കിണറ്റില്‍ വീണ സൂചിയുടെ കഥ

മീരക്കുട്ടിയ്ക്ക് കഥ കേള്‍ക്കാന്‍ വളരെയധികം ഇഷ്ടമാണ്. എന്നും എപ്പോഴും കഥ പറഞ്ഞു തരാന്‍ ആവശ്യപ്പെട്ട് അച്ഛനെയും അമ്മയെയും ചുറ്റിപറ്റി നടക്കും. അങ്ങിനെയിരിക്കെ ഒരു ദിവസം മുത്തശ്ശി വിരുന്നു വന്നു.

മീരക്കുട്ടിയ്ക്ക് സന്തോഷമായി. കുറെ കഥകള്‍ അറിയാവുന്ന മുത്തശ്ശിയുടെ പിന്നാലെയായി അവള്‍.
 
അന്നും മീരക്കുട്ടി മുത്തശ്ശിയുടെ അടുത്ത് ചെന്നു ചോദിച്ചു.

"മുത്തശ്ശീ! മുത്തശ്ശീ, എനിക്കൊരു കഥ പറഞ്ഞു തരുമോ?"

കഥകള്‍  പറഞ്ഞ് പറഞ്ഞ് മീരക്കുട്ടിയ്ക്ക് മതിയാകുന്നില്ലെന്ന് മനസ്സിലായ മുത്തശ്ശി അന്ന് ഒരു പുതിയ കഥ പറഞ്ഞു ഒടുക്കാമെന്നേറ്റു.

"പക്ഷേ, ഒരു കാര്യമുണ്ട്.  ഞാന്‍ ഒരോ വാചകം പറഞ്ഞു നിര്‍ത്തുമ്പോഴും മീരക്കുട്ടി 'ഉം' എന്ന് മൂളണം. പറ്റുമോ?" മുത്തശ്ശി ചോദിച്ചു.

"അതിനെന്താ? ഞാന്‍ എത്ര വേണമെങ്കിലും മൂളാം". മീരക്കുട്ടിയ്ക്ക് എന്ത് ബുദ്ധിമുട്ട്, ഒന്നു മൂളുകയല്ലേ വേണ്ടൂ!

"ശരി. എന്നാല്‍ കഥ തുടങ്ങാം". മുത്തശ്ശി പറഞ്ഞു.

മീരക്കുട്ടി കേള്‍ക്കാന്‍ തയ്യാറായി.

"മീരക്കുട്ടി മൂളിയില്ല" മുത്തശ്ശി ഓര്‍മ്മിപ്പിച്ചു.

"അതിനു കഥ തുടങ്ങിയില്ലല്ലോ?" മീരക്കുട്ടി പറഞ്ഞു.

"ഒരിടത്ത് ഒരിടത്ത് ഒരു പാവം മുത്തശ്ശിയുണ്ടായിരുന്നു."  മുത്തശ്ശി കഥ പറഞ്ഞു തുടങ്ങി.

"ഉം" മീരക്കുട്ടി മൂളി.

"ഒരു ദിവസം നമ്മുടെ മുത്തശ്ശി ഒരു ഉടുപ്പ് തുന്നുകയായിരുന്നു" മുത്തശ്ശി തുടര്‍ന്നു.

"ഉം"

"വീട്ടിലെ കിണറിന്മേല്‍ ഇരുന്നായിരുന്നു മുത്തശ്ശിയുടെ തയ്പ്പ്"

"ഉം"

"അങ്ങിനെ തുന്നിക്കൊണ്ടിരിയ്ക്കേ, പെട്ടെന്നാണ് അത് സംഭവിച്ചത്?"

"ഉം"

"മുത്തശ്ശിയുടെ കയ്യില്‍ നിന്നും സൂചി വഴുതി താഴെ കിണറ്റിലേയ്ക്ക് വീണു"

"ഉം" മീരക്കുട്ടി കൃത്യമായി മൂളിക്കൊണ്ടിരുന്നു.

"'ഉം' എന്ന് മൂളിയാല്‍ വീണു പോയ സൂചി കിട്ടുമോ?" മുത്തശ്ശി ചോദിച്ചു.

"ഇല്ല" മീരക്കുട്ടി പറഞ്ഞു.

" ഇല്ല എന്ന് പറഞ്ഞാല്‍ വീണു പോയ സൂചി കിട്ടുമോ?" മുത്തശ്ശി ചോദിച്ചു.

"അതില്ല" മീരക്കുട്ടി പറഞ്ഞു.

" അതില്ല എന്ന് പറഞ്ഞാല്‍ വീണു പോയ സൂചി കിട്ടുമോ?" മുത്തശ്ശി വീണ്ടും ചോദിച്ചു.

"ഇതെന്താണ് മുത്തശ്ശീ?" മീരക്കുട്ടി ചിണുങ്ങി.

" ഇതെന്താണ് മുത്തശ്ശീ എന്ന് ചിണുങ്ങിയാല്‍ വീണു പോയ സൂചി കിട്ടുമോ?" മുത്തശ്ശി നിര്‍ത്താന്‍ ഭാവമില്ലായിരുന്നു.

മീരക്കുട്ടി ശരിക്കും പെട്ടു പോയി. അവള്‍ എന്ത് പറഞ്ഞാലും, അങ്ങിനെ പറഞ്ഞാല്‍ സൂചി കിട്ടുമോ എന്ന് മുത്തശ്ശി ചോദിച്ചു കൊണ്ടേയിരുന്നു. കുറെ നേരം ആയപ്പോള്‍ മീരക്കുട്ടി ഒന്നും മിണ്ടാതായി.

" ഒന്നും മിണ്ടാതിരുന്നാല്‍ എന്ന് പറഞ്ഞാല്‍ വീണു പോയ സൂചി കിട്ടുമോ?" മുത്തശ്ശി പിന്നെയും  ചോദിച്ചു.

മീരക്കുട്ടി ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോയി. പിന്നീടവള്‍ മുത്തശ്ശിയോട് കഥ പറയാന്‍ പറഞ്ഞിട്ടേയില്ല!

Post a Comment

0 Comments