സിംഹഭാഗം - ഈസൊപ്പ് കഥ Simhabhagam (Lion's Share) Aesop Fables


ഒരിയ്ക്കല്‍ ഒരു സിംഹം  ഒരു കുറുക്കനെയും, ചെന്നായയെയും നായാട്ടിനായി കൂടെ കൂട്ടി. വേട്ടയാടിപ്പിടിക്കുന്ന മൃഗത്തെ മൂന്ന് പേര്‍ക്കും തുല്യമായി വീതിച്ചെടുക്കാം എന്നായിരുന്നു ധാരണ.

അങ്ങിനെ ഇരയെ തേടി നടക്കവേ പെട്ടെന്ന് കുറുക്കന്‍ ഒരു കലമാനിനെ കണ്ട് മറ്റുള്ളവരെ കാണിച്ചു. ഉടന്‍ തന്നെ ചെന്നായ അതിനെ ഓടിച്ച്  സിംഹത്തിന്‍റെ മുന്പിലെത്തിച്ചു.

സിംഹം അനായാസം ഒറ്റയടിക്ക് മാനിനെ കൊന്നു അതിനു ശേഷം മൂന്നു പേരും കൂടി മാനിനെ ഭാഗം വെയ്ക്കാന്‍ തീരുമാനിച്ചു. 

മൃഗരാജനല്ലേ സിംഹം! വീതം വെയ്ക്കാനുള്ള ചുമതല സിംഹം തന്നെ എറ്റെടുത്തു. മാനിനെ മൂന്ന് ഭാഗമാക്കി വെച്ചു. അതിനുശെഷം സിംഹം ഒന്നാമത്തെ ഭാഗമെടുത്ത് മാറ്റിവെച്ചുകൊണ്ട് പറഞ്ഞു.

"ആദ്യത്തെ ഭാഗം മൃഗരാജാവായ എനിക്ക് തന്നെ അവകാശപ്പെട്ടതാണ്." ബാക്കിയുള്ളവര്‍ അത് സമ്മതിച്ചു.

"ഇനി രണ്ടാമത്തെ ഭാഗം, അത് കൂട്ടത്തില്‍ ശക്തനായ എനിക്ക് തന്നെ അവകാശപ്പെട്ടതാണ്." സിംഹം അടുത്ത ഭാഗം കൂടി തന്‍റെ അടുത്തേക്ക് നീക്കി വെച്ചു.

കുറുക്കനും ചെന്നായയും ഒന്നും പറയാതെ നിന്നു.

സിംഹം അവശേഷിച്ച മൂന്നാമത്തെ ഭാഗത്തിന് മീതെ തന്‍റെ കൈ എടുത്ത് വെച്ച് മറ്റ് രണ്ട് പേരെയും മാറി മാറി നോക്കി. എന്നിട്ട് ക്രൌര്യത്തോടെ മുരണ്ട് കൊണ്ട് പറഞ്ഞു.

"ഇനി ബാക്കിയുള്ള ഈ ഭാഗത്തിന് നിങ്ങള്‍ക്ക് രണ്ട് പേരിലാര്‍ക്കെങ്കിലും താത്പര്യമുണ്ടെങ്കില്‍ ഇപ്പോള്‍ പറയണം."

കാര്യത്തിന്‍റെ കിടപ്പ് മനസ്സിലായത് കൊണ്ട് കുറുക്കനും ചെന്നായയും ഒന്നും പറയാതെ ജീവനും കൊണ്ട് സ്ഥലം വിട്ടു.

എന്തിന്റെയെങ്കിലും പ്രധാന പങ്ക് എന്നര്‍ത്ഥമാക്കുന്ന സിംഹഭാഗം എന്ന ശൈലി ഇന്നും പ്രയോഗത്തിലുണ്ട്. തന്നേക്കാള്‍ കരുത്തരായവരുമായി പങ്ക് ചേര്‍ന്നാല്‍ പലപ്പോഴും പങ്കിന്‍റെ ഒരു വലിയ ഭാഗം കൂട്ടത്തില്‍ ശക്തന്‍ പിടിച്ചെറ്റുക്കുന്നത് നോക്കി നില്‍ക്കേണ്ടി വരും.


കാട്ടിലെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments