്‍ ഒതുങ്ങിയിരിക്കാന്‍ അവനെ ഉപദേശിച്ചു. പക്ഷേ, ആര് കേള്‍ക്കാന്‍? അവന്‍ തന്റെ കളി തുടര്‍ന്നു.

അപ്പോഴാണ് രണ്ട് മീന്‍പിടുത്തക്കാര്‍ ആ വഴി വന്നത്. കുളത്തില്‍ ചാടി മറിയുന്ന മീനുകള്‍ അവരുടെ ശ്രദ്ധയില്‍ പെട്ടു.

"ഈ കുളത്തില്‍ ധാരാളം മീനുണ്ടെന്ന് തോന്നുന്നു. വെള്ളവും വളരെ കുറവാണ്." ഒരാള്‍ പറഞ്ഞു

"അതെയതെ. നന്നായി മീനുള്ള കുളമാണെന്ന് തോന്നുന്നു" രണ്ടാമന്‍ അഭിപ്രായപ്പെട്ടു. ഇതും പറഞ്ഞ് രണ്ടു മീന്‍പിടുത്തക്കാരും തങ്ങളുടെ യാത്ര തുടര്‍ന്നു.

മീന്‍പിടുത്തക്കാരുടെ സംസാരം കേട്ട ഒന്നാമന്‍ മത്സ്യം വിവരം ഉടനടി കൂട്ടുകാരെ ധരിപ്പിച്ചു. അവന്‍ പറഞ്ഞു.
"നമ്മള്‍ ഇവിടെയുള്ള വിവരം അവരുടെ ശ്രദ്ധയില്‍ പെട്ട സ്ഥിതിക്ക് ഇനി ഇവിടെ കഴിയുന്നത് അപകടമാണ്. ഏത് സമയവും അവര്‍ നമ്മെ പിടിക്കാന്‍ ഇവിടെയെത്താം. അത് കൊണ്ട് ഈ സ്ഥലം വിട്ട് മറ്റെവിടെയെങ്കിലും പോകുന്നതാണ് ഉചിതമെന്ന് എനിക്ക് തോന്നുന്നു."

"എയ്, അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇത്രയും സൌകര്യമുള്ള വേറെ ഏത് സ്ഥലം കിട്ടാനാണ്. ആപത്ത് വരും എന്ന്‍ ഭയപ്പെട്ടു ഇത്രയും നല്ല ഒരിടം വിട്ട് വേറെ സ്ഥലത്ത് പോകുന്നത് ബുദ്ധിയാണെന്ന് എനിക്ക് തോന്നുന്നില്ല. അപകടം വരികയാണെങ്കില്‍ ആ സമയത്ത് ബുദ്ധി ഉപയോഗിച്ച് രക്ഷപ്പെടാവുന്നതേയുള്ളൂ." രണ്ടാമന്‍ പറഞ്ഞു.

"അതെയതെ, ഇവിടം വിട്ട് പോകേണ്ട ഒരാവശ്യവുമില്ല" മൂന്നാമന്‍ അതിനെ പിന്താങ്ങി.

"എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു. എന്തായാലും ഞാന്‍ ഇവിടെ നിന്ന്‍ രക്ഷപ്പെടാന്‍ തീരുമാനിച്ചു." ഒന്നാമന്‍ അറിയിച്ചു. അവന്‍ ഉടന്‍ തന്നെ കുളത്തിന്നരികിലുള്ള ചാലിലൂടെ നീന്തി വേറെ വാസസ്ഥലം തേടി പുറപ്പെട്ടു.

പിറ്റേദിവസം തന്നെ രണ്ടു മീന്‍പിടുത്തക്കാരും വലയുമായി കുളക്കരയിലെത്തി. അവര്‍ മീന്‍ പിടിക്കാനുള്ള ഒരുക്കം തുടങ്ങി. ഇത് കണ്ട രണ്ടാമന്‍ മത്സ്യം കുളത്തിന് മുകളില്‍ അനങ്ങാതെ ചത്തത് പോലെ കിടന്നു. മീന്‍പിടുത്തക്കാര്‍ അവനെ എടുത്തു കുളത്തിന്‍ കരയില്‍ വെച്ചു. എന്നിട്ട് അവര്‍ മീന്‍ പിടിക്കാനായി ഇറങ്ങി.

തക്കം നോക്കിയിരുക്കുകയായിരുന്ന രണ്ടാമത്തെ മത്സ്യം വേഗം തന്നെ അടുത്ത ചാലിലേയ്ക്ക് ചാടി മീന്‍പിടുത്തക്കാരുടെ ശ്രദ്ദയില്‍ പെടാതെ നീന്തി രക്ഷപ്പെട്ടു.

മൂന്നാമത്തെ മത്സ്യത്തിന് രക്ഷപ്പെടാന്‍ ഒരു പഴുത്തും കിട്ടിയില്ല. എന്താണ് ചെയ്യേണ്ടതെന്ന് അവന്‍ ആലോചിക്കുമ്പോഴേക്കും അവന്‍ മീന്‍പിടുത്തക്കാരുടെ കയ്യില്‍ അകപ്പെട്ടു കഴിഞ്ഞിരുന്നു.

Post a Comment

0 Comments