ചെന്നായയെ പറ്റിച്ച മുയല്‍


 ഒരു കാട്ടില്‍ ബുദ്ധിമാനായ ഒരു മുയല്‍ക്കുട്ടന്‍ ഉണ്ടായിരുന്നു. നല്ല ചുറുചുറുക്കും സാമര്‍ത്ഥ്യവുമുള്ള അവനെ എല്ലാവര്ക്കും നല്ല ഇഷ്ടമായിരുന്നു. 

ഒരു ദിവസം മുയല്‍ കാട്ടില്‍  ഒരു ചെറിയ മലമുകളില്‍ കളിച്ചു നടക്കവേ ഒരു ചെന്നായ അവനെ പിടികൂടി. തന്നെ ഭക്ഷിക്കാന്‍ ആര്‍ത്തി പിടിച്ച് നില്‍ക്കുന്ന ചെന്നായയോട് മുയല്‍ പറഞ്ഞു.

"എന്റെ ചേട്ടാ! എന്നെ കഴിച്ചിട്ട് ചേട്ടന്റെ വിശപ്പ് മാറുമോ? എന്റെ കൂടെ വന്നാല്‍ നല്ല സ്വാദുള്ള ഒരു ഭക്ഷണം കഴിക്കാം"

അതൊരു നല്ല കാര്യമാണെന്ന് ചെന്നായ കരുതി. ഈ ചെറു മുയലിനെ  കഴിച്ചാല്‍ എന്തായാലും വിശപ്പ് മാറില്ല. എങ്കില്‍ പിന്നെ ഇവന്‍ പറയുന്ന വിശിഷ്ട ഭക്ഷണം ആദ്യം കഴിക്കാം. അതിന് ശേഷം ഈ മണ്ടന്‍ മുയലിനെയും ശാപ്പിടാം.

ചെന്നായ മുയലിനെ പിന്തുടര്‍ന്ന്. യാത്രക്കിടയില്‍ സൂത്രശാലിയായ മുയല്‍ കുറെ വെള്ളാരങ്കല്ലുകള്‍ ചെന്നായ കാണാതെ  പെറുക്കിയെടുത്തിരുന്നു. താഴ്വാരത്തിലെത്തിയപ്പോള്‍  അവന്‍ ചെന്നായയെ തന്‍റെ കയ്യിലുള്ള കല്ലുകള്‍ കാണിച്ചു. ചെന്നായയ്ക്ക് അത് കല്ലുകളാണെന്ന് മനസ്സിലായില്ല.

"ഇതെന്തു സാധനമാണ്? എങ്ങിനെയാണ് ഇത് കഴിക്കുന്നത്?" അവന്‍ ചോദിച്ചു.

"ഇത് വളരെ സ്വാദുള്ള ഒരു വസ്തുവാണ്. ഇവ നല്ല തീയില്‍ വേവിച്ചെടുക്കണം. എങ്കിലേ ശരിയായ സ്വാദ് കിട്ടൂ."

ഉടനെ തന്നെ രണ്ടുപേരും കുറെ ചുള്ളിക്കമ്പുകള്‍ പെറുക്കിയെടുത്തു തീ കൂട്ടി. മുയല്‍ കല്ലുകളെല്ലാം തീയിലെക്കിട്ടു എന്നിട്ട് പറഞ്ഞു.

"ചെന്നായചേട്ടാ, ഇത് കുറച്ച് അച്ചാര്‍ കൂട്ടി കഴിച്ചാലെ ശരിയായ സ്വാദ് അറിയാന്‍ പറ്റൂ. ഞാന്‍ പെട്ടെന്ന് തന്നെ പോയി അച്ചാര്‍ എടുത്തു വരാം. അത് വരെ ചേട്ടന്‍ എനിക്കു വേണ്ടി കാത്തിരിക്കണം. ഇതെല്ലാം ഒറ്റയ്ക്ക് കഴിക്കരുത്. പത്തെണ്ണം ഞാന്‍ തീയിലിട്ടുണ്ട്. അപ്പോള്‍ അഞ്ചെണ്ണം വീതം രണ്ടാള്‍ക്കും കഴിക്കാം. ഞാന്‍ വരാതെ കഴിച്ചേക്കാരുത് കേട്ടോ"

ഇത്രയും പറഞ്ഞു മുയല്‍ക്കുട്ടന്‍ ഓടി മറഞ്ഞു.

