കാദര്‍ക്ക കാക്കയെ ഛര്‍ദിച്ച കഥ


കൂട്ടുകാര്‍ കാദര്‍ക്ക കാക്കയെ ഛര്‍ദിച്ച കഥ കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടോളൂ!
കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണിത് നടന്നത്. ഒരു ദിവസം നാട്ടിലെ ചായക്കടയില്‍ വെച്ചാണ് ഞാന്‍ ഈ സംഭവം അറിയുന്നത്! അന്ന് രാവിലെ കാദര്‍ക്ക കാക്കയെ ഛര്‍ദ്ദിച്ചത്രേ! അതും ജീവനുള്ള കാക്ക!

സംഭവം അവിശ്വസനീയമായി തോന്നിയത് കൊണ്ട് ഞാന്‍ ഈ കഥ പറഞ്ഞയാളോട് ചോദിച്ചു എവിടെ നിന്നാണ് അയാള്‍ ഈ കഥ കേട്ടത് എന്ന്.

"ഇതെന്നോട് നമ്മുടെ മീന്‍കാരന്‍ മൊയ്തു പറഞ്ഞതാണ്.ഓന്‍ അങ്ങിനെ നുണ പറയൂല"

ഞാന്‍ ഉടന്‍ തന്നെ മീന്‍കാരന്‍ മൊയ്തുവിനെ കണ്ടെത്തി. കാദര്‍ക്ക കാക്കയെ ഛര്‍ദിച്ച കഥ സത്യമാണോ എന്ന്‍ അന്വേഷിച്ചു.

"പിന്നില്ലാതെ? എന്നോടു നമ്മുടെ പാല്‍ക്കാരന്‍ വേണു പറഞ്ഞതാണ്. പക്ഷേ അതൊരു ചത്ത കാക്കയായിരുന്നുട്ടോ! ജീവനൊന്നും ഉണ്ടായിരുന്നില്ല"

ചാത്തതാണെങ്കിലും ജീവനുള്ളതാണെങ്കിലും കാക്ക കാക്ക തന്നെയല്ലേ. സത്യം അറിഞ്ഞിട്ടേ ബാക്കി കാര്യമുള്ളൂ എന്ന് ഞാനുറപ്പിച്ചു.

പാല്‍ക്കാരന്‍ വേണു അടുത്ത ഷാപ്പിനടുത്ത് ഉണ്ടായിരുന്നു. ഞാന്‍ വേണുവിനോട് കാര്യം തിരക്കി.

"സംഗതി ശരി തന്നെ. എന്നോട് അടുത്ത വീട്ടിലെ പണിക്കാരി ജാനു പറഞ്ഞതാണ്. കാക്കയല്ല, ഒരു കാക്ക കുഞ്ഞിനെയാണ് ഛര്‍ദിച്ചത്." വേണു കഥ ശരി വെച്ചു.

എന്നാല്‍ പിന്നെ ജാനുവിനെ കണ്ടു വിവരം തിരക്കാമെന്ന് ഞാന്‍ കരുതി. ജാനുവിന്‍റെ വീട്ടില്‍ ചെന്നു ഞാന്‍ കാര്യം അന്വേഷിച്ചു.

"സത്യമാണ് മോനേ! കാദര്‍ക്ക രാവിലെ കഞ്ഞി കുടിച്ച ശേഷം പുറത്തു വന്നു ഛര്‍ദിക്കുകയായിരുന്നത്രെ! നമ്മുടെ അടുത്ത വീട്ടിലെ ചെത്തുകാരന്‍ ശശി നേരിട്ടു കണ്ടതാണ്. പക്ഷേ ഛര്‍ദിച്ചത് കാക്കയല്ല, കാക്കയുടെ പോലെയുള്ള എന്തോ ആണെന്നാണ് ശശി പറഞ്ഞത്" ജാനു വിശദീകരിച്ചു

കഥയില്‍ ഓരോ ഘട്ടത്തിലും വന്ന മാറ്റം എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. എന്തായാലും സംഭവം നേരില്‍ കണ്ട ശശിയെ കാണാന്‍ ഞാന്‍ തീരുമാനിച്ചു.

