ഒരിടത്തൊരിടത്ത് അതിബുദ്ധിമാനായ ഒരാള്‍ ജീവിച്ചിരുന്നു. ശരിക്കു പറഞ്ഞാല്‍, താന്‍ അതിബുദ്ധിമാനാണെന്ന് അഹങ്കരിച്ചിരുന്ന ഒരാള്‍. വിശ്വസിക്കുക മാത്രമല്ല, നാലാള്‍ കൂടുന്നിറ്റത്ത് അങ്ങിനെ വിളിച്ച് പറയാനും മടിയില്ലാത്ത ഒരാള്‍. മറ്റുള്ളവരെല്ലാം തീരെ ബുദ്ധിയില്ലാത്തവരാണെന്നാണ് അയാളുടെ അഭിപ്രായം.
ഒരു ദിവസം അതിബുദ്ധിമാന്‍ ചന്തയില്‍ പോയി. അവിടെ നല്ല ഒരു കഴുതയെ കണ്ടപ്പൊള്‍ അതിനെ വില കൊടുത്ത് വാങ്ങി. കഴുതയുടെ കഴുത്തില്‍ ഒരു കയര്‍ കെട്ടി അതിനെ വലിച്ചു കൊണ്ട് അയാള്‍ വീട്ടിലേയ്ക്ക് മടങ്ങി.
നല്ല കരുത്തനായ ഒരു കഴുതയെയും കൊണ്ട് നമ്മുടെ അതിബുദ്ധിമാന്‍ വരുന്നത് രണ്ട് കള്ളന്മാര്‍ കണ്ടു. ഇതു തന്നെ അയാളെ ഒരു പാഠം പഠിപ്പിക്കാനുള്ള അവസരമെന്ന് അവര്‍ കരുതി. ഒപ്പം നല്ല ഒരു കഴുതയെയും കിട്ടും.
അവര്‍ പതുങ്ങി പതുങ്ങി അതിബുദ്ധിമാന്‍റെ പുറകിലെത്തി. ഒരാള്‍ കഴുതയുടെ കഴുത്തില്‍ കെട്ടിയിരുന്ന് കയര്‍ അഴിച്ച് സ്വന്തം കഴുത്തില്‍ കെട്ടി അതിബുദ്ധിമാന്‍റെ പുറകെ നടക്കാന്‍ തുടങ്ങി. മറ്റെയാള്‍ വേഗം കഴുതയുമായി സ്ഥലം വിട്ടു.
കുറച്ച് ദൂരം കഴിഞ്ഞ് കഴുതയെ തിരിഞ്ഞ് നോക്കിയ അതിബുദ്ധിമാന്‍ ഞെട്ടിപ്പൊയി. കഴുതയുടെ സ്ഥാനത്ത് ഒരു മനുഷ്യന്‍!
"അയ്യൊ! നീയാരാണ്? എന്‍റെ കഴുത എവിടെ?" അതിബുദ്ധിമാന്‍ ചോദിച്ചു.
"ഞാന്‍ തന്നെയാണ് പ്രഭൊ അങ്ങ് ചന്തയില്‍ നിന്നു വാങ്ങിച്ച ആ കഴുത!" കള്ളന്‍ ഭവ്യതയൊടെ പറഞ്ഞു.
"നുണ പറയേണ്ട! സത്യം പറയൂ! എന്‍റെ കഴുത എവിടെ?" അതിബുദ്ധിമാന് അയാള്‍ പറഞ്ഞത് വിശ്വാസമായില്ല.
