ഒരിടത്ത് ഒരു മഹാപിശുക്കനായ ഒരു കച്ചവടക്കാരന്‍ ഉണ്ടായിരുന്നു. അറ്റ കൈയ്ക്ക് ഉപ്പ് തേയ്ക്കാത്തവന്‍ എന്നു കേട്ടിട്ടുണ്ടോ? അത്തരം ഒരാള്‍.
ഒരു ദിവസം പട്ടണത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ അയാളുടെ പണസഞ്ചി കളഞ്ഞു പോയി. പണസഞ്ചി കണ്ടെത്തി തരുന്നയാളിന് 10 പൊന്‍പണം സമ്മാനമായി നാല്‍കാമെന്ന് പിശുക്കന്‍ പ്രഖ്യാപിച്ചു. പാരിതോഷികം കിട്ടുന്ന കാര്യമായത് കൊണ്ട് ആളുകളെല്ലാം വളരെ ആവേശത്തോടെ രംഗത്തിറങ്ങി പിശുക്കന്‍റെ പണസഞ്ചി തിരഞ്ഞു നടപ്പായി.
രാമു എന്ന ഒരു പാവം കൃഷിക്കാരനാണ് പിശുക്കന്‍റെ പണസഞ്ചി കിട്ടിയത് രാമു വേഗം തന്നെ പിശുക്കന്‍റെ അടുത്തെത്തി പണസഞ്ചി ഏല്‍പ്പിച്ചു.
പിശുക്കന്‍ പണസഞ്ചി തുറന്ന പണം എണ്ണി നോക്കി. അയാളുടെ നൂറുപൊന്‍പണവും അതില്‍ തന്നെ ഉണ്ടായിരുന്നു.
രാമു തന്‍റെ സമ്മാനത്തിനായി കാത്തുനില്‍ക്കുകയായിരുന്നു. പക്ഷേ, അയാളെ അമ്പരപ്പിച്ച് കൊണ്ട് പിശുക്കന്‍ പറഞ്ഞു.
"എന്റെ പണസഞ്ചിയില്‍ നൂറ്റിപ്പത്ത് പൊന്‍പണം ഉണ്ടായിരുന്നു. ഇതില്‍ ഇപ്പോള്‍ നൂറ് പൊന്‍പണം മാത്രമേ ഉള്ളൂ. നിനക്കുള്ള സമ്മാനം നീ എടുത്തു കളഞ്ഞല്ലോ?"
പിശുക്കന്‍റെ സൂത്രം രാമുവിന് മനസ്സിലായി. പിശുക്കന്‍ തനിക്ക് തരാമെന്നേറ്റ സമ്മാനം തരാതിരിക്കാന്‍ കണ്ടെത്തിയ തന്ത്രമാണ് ഈ കള്ളമെന്ന് രാമു തിരിച്ചറിഞ്ഞു. അയാള്‍ രാജാവിനോട് പരാതി ബോധിപ്പിച്ചു.
രാജാവ് എല്ലാ വിവരവും രണ്ടുപേരോടും ചോദിച്ചറിഞ്ഞു. അതിനു ശേഷം രാജാവ് പിശുക്കന്‍റെ പണസഞ്ചി പരിശോധിച്ചു. അതില്‍ നൂറ് നാണയത്തില്‍ കൂടുതല്‍ കൊള്ളില്ലെന്ന് രാജാവിന് പെട്ടെന്ന് തന്നെ ബോധ്യമായി. പിശുക്കന്‍റെ കൌശലം രാജാവിനും മനസ്സിലായി.
"നിന്റെ കാണാതായ പണസഞ്ചിയില്‍ എത്ര പൊന്‍പണം ഉണ്ടായിരുന്നു?" രാജാവ് പിശുക്കനോട് ചോദിച്ചു.
"നൂറ്റി പത്ത് പൊന്‍പണം, പ്രഭോ!" പിശുക്കന്‍ രാജാവിനെ വണങ്ങി കൊണ്ട് പറഞ്ഞു.
"നിനക്കു കിട്ടിയ പണസഞ്ചിയില്‍ എത്ര പൊന്‍പണം ഉണ്ടായിരുന്നു?" രാജാവ് രാമുവിനോട് ചോദിച്ചു
"അതിലാകെ നൂറ് പൊന്‍പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ" രാമു വിനയത്തോടെ മറുപടി പറഞ്ഞു.
"അപ്പോള്‍ കാര്യം വളരെ വ്യക്തമാണ്. രാമുവിന് കിട്ടിയ പണസഞ്ചി കച്ചവടക്കാരന്‍റേതല്ല, മറ്റാരുടെയോ ആണ്. കച്ചവടക്കാരന്റെ പണസഞ്ചി കണ്ടെത്താന്‍ ഇനിയും ശ്രമിച്ചോളൂ. ഉടമസ്ഥനില്ലാത്തത്തിനാല്‍ ഈ പണസഞ്ചി അത് കിട്ടിയ രാമുവിന് അവകാശപ്പെട്ടതാണ്." ഇതും പറഞ്ഞ് രാജാവു പണസഞ്ചി രാമുവിന് നല്കി.
തന്‍റെ പണം രാമുവിന്റേതാകുന്നത് നോക്കിനില്‍കാനേ പിശുക്കനായ കച്ചവടക്കാരന് കഴിഞ്ഞുള്ളൂ
2 Comments
It is a good story. I like it
ReplyDeleteIt is a very good story.😊 I like it
ReplyDelete