ശശി ഷാപ്പിലുണ്ടാകും എന്നുറപ്പുള്ളതു കൊണ്ട് ഞാന്‍ നേരെ ഷാപ്പിലേക്ക് തിരിച്ചു. ശശി അവിടെ തന്നെ ഉണ്ടായിരുന്നു.

"ശശീ, ഈ കാദര്‍ക്ക കാക്കയെ ഛര്‍ധിച്ചു എന്ന് പറയുന്നതു നേരാണോ? നീ അത് നേരില്‍ കണ്ടോ"

"കാദര്‍ക്ക ഛര്‍ദ്ദിച്ച കഥ വാസ്തവം ത്തന്നെയാണ്. എന്നാല്‍ അത് കാക്കയും പൂച്ചയും ഒന്നുമല്ല. വലിയ കറുത്ത എന്തോ ഒരു വസ്തുവായിരുന്നു. ഞാനവിടെ തെങ്ങ് ചെത്തുകയായിരുന്നു. ഞാന്‍ കണ്ടതാണ് കാദര്‍ക്ക ഛര്‍ദിക്കുന്നതും, ആ കറുത്ത വലിയ വസ്തുവും" ശശി ഉറപ്പിച്ച് പറഞ്ഞു.

എന്തായാലും ഇവിടെ വരെയെത്തിയ സ്ഥിതിക്ക് ഇനി കാദര്‍ക്കാടെ വീട്ടില്‍ പോയി കാര്യം തിരക്കാമെന്ന് ഞാന്‍ കരുതി.

കാദര്‍ക്ക വീട്ടില്‍ തന്നെയുണ്ടായിരുന്നു. നേരെ ചെന്നു ഞാന്‍ കാദര്‍ക്കയോട് കാര്യം പറഞ്ഞു. കഥയെല്ലാം കേട്ടതും കാദര്‍ക്ക ഉറക്കെ ചിരിക്കാന്‍ തുടങ്ങി. പിന്നീട് പറഞ്ഞു.

"എന്‍റെ മോനേ, ഞാന്‍ ഇന്ന് രാവിലെ ഒന്നു ഓക്കാനിച്ചു എന്നുള്ളത് സത്യം ത്തന്നെയാണ്. അത് പക്ഷേ കാക്കയോ വലിയ മറ്റെങ്കിലുമോ ആയിരുന്നില്ല. എന്തോ ഒരു ചെറിയ കറുത്ത വസ്തു കഞ്ഞി കുടിക്കുമ്പോള്‍ എന്‍റെ തൊണ്ടയില്‍ തടഞ്ഞു. അതാണ് ഞാന്‍ ഓക്കാനിച്ചപ്പോള്‍ താഴെ വീണത്."

എന്തു പറയാന്‍! സത്യം അറിഞ്ഞപ്പോള്‍ ഞാനും ചിരിച്ചു പോയി. ഒരു ചെറിയ സംഭവമാണ് എല്ലാവരും പറഞ്ഞു പറഞ്ഞു ജീവനുള്ള ഒരു കാക്കയാക്കിയത്. 

ഇത് തന്നെയാണ് പലപ്പോഴും സംഭവിക്കുന്നത്. പല കാര്യങ്ങളും നാം കേള്‍ക്കുന്നത് ഓരോരുത്തരും കൂട്ടിച്ചേര്‍ക്കുന്ന പൊടിപ്പും തൊങ്ങലും ചേര്‍ത്ത കഥകളാണ്. കേട്ടതെല്ലാം അപ്പാടെ വിശ്വസിക്കരുതേ, പ്രത്യേകിച്ച് ഇന്‍റര്‍നെറ്റ് വഴി ഷെയര്‍ ചെയ്യപ്പെടുന്ന കഥകള്‍!



Image courtesy: 

Post a Comment

0 Comments