മുയല്‍ ഓടിപ്പോയതും ചെന്നായ വേഗം കല്ലുകള്‍ എണ്ണിനോക്കി. മുയല്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി തീയില്‍ പതിനൊന്നു കല്ലുകള്‍ ഉണ്ടായിരുന്നു. ചെന്നായ വിചാരിച്ചു.

"മണ്ടന്‍ മുയലിന് എണ്ണം തെറ്റിയെന്ന് തോന്നുന്നു. എന്തായാലും അവന്‍ വരുന്നതിന് മുന്‍പ് ഒരെണ്ണം സ്വാദ് നോക്കിയേക്കാം. മുയലിന് മനസ്സിലാകില്ലല്ലോ?"

അങ്ങിനെ ചെന്നായ ഒരു തീയില്‍ വെന്തു ചുകന്ന ഒരു കല്ലെടുത്ത് നേരെ വായിലേക്കിട്ടു.

"എന്‍റമ്മോ............................" ചെന്നായയുടെ അലര്‍ച്ച കിലോമീറ്ററുകളോളം കേള്‍ക്കാമായിരുന്നു. ചുട്ടു പഴുത്ത കല്ല് തട്ടി അവന്റെ നാക്കും, വായും എന്തിന് കൂടല്‍ വരെ കരിഞ്ഞു പോയി. ആഴ്ചകളോളം അവന്‍ ശരിക്ക് ഭക്ഷണം പോലും കഴിക്കാനാകാതെ കഴിച്ചു കൂട്ടി. 

കുറെ ആഴ്ചകള്‍ക്ക് ശേഷം വേട്ടക്കിറങ്ങിയ ചെന്നായ ദൂരെ ഒരു വയലില്‍ നമ്മുടെ പഴയ മുയല്‍ക്കുട്ടന്‍ നില്‍ക്കുന്നത് കണ്ടു. തന്നെ പറ്റിച്ചു രക്ഷപ്പെട്ട മുയലിനെ അവന്‍ വേഗം തിരിച്ചറിഞ്ഞു. പതുങ്ങിച്ചെന്നു അവന്‍ മുയലിനെ പിടികൂടി.

ചെന്നായയുടെ പിടിയില്‍ അകപ്പെട്ട മുയലിന് ഒരു ഭയവും ഉണ്ടായിരുന്നില്ല. അവന്‍ ചെന്നായയോട് ദേഷ്യപ്പെട്ടു.

"ഓ! ചേട്ടന്‍ എന്തു പണിയാണീ ചെയ്തത്? ഞാന്‍ ഈ കിളികളെ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു." വയലിന് മുകളില്‍ പറന്നു നടക്കുന്ന ചെറുകിളികളെ കാണിച്ചു അവന്‍ പറഞ്ഞു.

ചെന്നായ പറഞ്ഞു: "നിന്നെ ഞാന്‍ തേടി നടക്കുകയായിരുന്നു. അന്ന്‍ നീയെന്നെ പറ്റിച്ചു കടന്നു കളഞ്ഞതല്ലേ? നീ കാരണം  എന്‍റെ നാക്കും, വായുമെല്ലാം പൊള്ളിപ്പോയി!"

"അത് കൊള്ളാം. ഞാന്‍ അച്ചാറെടുത്ത് വന്നപ്പോഴേക്കും ചേട്ടനല്ലേ കടന്നു കളഞ്ഞത്. ഞാനവിടെയൊക്കെ നോക്കി നടക്കുകയായിരുന്നു. എന്നെ പറ്റിച്ച് അത് മുഴുവന്‍ കഴിക്കാന്‍ ആര്‍ത്തി കാണിച്ചിട്ടല്ലേ കുഴപ്പമായത്? ഞാന്‍ വന്ന്‍ കഴിക്കേണ്ട വിധം പറഞ്ഞുതരുന്നത് വരെ കാത്തിരുന്നെങ്കില്‍ ഒരു കുഴപ്പവും വരില്ലായിരുന്നു."

മണ്ടനായ ചെന്നായയ്ക്ക് ആശയക്കുഴപ്പമായി. അവന്‍ പറഞ്ഞു: "ഇപ്പോള്‍ എന്തായാലും നിന്നെ ഞാന്‍ തിന്നാന്‍ പോകുകയാണ്"

"തിരക്ക് കൂട്ടാതെ ചേട്ടാ. ചേട്ടന് അതിലും നല്ല ഭക്ഷണം ഞാന്‍ ശരിയാക്കിത്തരാം . ചേട്ടന്‍ ദാ ഇവിടെ ഈ വയലിന്റെ നടുവില്‍ കണ്ണടച്ച് ഇങ്ങനെ വാ പൊളിച്ച് നിന്നാല്‍ മതി. ഞാന്‍ ഈ പറക്കുന്ന കിളികളെയെല്ലാം ആട്ടിപ്പായിച്ച് ചേട്ടന്റെ വായിലെത്തിക്കാം." മുയല്‍ പറഞ്ഞു.

