അങ്ങിനെ അദ്ദേഹം തന്‍റെ ദിവ്യശക്തി കൊണ്ട് ഒരു ഭൂതത്തിനെ വിളിച്ചു വരുത്തി. തന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഭൂതത്തിനോട് ദിവ്യന്‍ ആശ്രമത്തിലെ ജോലികളെല്ലാം ചെയ്ത് തീര്‍ക്കാന്‍ പറഞ്ഞു. അതിന് മറുപടിയായി ഭൂതം പറഞ്ഞു:
"തീര്‍ച്ചയായും. എല്ലാ പണികളും ഞാന്‍ ഭംഗിയായി ചെയ്തിരിക്കും. പക്ഷെ ഒരു കാര്യമുണ്ട്. എനിക്ക് തുടര്‍ച്ചയായി ജോലി ചെയ്ത് കൊണ്ടിരിക്കണം. ഒരു ജോലി കഴിയുമ്പോഴേയ്ക്കും അടുത്ത ജോലി തരണം. പറ്റില്ലെങ്കില്‍ ഇപ്പോള്‍ എന്നെ പറഞ്ഞു വിടണം. തുടങ്ങിക്കഴിഞ്ഞു പിന്നെ എനിക്ക് ജോലി ചെയ്യാനില്ലാതായാല്‍ ഞാന്‍ താങ്കളെ കൊന്നു കളയും"
ആശ്രമത്തിലാണോ ജോലിക്ക് ക്ഷാമം? ദിവ്യന്‍ രണ്ടാമതൊന്നാലോചിക്കാതെ സമ്മതിച്ചു.
ആശ്രമമവും പരിസരവും വൃത്തിയാക്കാനാണ് ആദ്യം ഭൂതത്തെ ഏല്‍പ്പിച്ചത്. സാധാരണ നിരവധി പണിക്കാര്‍ കുറെ ദിവസങ്ങളെടുക്കുന്ന ജോലിയാണ്. ഭൂതത്തിന് പണി കൊടുത്ത് ദിവ്യന്‍ സമാധാനമായി പൂജാമുറിയിലേയ്ക്ക് കയറി.
അധികം കഴിഞ്ഞില്ല, തന്‍റെ പണി തീര്‍ത്ത് ഭൂതം ദിവ്യന്‍റെ മുന്നിലെത്തി. ദിവ്യന്‍ അടുത്ത ജോലി ഏല്‍പ്പിച്ചു. പക്ഷേ അതും ഞൊടിയിടെ തീര്‍ത്ത് ഭൂതം അടുത്ത ജോലിയന്വേഷിച്ച് എത്തി. ദിവ്യന്‍ ഒരോ ജോലിയായി പറഞ്ഞു കൊണ്ടിരുന്നു. അതെല്ലാം ഉടനടി ചെയ്ത് തീര്‍ത്ത് ഭൂതം ദിവ്യന്‍റെ അടുത്തെത്തും. ദിവ്യന് മറ്റൊന്നും ചെയ്യാന്‍ സമയമില്ലാതായി. കുറച്ച് കഴിഞ്ഞപ്പോഴോ, ഭൂതത്തിന് കൊടുക്കാന്‍ പണിയില്ലാതായി!
ദിവ്യന്‍റെ അടുത്തെത്തിയ ഭൂതം ദിവ്യനെ ഓര്‍മ്മിപ്പിച്ചു.
"നമ്മള്‍ തമ്മിലുള്ള കരാര്‍ പ്രകാരം എനിക്ക് തുടര്‍ച്ചയായി ജോലി തന്നുകൊണ്ടിരിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ പിന്നെ ഞാന്‍ നിങ്ങളെ കൊല്ലും!"
ദിവ്യന്‍ പുലിവാല് പിടിച്ച പോലായി. കാര്യം ഭൂതത്തെ മന്ത്രശക്തി കൊണ്ട് പിടിച്ച് കെട്ടാം. പക്ഷെ വാക്ക് കൊടുത്ത് പോയില്ലേ? പാലിച്ചല്ലേ പറ്റൂ? ദിവ്യന്‍ അറിയാതെ തല ചൊറിഞ്ഞു പോയി.
പെട്ടെന്നാണ് അദ്ദേഹത്തിന് ഒരു ബുദ്ധി തോന്നിയത്. ദിവ്യന്‍ വേഗം തന്നെ തന്‍റെ തലയില്‍ നിന്നും ഒരു നീളമുള്ള തന്‍റെ ചുരുണ്ട മുടി പിഴുതെടുത്തു. എന്നിട്ട് അത് ഭൂതത്തിന്‍റെ കയ്യില്‍ കൊടുത്ത് കൊണ്ട് പറഞ്ഞു.
"ദാ! ഇപ്പോള്‍ ഈ ജോലി ചെയ്ത് തീര്‍ക്കൂ. ഈ മുടിയുടെ വളവ് നിവര്‍ത്ത് നേരെയാക്കൂ. അത് കഴിയുമ്പോഴെയ്ക്കും അടുത്ത ജോലി പറയാം."
"ഇതാണോ ഇത്ര വലിയ കാര്യം? അടുത്ത ജോലി ശരിയാക്കിക്കോളൂ. ഇതീ നിമിഷം തീര്‍ത്ത് തരാം." ഭൂതം പറഞ്ഞു. എന്നിട്ട് ആ മുടി കയ്യിലെടുത്ത് വളവ് നിവര്‍ത്തി തിരികെ കൊടുക്കാനൊരുങ്ങി.
എന്തു കാര്യം? മുടി വളവ് നിവര്‍ത്തി കൈ വിടുമ്പോഴേയ്ക്കും അത് വീണ്ടും ചുരുണ്ട് പഴയ പടിയാകും. ദാ, ഇപ്പോഴും ആ ഒരു മുടിയുടെ വളവ് തീര്‍ക്കാന്‍ ശ്രമിച്ച് ഭൂതം ആശ്രമത്തിലെവിടെയൊ ഇരിപ്പുണ്ട്!
0 Comments