അനുസരണയുള്ള ശിഷ്യന്മാർ - Anusaranayulla Shishyanmaar

Sadhu Cartoon Clip Art@clipartmax.comഒരിയ്ക്കല്‍ ഒരു ഗ്രാമത്തില്‍ ഒരു സന്യാസി താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ആശ്രമത്തില്‍ അദ്ദേഹത്തോടൊപ്പം താമസിച്ചു പഠിച്ചിരുന്ന നാല് ശിഷ്യന്മാര്‍ ഉണ്ടായിരുന്നു.ഒരു ദിവസം ഗുരു തന്റെ ശിഷ്യന്മാരോടൊന്നിച്ചു അടുത്ത ഗ്രാമത്തിലേയ്ക്ക് ഒരു യാത്ര പുറപ്പെട്ടു. ഒരു കാളവണ്ടിയിലായിരുന്നു അവരുടെ യാത്ര. കുറച്ചു ദിവസം ആ ഗ്രാമത്തില്‍ തന്നെ താമസിക്കുമെന്നത് കൊണ്ട് അത്യാവശ്യം വീട്ട് സാധനങ്ങള്‍ കൂടി ഗുരു വണ്ടിയില്‍ കരുതിയിരുന്നു.

കുറെ ദൂരം പിന്നിട്ടപ്പോള്‍ ഗുരു ക്ഷീണം കാരണം ഉറക്കം തൂങ്ങി തുടങ്ങി. താന്‍ ഉറങ്ങിപ്പോയാലോ എന്നു കരുതി ഗുരു ശിഷ്യന്മാരോട് പറഞ്ഞു.

"ഞാന്‍ ഉറങ്ങാന്‍ പോകുകയാണ്. വണ്ടിയിലുള്ള സാധനങ്ങള്‍ താഴെ വീണു പോകുന്നുണ്ടോ എന്ന് നിങ്ങള്‍ നോക്കിക്കൊള്ളണം."

"ശരി ഗുരോ!" നാലുപേരും ഒരുമിച്ച് പറഞ്ഞു.

അങ്ങിനെ ഗുരു ഉറക്കം പിടിച്ചു. നാലു ശിഷ്യന്മാരും ഉറങ്ങാതെ സാധനങ്ങളില്‍ ശ്രദ്ധ കൊടുത്ത് ഇരുന്നു.

പെട്ടെന്നാണ് വണ്ടിയുടെ ചക്രം ഒരു കല്ലില്‍ കയറിയിറങ്ങിയത്. കാളവണ്ടി ആകെ ഒന്ന് കുലുങ്ങി. ഗുരുവിന്‍റെ കമന്ഡലു തെറിച്ച് താഴെ വീണു.  നാലു ശിഷ്യന്മാരും കമന്ഡലു താഴെ വീഴുന്നത് നോക്കിയിരുന്നു.

 കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ ഗുരു ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. 

"എല്ലാം ഭംഗിയാണല്ലോ ശിഷ്യരേ?" അദ്ദേഹം ചോദിച്ചു.

"അതേ ഗുരോ!" നാലു പേരും ഒരുമിച്ചു പറഞ്ഞു.

"പിന്നെ ഗുരോ, അങ്ങയുടെ കമന്ഡലു താഴെ തെറിച്ച് വീണിരുന്നു" ഒരാള്‍ ഓര്‍ത്തു പറഞ്ഞു.

"അതെയൊ! ശരി നിങ്ങള്‍ അത് ഭദ്രമായി എടുത്ത് വെച്ചല്ലോ, അല്ലേ?" ഗുരു ചോദിച്ചു.

"ഇല്ല ഗുരോ, വണ്ടിയില്‍ നിന്നും എന്തെങ്കിലും താഴെ വീഴുന്നുണ്ടോ എന്ന് നോക്കാനല്ലേ അങ്ങ് പറഞ്ഞിരുന്നുള്ളൂ. എടുത്ത് വെക്കണം എന്ന് പറഞ്ഞിരുന്നില്ലല്ലൊ! അത് കൊണ്ട് ഞങ്ങള്‍ അതെടുത്തില്ല" ഒരു ശിഷ്യന്‍ ഭവ്യതയോടെ പറഞ്ഞു..