ചെന്നായ മുകളിലേയ്ക്ക് നോക്കി. നൂറു കണക്കിന് കിളികളാണ് പറന്നു  കൊണ്ടിരിക്കുന്നത്. എന്നാലും മുന്‍പത്തെ അനുഭവം വെച്ച് അവന്‍ ചോദിച്ചു.

"നീ എന്നെ പറ്റിയ്ക്കുകയല്ലല്ലോ?"

"ഒരിക്കലുമല്ല. ചേട്ടന്‍ കാണുന്നില്ലേ ഈ കിളികളെ?" മുയല്‍ പറഞ്ഞു

കൊതിയന്‍ ചെന്നായ പിന്നെ ഒന്നും ആലോചിച്ചില്ല. അവന്‍ വയലിന് നടുവില്‍ കണ്ണടച്ച്, വാ പൊളിച്ച് ഇരിപ്പായി. 

ഈ തക്കത്തിന് സൂത്രക്കാരനായ മുയല്‍ വയലിന് ചുറ്റും തീയിട്ടു. ഉണങ്ങിപുല്ലിന് തീ പിടിച്ചെരിയുന്ന ശബ്ദം കേട്ടു ചെന്നായ കരുതി കിളികള്‍ പറന്നടുക്കുന്ന ശബ്ദമാണെന്ന്! 

"ചേട്ടാ തയ്യാറായിക്കോ! നൂറുകണക്കിന് കിളികളെയാണ് ഞാന്‍ ഓടിച്ചടുപ്പിക്കുന്നത്!"

മുയല്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. കൊതിയന്‍ ചെന്നായ അപകടം മനസ്സിലാക്കിയപ്പോഴേക്കും അവന്റെ ശരീരം മുഴുവനും പൊള്ളലേറ്റിരുന്നു. ഒരു വിധത്തിലാണ് അവന്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടത്.

പിന്നീട് കുറെ നാളത്തേയ്ക്ക് പുറത്തിറങ്ങാന്‍ പോലും ആകാതെ കഴിച്ചു കൂട്ടി. 

കുറെക്കാലം കഴിഞ്ഞ് ചെന്നായ മുയലിനെ തിരഞ്ഞിറങ്ങി. അപ്പോഴേക്കും നല്ല തണുപ്പ് കാലമായിരുന്നു. കുറെ അലഞ്ഞതിന് ശേഷം അവന്‍ മുയലിനെ ഒരു നദീതീരത്ത് കണ്ടെത്തി. 

ഇത്തവണ മുയലിന്‍റെ കെണിയില്‍ പെടില്ലെന്ന് അവന്‍ ഉറപ്പിച്ചു. പതുങ്ങി പതുങ്ങി അവന്‍ മുയലിന്‍റെ അടുത്തേക്ക് നീങ്ങി. 

എന്നാല്‍ മുയല്‍ ചെന്നായ അടുത്തെത്തിയത് അറിഞ്ഞിരുന്നു. അവന്‍ വിളിച്ച് പറഞ്ഞു.

"ചേട്ടാ, പതുക്കെ ശബ്ദമുണ്ടാക്കാതെ വരണേ! അല്ലെങ്കില്‍ ഞാന്‍ പിടിക്കുന്ന മീനെല്ലാം രക്ഷപ്പെടും."

"ഇത്തവണ നീ രക്ഷപ്പെടുന്ന പ്രശ്നമില്ല. രണ്ടു തവണയാണ് നീ എന്നെ പറ്റിച്ചത്" ചെന്നായ പറഞ്ഞു.

"ശരി തന്നെ. ചേട്ടന്‍ എന്നെ കൊന്നു തിന്നു കൊള്ളൂ. അതിനു മുന്‍പ് ചേട്ടനെ പറ്റിച്ചതിന് പകരമായി ഞാന്‍ എളുപ്പത്തില്‍ മീന്‍ പിടിക്കുന്ന വിദ്യ പറഞ്ഞു തരാം." മുയലിന് യാതൊരു കൂസലുമുണ്ടായിരുന്നില്ല.

