കുരങ്ങന്‍റെയും പൂച്ചയുടെയും കൂട്ടുകൃഷി

https://publicdomainvectors.org/

കണ്ടന്‍ പൂച്ചയും കോമന്‍ കുരങ്ങനും വലിയ കൂട്ടുകാരായിരുന്നു. ഒരിയ്ക്കല്‍ രണ്ട് പേരും കൂടി കൃഷി ചെയ്യാന്‍ തീരുമാനിച്ചു. ആദ്യം എന്താണ് കൃഷി ചെയ്യേണ്ടത് എന്ന് രണ്ട് പേരും കുറെ ആലോചിച്ചു. പിന്നെ വാഴക്കൃഷി ചെയ്യാന്‍ തീരുമാനിച്ചു.

അങ്ങിനെ വാഴക്കൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മണ്ണൊക്കെ കിളച്ച് പാകപ്പെടുത്തി രണ്ടുപേരും കൂടി വാഴക്കന്ന് കുഴിച്ചിട്ടു. 

"വിളവെടുപ്പിന് സമയമാകുമ്പോള്‍ നിനക്ക് തലഭാഗം വേണൊ, അതൊ കടഭാഗം വേണൊ?" കോമന്‍ കുരങ്ങന്‍ ചോദിച്ചു.

"നിനക്കെന്താണ് വേണ്ടത്?" കണ്ടന്‍ പൂച്ച തിരിച്ച് ചോദിച്ചു.

"ഞാന്‍ കടഭാഗം എടുത്തോളാം"  കോമന്‍ കുരങ്ങന്‍ പറഞ്ഞു.

"അത് വേണ്ട. കടഭാഗം എനിക്ക് വേണം" കണ്ടന്‍ പൂച്ച കോമന്‍ കുരങ്ങന് കടഭാഗം വിട്ട് കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. 

കോമന്‍ കുരങ്ങന്‍ ഉള്ളില്‍ ചിരിച്ച് കൊണ്ട് സമ്മതിച്ചു.
 
ശേഷമുള്ള ദിവസങ്ങളില്‍ രണ്ട് പേരും നന്നായി അദ്ധ്വാനിച്ചു. അവസാനം വാഴ കുലച്ചു. വാഴക്കുല പഴുക്കാറായപ്പോള്‍ കോമന്‍ കുരങ്ങന്‍  പറഞ്ഞുറപ്പിച്ചിരുന്നത് പോലെ വാഴക്കുലയെല്ലാം വെട്ടിയെടുത്ത് ചന്തയില്‍ കൊണ്ട് പോയി വിറ്റു.

പാവം കണ്ടന്‍ പൂച്ച തനിക്ക് കരാര്‍ പ്രകാരം കിട്ടിയ കടഭാഗം എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു. തന്നെ കോമന്‍ കുരങ്ങന്‍ ചതിച്ചതാണെന്ന് മനസ്സിലായ അവന്‍ പിന്നെ കോമനൊട് മിണ്ടാതായി.

കുറെ നാള്‍ കഴിഞ്ഞ് കോമന്‍ കുരങ്ങന്‍ വീണ്ടും കണ്ടന്‍ പൂച്ചയോട് ചങ്ങാത്തത്തിനെത്തി.  വീണ്ടും എന്തെങ്കിലും കൃഷി ചെയ്യാമെന്ന് അവന്‍ കണ്ടനോട് പറഞ്ഞു.

"അത് വേണ്ട. നിനക്കെന്നെ പറ്റിക്കാനല്ലേ?" കണ്ടന്‍ ചോദിച്ചു.

"ഇല്ലില്ല. ഇത്തവണ തലഭാഗം നീയെടുത്തൊ" കോമന്‍ കുരങ്ങന്‍ വിട്ടു കൊടുക്കാന്‍ തയ്യാറായി. അത് കേട്ടതോടെ കണ്ടന്‍ സമ്മതിച്ചു.

ഇപ്രാവശ്യം ചേനക്കൃഷി ചെയ്യാമെന്നാണ് രണ്ടാളും തീരുമാനിച്ചത്. കോമന്‍ കുരങ്ങന്‍ സൂത്രത്തില്‍ കണ്ടനെ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു.

അങ്ങിനെ ചേന നട്ടു. ഇത്തവണയും രണ്ട് പേരും കഠിനമായി ജോലി ചെയ്തു. ചേന മുളച്ച് വലുതായി ഇലകളൊക്കെ വന്ന് ഉയര്‍ന്ന് വരുന്നത് കണ്ട് കണ്ടന്‍ പൂച്ചയ്ക്ക് സന്തോഷമായി.

അങ്ങിനെ വിളവെടുപ്പിന് സമയമായി. കോമന്‍ കുരങ്ങന്‍ കരാര്‍ അനുസരിച്ച് ചേനയുടെ കട ഭാഗം മാന്തിയെടുത്ത് ചന്തയില്‍ കൊണ്ട് പോയി വിറ്റു. പാവം കണ്ടന്‍ പൂച്ച തനിക്ക് കിട്ടിയ ചേനതണ്ടും ഇലയും കയ്യില്‍ പിടിച്ച് അന്തം വിട്ടിരുന്നു. 

അവനപ്പോഴാണ് കോമന്‍ കുരങ്ങന്‍ വീണ്ടും തന്നെ സമര്‍ത്ഥമായി പറ്റിക്കുകയായിരുന്നെന്ന് മനസ്സിലായത്. 

Post a Comment

0 Comments