ഒരിക്കല്‍ നസീറുദ്ദീന്‍ ഹോജ തന്റെ കഴുതയെ വില്‍ക്കുവാനായി ചന്തയില്‍ പോയി. കുറെ നേരം കഴിഞ്ഞാണ് ഒരാള്‍ കഴുതയെ വാങ്ങാനെത്തിയത്. കുറച്ചുനേരത്തെ വില പേശലിന് ശേഷം 200 നാണയത്തിന് വില ഉറപ്പിച്ച് കച്ചവടമാക്കി.
ഹോജ പൈസ വാങ്ങിയതിന് ശേഷയും ചന്തയില്‍ കുറച്ചു നേരം ചുറ്റിയടിച്ചു തിരികെ പഴയ സ്ഥലത്തെത്തിയപ്പോള്‍ അവിടെ ഒരു ലേലം നടക്കുന്നു. ഹോജ നോക്കിയപ്പോള്‍ താന്‍ വിറ്റ കഴുതയെ അത് വാങ്ങിയ ആള്‍ ലേലം ചെയ്യുകയാണ്. ഹോജ കൌതുകത്തോടെ ലേലം കണ്ടു നിന്നു.
ഒരാള്‍ കഴുതയ്ക്ക് 250 നാണയം വില പറഞ്ഞു.
ഉടനെ വേറൊരാള്‍ 50 നാണയം കൂട്ടി വിളിച്ചു. ആദ്യത്തെയാള്‍ അത് 350 നാണയമാക്കി. ഉടനെ മറ്റൊരാള്‍ 400 നാണയമാക്കി. അങ്ങിനെ വളരെ ആവേശത്തോടെ വില കേറി വരുന്നത് കണ്ടു നിന്ന ഹോജയ്ക്ക് അതിശയമായി.
ഉടനെ ഒരാള്‍ 500 നാണയം വില ഉറപ്പിച്ചു. ലേലം ഉറപ്പിക്കാന്‍ പോകുകയാണെന്ന് കണ്ട ഹോജ അത്ഭുതത്തോടെ വിചാരിച്ചു
"ഞാനെന്തൊരു മഠയനാണ്. ഇത്രയും വിലയുള്ള വിശേഷപ്പെട്ട ഒരു കഴുതയെ ഞാന്‍ വെറും 200 നാണയത്തിന് വിറ്റല്ലോ?"
പിന്നെ ഹോജ ഒന്നും ചിന്തിച്ചില്ല. ഉടനെ തന്നെ ഹോജ ഉറക്കെ വിളിച്ച് പറഞ്ഞു.
"600 നാണയം!"'
അങ്ങിനെ താന്‍ വിട്ട കഴുതയെ 600 നാണയം കൊടുത്തു തിരികെ വാങ്ങി ഹോജ സന്തോഷത്തോടെ വീട്ടിലേക്ക് തിരിച്ചു.
0 Comments