https://publicdomainvectors.org/ |
കുറെ ദിവസമായി തട്ടിന്‍ പുറത്ത് തന്നെ കളിച്ച് നടന്ന് കുഞ്ഞനെലിയ്ക്ക് മടുത്തു തുടങ്ങി. അവന്‍ അമ്മയോട് ചോദിച്ചു.
"അമ്മേ ഞാന്‍ പുറത്തൊക്കെ ഒന്നു ചുറ്റിയടിച്ച് വരട്ടേ?"
"അതപകടമാണ് മോനേ. പുറത്ത് ഈ പകല്‍ സമയത്ത് പോയാല്‍ നിനക്ക് വല്ല അപകടവും പറ്റും" അമ്മ പറഞ്ഞു.
പക്ഷെ കുഞ്ഞനെലിയുണ്ടൊ സമ്മതിക്കുന്നു. അവന്‍ തനിക്ക് ഒരപകടവും വരില്ലെന്ന് പറഞ്ഞ് വാശി പിടിച്ച് കരയാന്‍ തുടങ്ങി. ഒടുക്കം അവന്‍റെ അമ്മ സമ്മതിച്ചു.
കുഞ്ഞനെലി സന്തോഷത്തോടെ പുറത്ത് ചാടി. ആദ്യമായാണ് അവന്‍ പുറത്ത് കടക്കുന്നത്. അത് കൊണ്ട് തന്നെ അവന്‍ പല ജീവികളെയും കണ്ടിട്ടേയില്ലായിരുന്നു. ആദ്യം അവന്‍ കണ്ടത് ഒരു വളരെ വലിയ ഒരു ജീവിയെയാണ്. രണ്ട് വലിയ കൊമ്പുകളുള്ള ആ ജീവിയെ കണ്ട് അവന്‍ ശരിക്കും പേടിച്ചു പോയി.
തിരികെ നടക്കുമ്പൊഴാണ് അവന്‍ വെറൊരു ചെറിയ ജീവിയെ കണ്ടത്. അവനേക്കാളും വളരെ വലുതാണ്. പക്ഷേ, കൊമ്പൊന്നുമില്ല. മാത്രമല്ല, ചെറിയ മീശയൊക്കെയുള്ള അത് ശാന്തമായി ഉറങ്ങുന്നത് കണ്ട് അവന് തീരെ പേടി തോന്നിയില്ല.
കാഴ്ചകള്‍ കണ്ട് തിരികെയെത്തിയ കുഞ്ഞനെലി അമ്മയോട് താന്‍ കണ്ട ജീവികളെക്കുറിച്ച് വര്‍ണ്ണിച്ചു. അമ്മ പറഞ്ഞു.
"മോനേ, നീ ആദ്യം കണ്ടത് ഒരു പശുവിനെയാണ്. നമ്മളേക്കാള്‍ വളരെ വലുതാണെങ്കിലും അതിനെ പേടിക്കെണ്ട. പശുവിന് കൊമ്പുണ്ടെന്നേ ഉള്ളൂ. അതൊരിക്കലും നമ്മളെ ഉപദ്രവിക്കില്ല. പക്ഷേ, മോന്‍ രണ്ടാമത് കണ്ട ജീവിയുണ്ടല്ലോ, അതാണ് പൂച്ച. കണ്ടാല്‍ ചെറുതാണെങ്കിലും, കൊമ്പൊന്നുമില്ലെങ്കിലും അവനെയാണ് സൂക്ഷിക്കേണ്ടത്. അത് നിന്‍റെ ശത്രുവാണ്. അവന്‍ നമ്മളെ കൊന്നുതിന്നും."
കുഞ്ഞനെലിയ്ക്ക് അമ്മ പറഞ്ഞത് അത്ര വിശ്വാസമായില്ല.
അടുത്ത ദിവസം പുറത്തിറങ്ങിയ കുഞ്ഞനെലി പശുവിന്‍റെ അടുത്ത് പോലും പോകാതെ സൂക്ഷിച്ചു. അപ്പോഴാണ് പൂച്ച കിടന്നുറങ്ങുന്നത് അവന്‍ കണ്ടത്. അവന്‍ പൂച്ചയുടെ അടുത്ത് ചെന്നു. പൂച്ച പകുതി കണ്ണ് തുറന്ന് അവനെ നോക്കി. പിന്നെ വീണ്ടും ഉറക്കമായി.
കുഞ്ഞനെലിയ്ക്ക് ധൈര്യമായി. ഈ പൂച്ചയെ കണ്ടാല്‍ തന്നെ അറിയാം ഒരു പാവമാണെന്ന്! അമ്മ പറഞ്ഞത് പോലെയാണെങ്കില്‍ അത് തന്‍റെ നേരെ ചാടി വരില്ലേ? അവന്‍ വിചാരിച്ചു.
അവന്‍ കൂടുതല്‍ ധൈര്യത്തോടെ പൂച്ചയുടെ അടുത്ത് ഓടിക്കളിക്കാന്‍ തുടങ്ങി. പെട്ടെന്നായിരുന്നു പൂച്ച അവന്‍റെ നേരെ ചാടിയത്.
കുഞ്ഞനെലിയുടെ പുറകിലായിരുന്നു പൂച്ചയുടെ കൈ വന്ന് വീണത്. എന്തോ ഭാഗ്യത്തിനാണ് അവന്‍ രക്ഷപ്പെട്ടത്. പേടിച്ച് വിറച്ച് അവന്‍ ഒരു വിധത്തില്‍ മാളത്തില്‍ അമ്മയുടെ അടുത്തെത്തി.
അമ്മ അവനെ സമാധാനിപ്പിച്ചു. അതോടെ പുറമെ കാണുന്ന ഭംഗിയിലല്ല, പെരുമാറ്റത്തിലാണ് മറ്റുള്ളവരെ അളക്കേണ്ടത് എന്ന് കുഞ്ഞനെലിയ്ക്ക് മനസ്സിലായി
0 Comments