ദാമുവിന്റെയും സോമുവിന്റെയും പുനര്‍ജന്‍മം - Punarjanmathinte Katha

പണ്ടുപണ്ട് ഒരു ഗ്രാമത്തിൽ പാവപ്പെട്ട രണ്ടു കൃഷിക്കാർ താമസിച്ചിരുന്നു, സോമുവും ദാമുവും. അവർ അവർക്കുണ്ടായിരുന്ന ചെറിയ സ്ഥലത്ത് വളരെയധികം കഠിനാധ്വാനം ചെയ്തിട്ടാണ് അവരുടെ കുടുംബത്തെ സംരക്ഷിച്ചുകൊണ്ടിരുന്നത്.

അങ്ങനെയിരിക്കെ പെട്ടെന്നൊരുദിവസം സോമുവും ദാമുവും മരണപ്പെട്ടു.

അങ്ങനെ ദൈവസന്നിധിയിൽ എത്തിയ രണ്ടുപേരോടുമായി ദൈവം ചോദിച്ചു.

"നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ എന്ത് കുറവാണ് ഉണ്ടായിരുന്നത്?"

ഇതുകേട്ട ഉടനെ സോമു ദേഷ്യത്തോടെ പറഞ്ഞു " നിങ്ങൾ എനിക്ക് നല്ലത് ഒന്നും തന്നെ തന്നില്ല പകരം വളരെയധികം വേദന  നിറഞ്ഞ ജീവിതമാണ് നൽകിയത്. ഞാൻ എൻ്റെ ജീവിതകാലം മുഴുവനും ഒരു കാളയെ പോലെ പണിയെടുത്തിട്ടും എനിക്ക് ഒന്നും തന്നെ സമ്പാദിക്കാൻ കഴിഞ്ഞില്ല. ഞാൻ പണിയെടുത്ത് കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് എനിക്കും എൻ്റെ കുടുംബത്തിനും ആഹാരത്തിനു മാത്രമേ തികഞ്ഞിരുന്നുള്ളൂ. എനിക്കും എൻ്റെ കുടുംബത്തിനും നല്ല ഭക്ഷണം കഴിക്കാനോ നല്ല വസ്ത്രം ധരിക്കാനോ ഉള്ള ഭാഗ്യം ഒന്നും തന്നെ ഉണ്ടായില്ല."

ഇതു കേട്ട ദൈവം സോമുവിനോട് ചോദിച്ചു "ശരി. നിങ്ങൾക്ക് ഇപ്പോൾ എന്താണ് വേണ്ടത്? അത് എന്തുതന്നെ ആയാലും ഞാൻ നിങ്ങളുടെ അടുത്ത ജന്മത്തില്‍ സാധിപ്പിച്ചുതരാം."

ഇതുകേട്ട സോമു വളരെയധികം സന്തോഷത്തോടെ ചോദിച്ചു  "ഞാൻ ഒരിക്കലും ആർക്കും ഒന്നും കൊടുക്കേണ്ടി വരരുത്, പകരം എനിക്ക് എല്ലാവരുടെ കയ്യിൽ നിന്നും പൈസയും മറ്റു സാധനങ്ങളും കിട്ടികൊണ്ടേയിരിക്കണം. എൻ്റെ ഈ ആഗ്രഹം ദൈവത്തിന് സാധിച്ചുതരാൻ പറ്റുമോ?" 

ദൈവം പറഞ്ഞു " തീർച്ചയായും. നിങ്ങൾ പറഞ്ഞപ്രകാരമുള്ള ജീവിതം അടുത്ത ജന്മത്തില്‍ ഞാൻ നിങ്ങൾക്ക് നൽകാം." 

അടുത്തത് ദാമുവിൻ്റെ ഊഴമായിരുന്നു. ദൈവം ദാമുവിനോട് അതേ ചോദ്യം ചോദിച്ചു " നിങ്ങൾക്ക് കഴിഞ്ഞ ജീവിതത്തിൽ എന്താണ് കുറവുണ്ടായിരുന്നത്?"