ചെന്നായ വെള്ളത്തിലേയ്ക്ക് നോക്കി. വെള്ളത്തില്‍ നീന്തി തുടിക്കുന്ന മുഴുത്ത മീനിനെകണ്ട് അവന്‍റെ വായില്‍ വെള്ളമൂറി. എന്നാല്‍ പിന്നെ മീന്‍ പിടിക്കുന്ന വിദ്യ പഠിച്ച ശേഷം മുയലിനെ കൊന്നു തിന്നാം. അവന്‍ കരുതി.

"വേഗമാകട്ടെ. സന്ധ്യയാകാറായി. ഇപ്പോഴാണ് ഏറ്റവും കൂടുതല്‍ മീന്‍ ലഭിക്കുക. ചേട്ടന്‍ പുഴയുടെ അരികത്ത് തിരിഞ്ഞിരുന്ന് ആ വാല്‍ വെള്ളത്തിലെക്കിട്ട് അനങ്ങാതിരിക്കണം. മീനുകള്‍ വന്നു വാലില്‍ കൊത്തും. അപ്പോള്‍ പെട്ടെന്ന് വാല്‍ വലിച്ചെടുത്താല്‍ മതി. എല്ലാ മീനും കരയില്‍ വന്നു വീഴും" മുയല്‍ നിര്‍ദ്ദേശിച്ചു.

."ശരി. പക്ഷേ നീ എവിടേയും പോകരുത്" അതും പറഞ്ഞു ചെന്നായ വാല്‍ പുഴയിലിട്ട് ക്ഷമയോടെ കാത്തിരുന്നു.

"ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും. നന്നായി മീന്‍ കൊത്തി കഴിഞ്ഞാല്‍ ഞാന്‍ പറയാം" മുയല്‍ പറഞ്ഞു.

കുറെ നേരമായപ്പോള്‍ പുഴയിലെ വെള്ളം തണുപ്പില്‍ കട്ടപിടിച്ചു തുടങ്ങി. പാവം ചെന്നായയുടെ വാല്‍ മഞ്ഞില്‍ ഉറച്ചു തുടങ്ങി. 

"വാലിന് കനം കൂടിയത് പോലെ തോന്നുന്നു." അവന്‍ പറഞ്ഞു

"അത് മുഴുവന്‍ മീന്‍ കടിച്ചു തൂങ്ങിയിരിക്കുന്നതാണ്. കുറച്ചു നേരം കൂടി ക്ഷമിക്കൂ" മുയല്‍ പറഞ്ഞു

കുറച്ചു കൂടി കഴിഞ്ഞ് ചെന്നായയുടെ വാല്‍ ശരിക്കും ഉറച്ചു എന്നു കണ്ടതും മുയല്‍ പറഞ്ഞു. 

"ഇനി ചേട്ടന്‍ മീന്‍ മുഴുവന്‍ വലിച്ചെടുത്ത് തിന്നോളൂ. ഞാന്‍ പോകുന്നു" ഇതും പറഞ്ഞു മുയല്‍ ഓടി മറഞ്ഞു.

ചെന്നായ തന്റെ വാല്‍ വലിച്ചെടുക്കാന്‍ ശ്രമിച്ചു. മഞ്ഞില്‍ ഉറച്ചു പോയ വാലുണ്ടോ എളുപ്പത്തില്‍ ഊരിപ്പോരുന്നു. അവന്‍ സര്‍വ ശക്തിയുമെടുത്ത് വാല്‍ വലിച്ചു. പെട്ടെന്നു വാല്‍ മുറിഞ്ഞു ചെന്നായ മുന്നിലോട്ട് മൂക്കും കുത്തി വീണു. ഒരു വിധത്തില്‍ അവന്‍  അവിടെ നിന്നും  ജീവനോടെ രക്ഷപ്പെട്ടു. പിന്നെ അവന്‍ ആ കാട്ടില്‍ നിന്നില്ല. ഒരു ചെറിയ മുയലിനോട് പല വട്ടം തോട്ടതിന്റെ നാണക്കേട് കാരണം അവന്‍ ആ കാട് വിട്ടു ഓടിപ്പോയി. പിന്നീട് മുയല്‍ എന്ന്‍ കേട്ടാല്‍ പോലും നമ്മുടെ ചെന്നായച്ചേട്ടന്‍ ഓടി രക്ഷപ്പെടും!.

Post a Comment

0 Comments