വൃദ്ധകര്‍ഷകനും രാജാവും - Vrudhakarshakanum Rajavum


നാട് ചുറ്റാനിറങ്ങിയതായിരുന്നു രാജാവ്. പ്രജകളുടെ ക്ഷേമമന്വേഷിക്കാനും രാജ്യത്തെ സ്ഥിതിഗതികള്‍ നേരില്‍ കണ്ട് മനസ്സിലാക്കാനും വേണ്ടി വേഷം മാറിയായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. 

കുറെദൂരം സഞ്ചരിച്ച്, കുറേയേറെ ആളുകളുമായി സംസാരിച്ച് അങ്ങിനെ മുന്നോട്ട് നീങ്ങവേയാണ്, ഒരിടത്ത് ഒരു പറമ്പില്‍ ഒരു വൃദ്ധന്‍ കുഴികള്‍ കുഴിച്ച് എന്തോ മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത് രാജാവിന്‍റെ ശ്രദ്ധയില്‍ പെട്ടത്.
അദ്ദേഹം ആ വൃദ്ധന്‍റെ അടുത്ത് ചെന്നു ചോദിച്ചു. 

"അപ്പൂപ്പാ, അപ്പൂപ്പന്‍ എന്താണീ ചെയ്യുന്നത്"

ഞാന്‍ കുറച്ച് മാവും പ്ലാവും വെച്ച്പിടിപ്പിക്കുകയാണ് മോനേ!" വൃദ്ധന്‍ മറുപടി പറഞ്ഞു.

"ഈ വയസ് കാലത്ത് ഈ മാവും പ്ലാവും വെച്ചുപിടിപ്പിച്ചാല്‍ തന്നെ അപ്പൂപ്പന് അത് കൊണ്ട് എന്തുപകാരമാണ് കിട്ടാന്‍ പോകുന്നത്? ഇതെല്ലാം വളര്‍ന്ന് മാങ്ങയും ചക്കയും ഉണ്ടാകണമെങ്കില്‍ എത്ര വര്ഷം പിടിക്കും? അത് വരെ അപ്പൂപ്പന്‍ ജീവിച്ചിരിക്കുമോ?" രാജാവ് വീണ്ടും ചോദിച്ചു.

"മോന്‍ പറഞ്ഞത് ശരിയാണ്. ഇതെല്ലാം വലുതായി ഫലം കായ്ക്കുമ്പോഴേക്കും ഞാന്‍ മരണപ്പെട്ടിട്ടുണ്ടാകും. പക്ഷേ, ഞാന്‍ എനിയ്ക്കു വേണ്ടിയല്ല ഇവ നടുന്നത്, വരും തലമുറയ്ക്ക് വേണ്ടിയാണ്. അല്ലെങ്കില്‍ തന്നെ നാം അനുഭവിക്കുന്ന ഫലങ്ങളൊക്കെ നാം നട്ട് വളര്‍ത്തിയതാണോ? നമ്മുടെ മുന്‍തലമുറക്കാര്‍ അവ നാട്ടുവളര്‍ത്തിയത് കൊണ്ടല്ലേ നമുക്കവയൊക്കെ ലഭ്യമായത്. അപ്പോള്‍ എനിക്കായത് വരും തലമുറയ്ക്ക് വേണ്ടി ഞാന്‍ ചെയ്യുന്നു. അത്രയേയുള്ളൂ." വൃദ്ധന്‍ വിശദീകരിച്ചു.

രാജാവിന് ആ വൃദ്ധന്‍റെ വാക്കുകള്‍ വളരെയധികം പ്രാധാന്യമുള്ളതാണെന്ന് മനസ്സിലായി. അദ്ദേഹം ആ വൃദ്ധനെ വണങ്ങി കൊട്ടാരത്തിലേയ്ക്ക് മടങ്ങി.

കൊട്ടാരത്തിലെത്തിയ രാജാവ് ആദ്യം തന്നെ ചെയ്തത് നാടെങ്ങും ഫലവൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ ഉത്തരവിറക്കുകയായിരുന്നു.

Post a Comment

2 Comments