കൂപമണ്ഡൂകം - Koopamandookam

കൂട്ടുകാര്‍ കൂപമണ്ഡൂകം എന്ന് കേട്ടിട്ടുണ്ടോ? 
 കൂപം എന്നാല്‍ കിണര്‍. മണ്ഡൂകം എന്നാല്‍ തവള. കിണറ്റിലെ തവള എന്നു പച്ചമലയാളം.
തന്‍റെ കണ്‍വെട്ടത്തിനപ്പുറമുള്ള ലോകത്തെക്കുറിച്ചോ, ലോകകാര്യങ്ങളോ അറിവില്ലാത്ത അല്ലെങ്കില്‍ സങ്കുചിതമായ മനസ്സും കാഴ്ചപ്പാടുകളുമുള്ള ആളുകളെയാണ് കൂപമണ്ഡൂകം എന്ന് പറയുക. കിണറ്റിലെ തവള താന്‍ താമസിക്കുന്ന കിണറും ചുറ്റുപാടുമാണ് വലുതും മഹത്തരവും എന്ന് കരുതുന്ന പോലെ തന്‍റെ വിശ്വാസവും, ചിന്തയും മറ്റുമാണ് ഏറ്റവും മഹനീയം എന്ന് വിചാരിക്കുന്നവര്‍.


കൂപമണ്ഡൂകവുമായി ബന്ധപ്പെട്ട ഒരു കഥയാണ് ഇവിടെ പറയുന്നത്. ഇതിന് വേറെയും രൂപാന്തരങ്ങളുണ്ട് കേട്ടൊ!

ഒരിടത്ത് ഒരു കിണറ്റില്‍ ഒരു കുഞ്ഞിതവള താമസിച്ചിരുന്നു. അവിടെയുള്ള കീടങ്ങളെ തിന്ന് തിന്നു അവന്‍ തടിച്ചു കൊഴുത്തു. അവനോളം വലുപ്പമുള്ള വേറൊരു ജീവിയും ആ കിണറ്റില്‍ ഇല്ലായിരുന്നു. അതോടെ ഈ ലോകത്തില്‍ താനാണ് ഏറ്റവും വലിയവന്‍ എന്ന് അവന്‍ ചിന്തിച്ചു. 

അങ്ങിനെയിരിക്കെയാണ് മറ്റൊരു തവള എങ്ങിനെയൊ ആ കിണറ്റില്‍ വന്ന് പെട്ടത്. അതൊരു ചെറിയ തവളയായിരുന്നു. 

നമ്മുടെ കൂപമണ്ഡൂകം പുതുതായെത്തിയ തവളയോട് പറഞ്ഞു.

"ഞാനാണ് ഈ കിണറ്റിന്‍റെ രാജാവ്! എന്‍റെയത്രയും വലിയ ജീവിയെ നീ കണ്ടിട്ടുണ്ടോ?"

"പിന്നില്ലാതെ? നീ പൂച്ചയെ കണ്ടിട്ടില്ലേ? നായയെ കണ്ടിട്ടില്ലേ? അവയൊക്കെ നിന്നേക്കാള്‍ വലുതല്ലേ?" പുതിയ തവള തിരിച്ചു ചോദിച്ചു.

തന്നേക്കാള്‍ വലിയ ജീവിയോ? കിണറ്റില്‍ നിന്നും പുറത്ത് കടന്നില്ലാത്ത തവളയ്ക്ക് അത് വിശ്വസനീയമായി തോന്നിയില്ല. അവന്‍ തന്‍റെ ശരീരം കുറെ വീര്‍പ്പിച്ച് ചോദിച്ചു.

"ഇത്ര വലിപ്പമുണ്ടോ നിന്‍റെ പൂച്ചയും, നായയും?"

"ഇതിനേക്കാള്‍ വലുതാണ് പൂച്ചയും, നായയും. അവയേക്കാള്‍ വലുതാണ് പശുവും ആനയുമൊക്കെ!" പുതിയ തവള പറഞ്ഞു.

കൂപമണ്ഡൂകം വീണ്ടും വയര്‍ വീര്‍പ്പിച്ചു. എന്നിട്ട് ചോദിച്ചു.

"എത്രയായാലും ഇത്രത്തോളം വരില്ലല്ലോ ഈ പശുവും ആനയുമൊക്കെ?"

"ഇതിനേക്കാളും ആയിരക്കണക്കിന് വലുപ്പമുണ്ട് ആനയ്ക്കും പശുവിനുമൊക്കെ!" പുതിയ തവള പറഞ്ഞു.

കൂപമണ്ഡൂകം വീണ്ടും വയര്‍ വീര്‍പ്പിച്ചു. "ഇപ്പോഴോ?" അവന്‍ ചോദിച്ചു.

"നീ എത്ര ശ്രമിച്ചാലും അവരുടെ ഒപ്പമെത്തില്ല" പുതിയ തവള വീണ്ടും പറഞ്ഞു.

വിഡ്ഡിയായ കൂപമണ്ഡൂകം തോറ്റ് കൊടുക്കാന്‍  തയ്യാറല്ലായിരുന്നു. അവന്‍ വീണ്ടും വീണ്ടും തന്‍റെ വയര്‍ വീര്‍പ്പിച്ച് വീര്‍പ്പിച്ച് ചോദിച്ച് കൊണ്ടെയിരുന്നു. ഒടുക്കം അവന്‍ റ്വയര്‍ പൊട്ടി പിടഞ്ഞ് മരിച്ചു.

ഈ ലോകത്ത് നമുക്കറിയാത്തതും കേട്ടിട്ടില്ലാത്തതുമായ എത്രയൊ കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് മനസ്സിലാക്കാന്‍ ശ്രമിക്കാതെ എതിര്‍ക്കുന്നത് മണ്ടത്തരമാണ്. 

സ്സ്

കാട്ടിലെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments