ജീവന്‍റെ വില


ഒരിക്കൽ ഒരു സന്യാസി പുഴക്കരയിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ്  ഒരു ചെറുപ്പക്കാരൻ പുഴയോട് ചേർന്നു നിൽക്കുന്നത് സന്യാസി കാണുന്നത്. ശ്രദ്ധിച്ചു നോക്കിയപ്പോൾ ആ ചെറുപ്പക്കാരൻ പുഴയിലേക്ക് ചാടാൻ തയ്യാറായി നിൽക്കുകയാണെന്ന് അദ്ധേഹത്തിന് മനസ്സിലായി.

സന്യാസി ഉറക്കെ ചോദിച്ചു" താങ്കൾ എന്താണ് ചെയ്യുന്നത്?" ചെറുപ്പക്കാരൻ മറുപടി പറഞ്ഞു." എനിക്ക് ഈ ജീവിതം മതിയായി,ഞാൻ ആഗ്രഹിക്കുന്ന ഒന്നുംതന്നെ എനിക്ക് കിട്ടുന്നില്ല,എനിക്ക് എപ്പോഴും പ്രശ്നങ്ങൾ ആണ്, ദൈവം തന്നെ എനിക്ക് എതിരാണ്, ഇങ്ങനെയുള്ള ജീവിതം എന്തിനാണ് ഞാൻ തുടരേണ്ടത്? ഞാൻ മരിക്കാൻ പോവുകയാണ്." 

സന്യാസി ചോദിച്ചു" താങ്കൾക്ക് ഒന്നും കൂടി ആലോചിച്ചുകൂടെ? എന്തിനാണ് ഇങ്ങനെ ജീവിതംഅവസാനിപ്പിക്കുന്നത്?" 

ചെറുപ്പക്കാരൻ പറഞ്ഞു" എന്നെ തടയരുത്, എനിക്ക് മരിക്കണം."


സന്യാസി പറഞ്ഞു. "അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് ഒരു ദിവസം കൂടി കാത്തിരിന്നുകൂടെ, താങ്കൾക്ക് നാളെ മരിക്കാം. നിങ്ങൾ തന്നെയല്ലെ പറഞ്ഞത് നിങ്ങൾക്ക് ഒന്നുംതന്നെ ഇല്ലായെന്ന്‌, അപ്പോൾ ഒരു ദിവസം കൂടി കാത്തിരിക്കുന്നതിൽ കുഴപ്പമില്ലല്ലോ?"

ചെറുപ്പക്കാരൻ മറുപടി പറഞ്ഞു" എനിക്ക് എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാനെന്റെ ജീവിതം അവസാനിപ്പിക്കാൻ ഇവിടെ വരുമായിരുന്നൊ?"
"എങ്കിൽ താങ്കൾ എന്റെയൊപ്പം വരൂ" 

സന്യാസി പറഞ്ഞു.ചെറുപ്പക്കാരൻ സമ്മതിച്ചു. അങ്ങനെ സന്യാസി ചെറുപ്പക്കാരനെയും കൊണ്ട് രാജാവിന്റെ അടുത്തത്തെത്തി. എന്നിട്ട്  അദ്ദേഹം രാജാവിന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. സന്യാസി പറഞ്ഞത് ശ്രദ്ധിച്ചുകേട്ട രാജാവ്‌ ചെറുപ്പക്കാരനോട് പറഞ്ഞു,

"ഞാൻ താങ്കൾക്ക് 1ലക്ഷം രൂപ തരാം."

ഇതുകേട്ട് അന്തംവിട്ടുനിന്ന ചെറുപ്പക്കാരനോട് സന്യാസി പറഞ്ഞു 

"രാജാവിന് തന്റെ കണ്ണുകൾ വാങ്ങാൻ താല്പര്യമുണ്ട്, അതിനാണ് ഈ തുക."

ചെറുപ്പക്കാരൻ ഉറക്കെ പറഞ്ഞു "നിങ്ങൾ എന്താണീ പറയുന്നത്, ഞാനെന്റെ കണ്ണുകൾ വിൽക്കുകയോ? ഒരിക്കലുമില്ല, നിങ്ങൾ എനിക്ക് 10ലക്ഷം തരാമെന്നു പറഞ്ഞാലും ഞാൻ എന്റെ കണ്ണുകൾ വിൽക്കില്ല." 

അപ്പോൾ രാജാവ് പറഞ്ഞു "ശരി, എങ്കിൽ ഞാൻ താങ്കൾക്ക് 11ലക്ഷം തരാം." 

 ഞാൻ എന്തിനാണ് എന്‍റെ എന്റെ കണ്ണുകൾ വിൽക്കുന്നത്? ഇല്ല ഞാൻ
ഒരിക്കലും ചെയ്യില്ല." ചെറുപ്പക്കാരൻ പറഞ്ഞു.  

ഇതെല്ലാം  കേട്ടുനിന്ന സന്യാസി ചെറുപ്പക്കാരനോട് പറഞ്ഞു, "ശരി,താങ്കൾക്ക് കണ്ണുകൾ വിൽക്കാൻ താത്പര്യമില്ലെങ്കിൽ വേണ്ട, പകരം ചെവിയോ മൂക്കോ രാജാവിന് വിൽക്കാം. താങ്കളുടെ ശരീരത്തിലെ ഏതു അവയവവും താങ്കൾ പറയുന്ന വിലയ്ക്ക് വാങ്ങാൻ രാജാവ് തയ്യാറാണ്." 

ചെറുപ്പക്കാന് ദേഷ്യം വന്നു, "ഇല്ല, ഞാൻ എന്‍റെ ശരീരത്തിലെ ഒരു ഭാഗവും ആർക്കും തന്നെ കൊടുക്കുകയില്ല." അയാൾ പറഞ്ഞു. 

ഇതു കേട്ട സന്യാസി ഒരു മന്ദഹാസത്തോടെ ചോദിച്ചു, " താങ്കളുടെ ജീവിതത്തിനു ഒരു വിലയുമില്ല എന്നു പറഞ്ഞു താങ്കൾ മരിക്കാൻ തയ്യാറായി വന്നതല്ലേ? പിന്നെ നിങ്ങളുടെ ശരീരത്തിലെ അവയവങ്ങൾ വിൽക്കുന്നതിൽ എന്താണ് കുഴപ്പം." 

ചെറുപ്പക്കാരന് സംസാരിക്കാൻ വാക്കുകൾ ഇല്ലാതായി.അദ്ദേഹത്തിന് സ്വന്തം ജീവന്‍റെ വില മനസിലായി. ഇനി ഒരിക്കലും ജീവൻ അവസാനിപ്പിക്കുന്നതിനെ പറ്റി ചിന്തിക്കുകയില്ലെന്ന്  അയാൾ തീരുമാനമെടുത്തു.

Post a Comment

0 Comments