ഒരിയ്ക്കല്‍ ഒരു രാജാവ് തന്‍റെ കൊട്ടാരത്തിലെ ഉദ്യാനത്തില്‍ ഉലാത്തുകയായിരുന്നു. അപ്പോഴാണ് ഒരു കുഞ്ഞിക്കിളി ഉദ്യാനത്തില്‍ ഇര തേടി നടക്കുന്നത് അദ്ദേഹം കണ്ടത്. അദ്ദേഹം കൌതുകത്തോടെ ആ കിളിയെ നോക്കി നിന്നു.
ചപ്പുചവറുകള്‍ക്കിടയില്‍ ഇര തേടുകയായിരുന്ന കിളി പെട്ടെന്ന് എന്തോ കണ്ട് ഒറ്റ ചാട്ടം ചാടി. ചപ്പുചവറിനിടയില്‍ ഒരു ചെറിയ സ്വര്‍ണനാണയം കിടന്നു തിളങ്ങുന്നത് കണ്ടാണ് കുഞ്ഞിക്കിളി തുള്ളിച്ചാടിയത്. അവള്‍ ഉടന്‍ തന്നെ അത് കൊത്തിയെടുത്തു.
ഇതെല്ലാം ശ്രദ്ധിക്കുകയായിരുന്ന രാജാവിന് പെട്ടെന്ന് ഒരു കുസൃതി തോന്നി. അദ്ദേഹം ഓട്ടച്ചാട്ടത്തിന് കിളിയുടെ അടുത്തെത്തി. എന്നിട്ട് കിളിയുടെ കൊക്കില്‍ നിന്നും ആ സ്വര്‍ണനാണയം തട്ടിയെടുത്തു.
കുഞ്ഞിക്കിളിക്ക് സങ്കടമായി. അവള്‍ ദേഷ്യത്തോടെയും സങ്കടത്തോടെയും കൊട്ടാരത്തിന് ചുറ്റും ചിറകടിച്ച് നടന്ന്‍ ഉറക്കെ വിളിച്ച് പറയാന്‍ തുടങ്ങി.
"രാജാവ് എന്‍റെ സ്വര്‍ണ്ണം തട്ടിപ്പറിച്ചേ! കൊതിയന്‍ രാജാവ് കള്ളന്‍ രാജാവ് എന്‍റെ സ്വര്‍ണ്ണം തട്ടിപ്പറിച്ചേ!!"
രാജാവിന് ആകെ നാണക്കേടായി. കുഞ്ഞിക്കിളി വിളിച്ച് പറയുന്നത് എല്ലാവരും കേള്‍ക്കുകയല്ലേ!
രാജാവ് വേഗം ആ സ്വര്‍ണനാണയം തിരികെയിട്ടു കൊടുത്തു. കിളി ആ നാണയം കൊത്തിയെടുത്ത് തന്‍റെ കൂട്ടിലേയ്ക്ക് പറന്നു പോയി.
രാജാവ് നടത്തം നിര്‍ത്തി സമാധാനത്തോടെ തിരികെ കൊട്ടാരത്തിലേയ്ക്ക് കയറിപ്പോകുകയായിരുന്നു. അപ്പോഴാണ് കുഞ്ഞിക്കിളി വീണ്ടും ഉറക്കെ വിളിച്ച് പറയുന്നത് അദ്ദേഹം കേട്ടത്.
"കള്ളന്‍ രാജാവ്, പേടിത്തൊണ്ടന്‍ രാജാവ്. എന്നെ പേടിച്ച് എന്‍റെ സ്വര്‍ണനാണയം തിരികെ തന്നേ! തിരികെ തന്നേ!"
പാവം രാജാവ്. ആകെ നാണംകെട്ടു കൊട്ടാരത്തിലേയ്ക്ക് കയറിപ്പോയി.
0 Comments