മൂന്ന് കല്‍പ്പണിക്കാരുടെ കഥ

 


ഈ കഥ പല രൂപത്തില്‍ കാലങ്ങളായി പ്രചാരത്തിലുള്ള ഒരു കഥയാണ്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയുള്ള ഈ കഥ നടന്നത് 1666ലെ ലണ്ടനിലെ മഹാ അഗ്നിബാധയ്ക്ക് ശേഷമാണ്. ലണ്ടൻ നഗരത്തിന്റെ കേന്ദ്ര ഭാഗങ്ങൾ മുഴുവൻ നശിപ്പിച്ച അഗ്നിബാധയ്ക്ക് ശേഷം ലണ്ടനിലെ പ്രശസ്തമായ സെയിന്‍റ് പോള്‍സ് കത്തീഡ്രൽ പുനര്‍നിര്‍മ്മിക്കാന്‍ നിയുക്തനായത് പ്രശസ്ത ആര്‍കിറ്റെക്ട് ആയ സർ ക്രിസ്റ്റഫർ വ്രെൻ ആയിരുന്നു. സർ ക്രിസ്റ്റഫർ വ്രെൻ നിരവധി പുതിയ പള്ളികൾ രൂപകൽപ്പന ചെയ്യുകയും ലണ്ടനിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടങ്ങളുടെ പുനർനിർമ്മാണം മേൽനോട്ടം വഹിക്കുകയും ചെയ്തു.

ഒരു ദിവസം പണികള്‍ക്ക് മേല്‍നോട്ടം വഹിക്കാനെത്തിയ വ്രെൻ മൂന്ന് കല്‍പ്പണിക്കാര്‍ ഭിത്തിയുടെ പണിയില്‍ മുഴുകിയിരിക്കുന്നത് കണ്ടു. അദ്ദേഹം ആദ്യത്തെ പണിക്കാരന്‍റെ അടുത്തെത്തി ചോദിച്ചു.

"താങ്കളെന്താണ് ചെയ്യുന്നത്?"

"നിങ്ങള്‍ക്ക് കണ്ടാലറിഞ്ഞു കൂടേ? ഞാനൊരു കല്‍പ്പണിക്കാരനാണ്. അതുകൊണ്ട് കല്‍പ്പണിയാണ് ചെയ്യുന്നത്." പണിക്കാരന്‍ അദ്ദേഹത്തെ നോക്കി പറഞ്ഞു.

വ്രെൻ അയാളെ വിട്ട് അടുത്ത പണിക്കാരന്‍റെ അടുത്തേക്ക് നീങ്ങി. എന്നിട്ട് അയാളോടും അതേ ചോദ്യം ഉന്നയിച്ചു. 

"താങ്കളെന്താണ് ചെയ്യുന്നത്?"

രണ്ടാമത്തെ പണിക്കാരന്‍ പറഞ്ഞു. "ഞാന്‍ ഒരു ഭിത്തി നിര്‍മ്മിക്കുകയാണ്"

അടുത്തതായി വ്രെന്‍ മൂന്നാമത്തെ കല്‍പ്പണിക്കാരന്‍റെ അടുത്തെത്തി. അയാള്‍ വളരെ ഊര്‍ജ്ജസ്വലതയോടും സന്തോഷത്തോടും കൂടിയാണ് പണി ചെയ്യുന്നതെന്ന് വ്രെന്‍ ശ്രദ്ധിച്ചു. 

"താങ്കളെന്താണ് ചെയ്യുന്നത്?" വ്രെന്‍ മൂന്നാമനോടും അതേ ചോദ്യം ആവര്‍ത്തിച്ചു.

"ഞാന്‍ ദൈവത്തിനായി ഒരു മനോഹരമായ ഭവനം പണിയുകയാണ്".

മൂന്ന് പണിക്കാരും ചെയ്തിരുന്നത് ഒരേ ജോലി തന്നെയാണ്. എന്തായിരുന്നു അവര്‍ തമ്മിലുള്ള വ്യത്യാസം? എന്താണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്?പ്രശസ്തരുടെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments