പട്ടണത്തിലെ സ്വീകരണം - ഒരു നര്‍മ്മകഥ


ഒരിടത്ത് ഒരിടത്ത് ഒരു പാവം കര്‍ഷകനുണ്ടായിരുന്നു.  മാധവന്‍ എന്നായിരുന്നു അയാളുടെ പേര്. അദ്ദേഹത്തിന്  കുടുംബമൊന്നും ഉണ്ടായിരുന്നില്ല. പണിയെടുത്ത് കുറെ പണം കയ്യില്‍ വന്നപ്പോള്‍  അദ്ദേഹം ഒരു യാത്ര പോകാന്‍ തീരുമാനിച്ചു. ആ ഗ്രാമവാസികള്‍ ആരും തന്നെ ആ ഗ്രാമം വിട്ട് വേറെ എവിടേയും പോയിട്ടെയില്ലായിരുന്നു. അത് കൊണ്ട് തന്നെ മാധവന്‍റെ തീരുമാനം അറിഞ്ഞ ഗ്രാമവാസികള്‍ അദ്ദേഹത്തിന് എല്ലാ ആശംസകളും നേര്‍ന്ന് ഒരു യാത്രയയപ്പ് നല്കി.

അങ്ങിനെ കുറെ ഗ്രാമങ്ങളും പട്ടണങ്ങളും സന്ദര്‍ശിച്ച് മാധവന്‍  ഒരു പുതിയ പട്ടണത്തിലെത്തി. അവിടത്തെ ആളുകള്‍ സംസാരിക്കുന്ന ഭാഷ അദ്ദേഹത്തിന് മനസ്സിലാകുണ്ടായിരുന്നില്ല. മാധവന്‍  ചെന്നു നിന്നത് ഒരു ഭക്ഷണശാലയുടെ മുന്‍പിലായിരുന്നു. അവിടെ കണ്ട ഒരു മധുരപലഹാരം മാധവന്‍റെ ശ്രദ്ധ ആകര്‍ഷിച്ചു.

"ഇതിനെന്താ വില?" മാധവന്‍  ചോദിച്ചു

മാധവന്‍റെ  ചോദ്യം കടക്കാരന് മനസ്സിലായില്ല. അയാള്‍ വിചാരിച്ചു ഭക്ഷണത്തിന്റെ പേരാണ് മാധവന്‍ ചോദിച്ചതെന്ന്. അയാള്‍ കൈകള്‍ വിരിച്ച് ആ പലഹാരത്തിന്റെ പേര് പറഞ്ഞു.

മാധവന്  ഒന്നും മനസ്സിലായില്ല. കടക്കാരന്‍ കാണിച്ച ആംഗ്യം "ആവശ്യത്തിനെടുത്തോളൂ" എന്നാണ് മാധവന്‍ മനസ്സിലാക്കിയത്.

മാധവന്‍ ആവശ്യത്തിന് പലഹാരം എടുത്തു കഴിച്ചു. എന്നിട്ട് കടക്കാരനോട് "എത്ര രൂപയായി" എന്ന്‍ സ്വന്തം ഭാഷയില്‍ ചോദിച്ചു.

വീണ്ടും കടക്കാരന്‍ കൈകള്‍ കൊണ്ട് എന്തോ ആംഗ്യം കാണിച്ച് വില പറഞ്ഞു

"ഓ! എല്ലാം സൌജന്യമായി തന്നതാണോ? വളരെ നന്ദി!" അതും പറഞ്ഞു മാധവന്‍ യാത്ര തുടങ്ങി. മാധവന്‍ മനസ്സിലാക്കിയത് "പണമൊന്നും വേണ്ട" എന്നാണ് കടക്കാരന്‍ പറഞ്ഞത് എന്നാണ്. 

പിന്നില്‍ നിന്നും കടക്കാരന്‍ പണത്തിനായി വിളിക്കുന്നുണ്ടായിരുന്നു. 

മാധവന്‍ തിരിഞു നോക്കാതെ പറഞ്ഞു. "അയ്യോ! ഇനി എനിക്കൊന്നും കഴിക്കാനാകില്ല. വയറ് നിറഞ്ഞു"

ഈ പരദേശിയായ വ്യക്തി എന്തു കൊണ്ടാണ് പണമൊന്നും തരാതെ പോകുന്നതെന്ന് കടക്കാരന്‍ ചിന്തിച്ചു. ഇത്ര ധൈര്യത്തോടെ പലഹാരം തിന്ന് പണം തരാതെ പോകുന്ന ഈ കള്ളനെ അങ്ങിനെ വിടാന്‍ പറ്റില്ലെന്ന് അയാള്‍ ഉറച്ചു.

അയാള്‍ നേരെ ന്യായാധിപന്റെ അടുത്തെത്തി പരാതി പറഞ്ഞു. ന്യായാധിപന്‍ ഉടനെ തന്നെ മാധവനെ പിടിച്ച് കൊണ്ട് വരാന്‍ തന്റെ പടയാളികളെ അയച്ചു.

ഇതൊന്നുമറിയാതെ പട്ടണം ചുറ്റിക്കാണുകയായിരുന്നു മാധവന്‍!

കുതിരപ്പുറത്തെത്തിയ പടയാളികള്‍ മാധവനെ പിടിച്ച് ന്യായാധിപന്റെ മുന്‍പിലെത്തിച്ചു.

മാധ്വനെതിരെയുള്ള കൂട്ടം വായിച്ച ന്യായാധിപന്‍ എന്തെങ്കിലും പറയാനുണ്ടോ എന്നു മാധവനോട് ചോദിച്ചു. മാധവന്‍ എന്ത് പറയാന്‍? നടക്കുന്നതെന്താണെന്ന് ഗ്രാമത്തില്‍ നിന്നും വന്ന, ഭാഷയറിയാത്ത മാധവനുണ്ടോ മനസ്സിലാകുന്നു

മാധവന്‍ ചിരിച്ചു കൊണ്ട് തലയാട്ടിക്കൊണ്ടിരുന്നു.

അയാള്‍ കുറ്റം സമ്മതിക്കുകയാണെന്ന് ന്യായാധിപന്‍ കരുതി. 

കടക്കാരന്റെ പണം കൊടുക്കാന്‍ തയ്യാറാണോ എന്നായിരുന്നു അടുത്ത ചോദ്യം. കടക്കാരനെ ചൂണ്ടി ഈ ചോദ്യം ചോദിച്ചപ്പോള്‍ മാധവന്‍ കരുതി "ഇനിയും പലഹാരം വേണോ" എന്നായിരിക്കും ചോദിച്ചതെന്ന്.

തനിക്കിനിയും പലഹാരം വേണ്ട എന്ന് അയാള്‍ തലയാട്ടി.

ന്യായാധിപന് പിന്നെ ഒന്നും നോക്കാനില്ലായിരുന്നു. അദ്ദേഹം  ശിക്ഷ വിധിച്ചു.

"യാത്രക്കാരന്‍ കടയില്‍ നിന്നും പലഹാരം മോഷ്ടിച്ചതിന് തുല്യമാണ് ചെയ്ത കുറ്റം. എന്തായാലും കുറ്റം സമ്മതിച്ച നിലയ്ക്ക് ഒരു പരദേശി എന്ന നിലയില്‍ ഇയാളെ തല മൊട്ടയടിച്ച്, കുതിരച്ചാണം പൂശി, കഴുതപ്പുരതിരുത്തി പട്ടണം മുഴുവന്‍ ചുറ്റിയടിച്ചു അതിര്‍ത്തിയില്‍ കൊണ്ട് പോയി വിടുക. "

ഉത്തരവ് പ്രകാരം മാധവന്‍റെ തല അവര്‍ മൊട്ടയടിച്ചു. ശരീരമാകെ കുതിരച്ചാണം പുരട്ടി, മാല അണിയിച്ച് കഴുതപ്പുറത്തു കൊട്ടും കുരവയുമായി പട്ടണം മുഴുവന്‍ ചുറ്റി. പോകുന്ന വഴിക്കെല്ലാം ഈ കാഴ്ച കാണാന്‍ ആളുകള്‍ തടിച്ചു കൂടി നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ആര്‍പ്പ് വിളിച്ചു കൊണ്ടിരുന്നു. മാധവന്‍ കൌതുകത്തോടെ ഇതെല്ലാം കണ്ടു.

സന്ധ്യയോടെ അവര്‍ പട്ടണത്തിന്‍റെ അതിര്‍ത്തിയിലെത്തി. 

മാധവനെ അതിര്‍ത്തി കടത്തി വിട്ട് പടയാളികളും ജനങളും മടങ്ങിപ്പോയി. ഇനി യാത്ര മതിയാക്കി തിരികെ സ്വന്തം ഗ്രാമത്തിലേയ്ക്ക് തിരിച്ചു പോകാം എന്ന് മാധവനും ഉറപ്പിച്ചു.

അങ്ങിനെ ദൂരയാത്ര കഴിഞ്ഞു തിരിച്ചെത്തിയ മാധവന് വലിയ സ്വീകരണമാണ് സ്വന്തം ഗ്രാമത്തില്‍ ലഭിച്ചത്. ഗ്രാമവാസികളുടെ ആവശ്യപ്രകാരം മാധവന് താന്‍ കണ്ട  സ്ഥലങ്ങളും കാഴ്ചകളും  വിവരിച്ചു കൊടുത്തു. അവസാനം മാധവന്‍ പറഞ്ഞു.

"ഞാന്‍ അവസാനം പോയ സ്ഥലമാണ് എനിക്കേറ്റവും ഇഷ്ടമായത്. അവിടത്തെ ഭാഷയോന്നും എനിക്ക് മനസ്സിലായില്ല. അതിനെന്താ? അവിടെ എത്തിയ ഉടനെ ഒരു കടക്കാരന്‍ എനിക്കു സൌജന്യമായി ആവശ്യത്തിലധികം മധുര പലഹാരങ്ങള്‍ കഴിക്കാന്‍ തന്നു. എന്ത് മധുരമായിരുന്നെന്നോ? അയാള്‍ ഇനിയും കഴിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. "

ഗ്രാമവാസികള്‍ അത്ഭുതത്തോടെ കഥ കേട്ടുകൊണ്ടിരുന്നു.

"പിന്നീടാണ് രസം. ഞാന്‍ പട്ടണം കണ്ടുകൊണ്ടിരിക്കുമ്പോള്‍ കുറെ പടയാളികള്‍ നമ്മുടെ കഴുതയേക്കാള്‍ ശക്തിയും ഭംഗിയുമുള്ള ഒരു മൃഗത്തിന്റെ പുറത്തിരുന്ന്  വന്ന് എന്നെ അവിടത്തെ രാജാവിന്‍റെ അടുത്തെത്തിച്ചു. അദ്ദേഹം ഞാന്‍ ആവശ്യത്തിന് ഭക്ഷണം കഴിച്ചോ, ഇനിയും വേണോ എന്നൊക്കെ ചോദിച്ചു. ഞാന്‍ വേണ്ടെന്ന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആളുകള്‍ എനിക്കു താടിയും മുടിയുമൊക്കെ വടിച്ചു തന്നു. കുറെ നാളായില്ലേ, യാത്ര തുടങ്ങിയിട്ട്. അദ്ദേഹത്തിന് കണ്ടപ്പോള്‍ മനസ്സിലായെന്ന് തോന്നുന്നു"

"അത് കൊള്ളാമല്ലോ! ഇത്ര നല്ല ആളുകളാണോ അവിടെയുള്ളത്" ഒരാള്‍ ചോദിച്ചു.

"അതെയതെ! വളരെ നല്ല ആളുകള്‍. ബാക്കി പറയൂ" ഗ്രാമവാസികള്‍ക്ക് ആവേശമായി

"പിന്നീടാണ് എന്നെ അത്ഭുതപ്പെടുത്തിയ സംഭവം നടന്നത്. അവര്‍ എന്‍റെ ശരീരം മുഴുവന്‍ ഒരു വിശേഷപ്പെട്ട ലേപനം പുരട്ടി. എന്തോ ഔഷധം ആണെന്ന്‍ തോന്നുന്നു. അത്ര നല്ല മണമൊന്നുമല്ല. "

ഗ്രാമവാസികള്‍ അത്ഭുതത്തോടെ മാധവന്‍റെ കഥ കേട്ടു. മാധവന്‍ തന്‍റെ കഥ തുടര്‍ന്നു.

"പിന്നീട് എന്നെ ഒരു മാലയൊക്കെ അണിയിച്ച് ഒരു കഴുതപ്പുറത്ത് കയറ്റി ആ പട്ടണം മൊത്തം ചുറ്റിക്കാണിച്ചു. കുറെ ആളുകള്‍ കൊട്ടും പാട്ടുമൊക്കെയായി ഒപ്പം തന്നെയുണ്ടായിരുന്നു. പോകുന്ന വഴിയിലെല്ലാം ആളുകള്‍ വലിയ ആരവത്തോടെയാണ് എന്നെ വരവേറ്റത്. ശരിക്കും ഒരു രാജകീയ യാത്രയായിരുന്നു! ഒടുക്കം സന്ധ്യയോടെ എല്ലാവരും കൂടി എന്നെ പട്ടണത്തിന്‍റെ അതിര്‍ത്തിയില്‍ കൊണ്ട് വന്ന് യാത്രയാക്കി"

"ഓ! എത്ര നല്ല ആളുകളാണ് ആ പട്ടണത്തിലുള്ളത്. ഇത്രയും സ്നേഹം ഒരു പരദേശിയോട് കാണിക്കുമെന്നത് വിശ്വസിക്കാന്‍ പോലും പറ്റില്ല. ശരിക്കും വലിയ മനസ്സിന്നുടമകള്‍ ത്തന്നെയാണ് അവര്‍!"

മാധവന്റെ വിവരണം കേട്ട ഗ്രാമവാസികള്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു.




Post a Comment

0 Comments