ഭാഗ്യവും നിര്‍ഭാഗ്യവും - Bhagyavum Nirbagyavum

ഒരിടത്ത് ഒരു കൃഷിക്കാരനുണ്ടായിരുന്നു. സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം തന്‍റെ ജോലി ഭംഗിയായി നിര്‍വഹിക്കുകയും കഴിയുന്നത് പോലെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തിരുന്നു.

അങ്ങിനെയിരിക്കേ ഒരു ദിവസം കൃഷിക്കാരന്‍റെ കഴുതയെ കാണാതായി. ആകെ വിഷമിച്ച അയാള്‍ കഴുതയെ ദിവസം മുഴുവന്‍ തിരഞ്ഞു. പക്ഷെ കണ്ട് കിട്ടിയില്ല.
 
കഴുത കാട്ടിലേയ്ക്ക് ഓടിപ്പോകുന്നത് കണ്ടിരുന്നുവെന്ന് ഒരാള്‍ പറഞ്ഞു. 

"കഷ്ടം! കൃഷിക്കാരന്‍റെ നിര്‍ഭാഗ്യം! ഇനി എന്ത് ചെയ്യാനാണ്. കഴുത പോയത് തന്നെ!" വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പറഞ്ഞു.

കൃഷിക്കാരന്‍ ഒന്നും പറഞ്ഞില്ല.

അത്ഭുതമെന്നേ പറയേണ്ടൂ, കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ കഴുത മറ്റൊരു പെണ്‍കഴുതയുമായി തിരികെയെത്തി.

"എന്തൊരു ഭാഗ്യമാണ് കൃഷിക്കാരന്! വെറുതെ ഒരു കഴുതയെ കിട്ടിയില്ലേ!" വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പറഞ്ഞു.

മറ്റൊരു ദിവസം, കൃഷിക്കാരന്‍റെ ഏക മകന്‍ പണിക്കിടയില്‍ കാല്‍ തെറ്റി വീണ് കാലൊടിഞ്ഞ് കിടപ്പിലായി. യാതൊരു ശങ്കയുമില്ലാതെ നാട്ടുകാര്‍ പറഞ്ഞു.

"നിര്‍ഭാഗ്യം എന്നല്ലാതെ എന്തു പറയാന്‍! എത്ര കാലം ഈ കിടപ്പ് കിടക്കേണ്ടി വരും. കൃഷിക്കാരന് നല്ല പണിയായി!"

കൃഷിക്കാരന്‍ ഒന്നും പറയാതെ തന്‍റെ പണി തുടര്‍ന്നു.

അപ്പോഴാണ് രാജ്യത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. നാട്ടിലെ ആരോഗ്യവാന്മാരായ ചെറുപ്പക്കാരെയെല്ലാം നിര്‍ബന്ധിതമായി പട്ടാളത്തില്‍ ചേര്‍ത്തു. കൃഷിക്കാരന്‍റെ മകന്‍ കിടപ്പിലായത് കൊണ്ട് പട്ടാളത്തില്‍ ചേരേണ്ടി വന്നില്ല. യുദ്ധത്തില്‍ പങ്കെടുത്ത പലരും മരണപ്പെടുകയും നിരവധി പേര്‍ക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്തു.

"കൃഷിക്കാരന് നല്ല ഭാഗ്യമുണ്ട്. തക്ക സമയത്ത് തന്നെ മകന്‍ വീണ് കാലൊടിഞ്ഞു!" നാട്ടുകാര്‍ പറഞ്ഞു.

ഇങ്ങനെ കൃഷിക്കാരന്‍റെയെന്നല്ല, ഓരോരുത്തരുടെയും ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ ആളുകള്‍ അഭിപ്രായം മാറ്റിമാറ്റി പറഞ്ഞ് കൊണ്ടേയിരുന്നു. കൃഷിക്കാരന്‍ അതിലൊന്നും ശ്രദ്ധ കൊടുക്കാതെ തന്‍റെ ജോലി ആത്മാര്‍ത്ഥമായി ചെയ്തു കൊണ്ടേയിരുന്നു.

ഭാഗ്യവും നിര്‍ഭാഗ്യവും മാറി മാറി വരുന്നതാണ് ജീവിതമെന്നും, അവ സധൈര്യം നേരിടണമെന്നും അയാള്‍ക്ക് അറിയാമായിരുന്നു.

Post a Comment

0 Comments