"സത്യമാണ് ഞാന്‍ പറഞത്. കുറെ കാലമായി ഞാന്‍ ഒരു കഴുതയായി മോചനം കാത്ത് കഴിയുന്നു. കുറച്ച് വര്‍ഷം മുന്പ് ഞാനെന്‍റെ അമ്മയെ ദ്രോഹിച്ചതിന് ശാപം കിട്ടി കഴുതയായതാണ്. അതിബുദ്ധിമാനും നല്ലവനുമായ ഒരാള്‍ എന്നെ എന്നു വിലകൊടുത്ത് വാങ്ങുന്നുവൊ അന്നേ എനിക്ക് ശാപമോക്ഷം കിട്ടി മനുഷ്യജന്മം തിരിച്ച് കിട്ടൂ. ഇപ്പൊഴിതാ മഹാനായ അങ്ങ് എനിക്ക് ശാപമോക്ഷം നേടി തന്നിരിക്കുന്നു. ഞാനെന്നും അങ്ങേക്ക് കടപ്പെട്ടിരിക്കുന്നു"
ഇതെല്ലാം കേട്ട നമ്മുടെ അതിബുദ്ധിമാന്‍റെ കാര്യം പറയാനുണ്ടൊ? തന്‍റെ മഹത്വം തെളിഞ്ഞ അവസരമല്ലേ? അയാള്‍ സന്തോഷത്തോടെ പറഞ്ഞു.
"നിന്നെ ഞാനിതാ മോചിപ്പിച്ചിരിക്കുന്നു. ഇനിയെങ്കിലും അമ്മയെ നല്ല പോലെ നോക്കുക"
ചിരിയടക്കാനാകാതെ കള്ളന്‍ തിരികെ പോയി. അതിബുദ്ധിമാന്‍ വീട്ടിലേയ്ക്കും.
കള്ളന്മാര്‍ ആ കഴുതയെ അതേ ചന്തയില്‍ തന്നെയാണ് വില്‍ക്കാന്‍ കൊണ്ടുപോയത്. താന്‍ കുറച്ച് നേരം മുന്പ് വിറ്റ കഴുതയെ കച്ചവടക്കാരന്‍ തിരിച്ചറിഞ്ഞു. വിവരം തിരക്കിയ അയാളോട് തങ്ങള്‍ അതിബുദ്ധിമാനെ പറ്റിച്ച കഥ അവര്‍ വിവരിച്ചു. കഥ കേട്ട നാട്ടുകാര്‍ ചിരിച്ച് ചിരിച്ച് അവശരായി.
പിറ്റേ ദിവസം തന്നെ നമ്മുടെ അതിബുദ്ധിമാന്‍ ചന്തയിലെത്തി. നഷ്ടപ്പെട്ട കഴുതയ്ക്ക് പകരം ഒരു പുതിയ കഴുതയെ വാങ്ങാന്‍ അയാള്‍ കഴുതക്കച്ചവടക്കാരന്‍റെ അടുത്തെത്തി.
കഴുതകളുടെ കൂട്ടത്തില്‍ താന്‍ കഴിഞ്ഞ ദിവസം വെറുതെ വിട്ട കഴുതയെ കണ്ടതും താന്‍ കബളിപ്പിക്കപ്പെട്ടതാനെന്ന് അയാള്‍ക്ക് മനസ്സിലായി. എന്നാല്‍ അതു ഭാവിക്കാതെ അയാല്‍ ആ കഴുതയുടെ അടുത്ത് ചെന്ന് പറഞ്ഞു.
"ഒരു പ്രാവശ്യം കരുണ തോന്നി ഞാന്‍ നിന്നെ വിട്ടയച്ചു. പക്ഷെ, വീണ്ടും അതേ തെറ്റ് ചെയത് നീ കഴുതയായിരിക്കുന്നു. ഇപ്രാവശ്യം നിന്നെ ഞാന്‍ രക്ഷിക്കില്ല!"
ഇതും പറഞ്ഞു അയാള്‍ തിരിച്ചു പോയി.
കഥകളെല്ലാം അറിയാവുന്ന കച്ചവടക്കാരനും നാട്ടുകാരും ചിരിച്ച് ചിരിച്ച് മണ്ണുകപ്പി എന്ന് പറഞ്ഞാല്‍ മതിയല്ലൊ!
Image courtesy: http://clipart-library.com/
0 Comments