ദാമു വിനയത്തോടെ കൈകൂപ്പികൊണ്ടു പറഞ്ഞു " ദൈവമേ, അങ്ങ് കഴിഞ്ഞ ജീവിതത്തിൽ എനിക്ക് എല്ലാം തന്നിരുന്നു, എനിക്ക് നല്ലൊരു കുടുംബവും കുറച്ച് ഭൂമിയും തന്നു, എനിക്കും എൻ്റെ കുടുംബത്തിനും ആവശ്യമായ ഭക്ഷണം തന്നു, എനിക്കും എൻ്റെ കുടുംബത്തിനും ഒരിക്കലും വിശന്ന് കിടന്നുറങ്ങേണ്ടി വന്നിട്ടില്ല.

എന്നാലും ഒരു കാര്യത്തിൽ എൻ്റെ ജീവിതത്തിൽ കുറവ് വന്നിട്ടുണ്ട്,എൻ്റെ ജീവിതകാലം മുഴുവനും അതിൽ ഞാൻ വിഷമിച്ചിരുന്നു, ഇപ്പോഴും വിഷമിക്കുന്നു.

ചിലസമയങ്ങളിൽ, ഭക്ഷണം കിട്ടാതെ വിശന്നുതളർന്ന ആളുകൾ എൻ്റെ വീട്ടുവാതിൽക്കൽ എത്താറുണ്ട്, എന്നാൽ അവർക്ക് കൊടുക്കാൻ ഞങ്ങളുടെപക്കൽ  ഭക്ഷണം ഒന്നും തന്നെ മിച്ചം കിട്ടാറില്ല. അത് കൊണ്ട് അവർക്ക് വിശപ്പോടുകൂടി തന്നെ എൻ്റെ വീട്ടിൽ നിന്നും മടങ്ങിപോകേണ്ടി വരാറുണ്ട്." 

ദൈവം ചോദിച്ചു " നിങ്ങളുടെ അടുത്ത ജന്മത്തില്‍ നിങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തു തരേണ്ടത്?" 

"വിശന്നുകൊണ്ട് എൻ്റെ വീട്ടിൽ വരുന്നവരാരും ഭക്ഷണം കിട്ടാതെ തിരിച്ചുപോകരുത്. അതിനുവേണ്ടി അങ്ങ് എന്തെങ്കിലും ചെയ്യണം." ദാമു അപേക്ഷിച്ചു.

ദൈവം പറഞ്ഞു "ശരി, നിങ്ങൾ പൊയ്ക്കോളൂ. നിങ്ങൾ ചോദിച്ചതു പോലെ അടുത്ത ജീവിതത്തിൽ തരാം."

അങ്ങനെ സോമുവും ദാമുവും ഒരേ ഗ്രാമത്തിൽ ഒരേ സമയത്ത് പുനർജനിച്ചു. അവർ വളർന്നു വലുതായപ്പോൾ ദൈവത്തോട് അവർ ആവശ്യപ്പെട്ട പ്രകാരമുള്ള ജീവിതം അവർക്ക് രണ്ടുപേർക്കും കിട്ടി.

സോമു ദൈവത്തോട് ആവശ്യപ്പെട്ട പോലെ അയാൾക്ക് എല്ലാഭാഗത്തുനിന്നും പൈസയും സാധനങ്ങളും കിട്ടാൻ തുടങ്ങി. അതേസമയം തന്നെ സോമുവിന് ആർക്കും ഒന്നും കൊടുക്കേണ്ടി വന്നുമില്ല, കാരണം അയാൾ ഗ്രാമത്തിലെ ഒരു പിച്ചക്കാരനായിട്ടായിരുന്നു ജനിച്ചത്!

അതേ സമയം ദാമുവിൻ്റെ വീട്ടിൽ വിശന്നു കയറി വരുന്നവർ ആരുംതന്നെ വയർ നിറയാതെ തിരിച്ചുപോയിരുന്നില്ല, കാരണം ദാമു ആ ഗ്രാമത്തിലെ വലിയ പണക്കാരനായിട്ടായിരുന്നു ജന്മമെടുത്തത്!

 

Post a Comment

0 Comments