"എടാ.. മണ്ടന്മാരെ! അത് പ്രത്യേകം പറയണോ? ഇനി ഞാനെന്തിലാണ് വെള്ളം എടുക്കുക. എന്‍റെ കമന്ഡലു  എനിക്ക് നഷ്ടപ്പെട്ടു. ഇനിയെങ്കിലും ശ്രദ്ധിക്കുക. വണ്ടിയില്‍ നിന്ന് എന്ത് തന്നെ താഴെ വീണാലും അത് അപ്പോള്‍ തന്നെ എടുത്ത് വണ്ടിക്കുള്ളില്‍ വെക്കണം. മനസ്സിലായോ?" ഗുരു പറഞ്ഞത് ശിഷ്യന്മാര്‍ തലകുലുക്കി സമ്മതിച്ചു.

ഗുരു വീണ്ടും ഉറക്കമായി. അപ്പോഴാണ് ഒരു ശിഷ്യന്‍ അത് ശ്രദ്ധിച്ചത്. കാള വഴിയില്‍ ചാണകമിടുന്നു. വണ്ടിയില്‍ നിന്ന് എന്തു തന്നെ താഴെ വീണാലും എടുത്ത് വണ്ടിയില്‍ വെക്കണമെന്ന് ഗുരു നിര്‍ദ്ദേശിച്ചിരുന്നത് അയാള്‍ക്ക് നല്ല ഓര്‍മ്മയുണ്ടായിരുന്നു. ഉടന്‍ തന്നെ അനുസരണയുള്ള ആ ശിഷ്യന്‍ ചാണകം വാരി വണ്ടിക്കുള്ളിലേക്കിട്ടു.  ഒട്ടും ഉന്നം തെറ്റാതെ അത് ചെന്ന് വീണത് നമ്മുടെ ഗുരുവര്യന്‍റെ മുഖത്തും!

ഗുരു ഞെട്ടിയുണര്‍ന്നു. 

"ഇതെന്താണ് നിങ്ങളീ കാണിക്കുന്നത്? ആരാണീ ചാണകം എന്‍റെ മുഖത്തെറിഞ്ഞത്?" ക്രുദ്ധനായി ഗുരു അലറി.

"അങ്ങെന്തിനാണ് ഗുരോ ദേഷ്യപ്പെടുന്നത്? അങ്ങ് പറഞ്ഞതനുസരിച്ചാണ് ഞാന്‍ വണ്ടിയില്‍ നിന്നും താഴെ പോയ ആ ചാണകം അകത്തേക്കിട്ടത്." ശിഷ്യന്‍ വിനയത്തോടെ മറുപടി പറഞ്ഞു. 

"എന്‍റെ ദൈവമേ! ഈ വിഡ്ഡികള്‍ക്ക് ഞാന്‍ പറഞ്ഞതെന്താണെന്ന് മനസ്സിലായതേയില്ലല്ലൊ?" ഗുരു സ്വയം പറഞ്ഞു. 

ഇനിയും കുറേ ദൂരം യാത്ര ചെയ്യാനുണ്ട്. അതിനിടയില്‍ ഇനി എന്തെങ്കിലും വീണു പോയാലോ? ഗുരുവിനാണെങ്കില്‍ നല്ല ഉറക്കവും വരുന്നുണ്ട്. ഗുരു വേഗം തന്നെ വണ്ടിയിലുള്ള സാധനങ്ങളുടെ ഒരു പട്ടിക  തയ്യാറാക്കി. അത് ശിഷ്യരുടെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു.

"ഇതാ, ഈ പട്ടികയിലുള്ള എന്ത് സാധനം താഴെ വീണാലും അതെടുത്ത് വണ്ടിയില്‍ വെക്കണം. വേറെന്ത് താഴെ വീണാലും നിങ്ങള്‍ അത് ശ്രദ്ധിക്കേണ്ടതില്ല. മനസ്സിലായോ?" 

"മനസ്സിലായി ഗുരോ!" നാലുപേരും ഒരേ സ്വരത്തിലാണ് പറഞ്ഞത്. 

ഇനി പൊല്ലാപ്പൊന്നും ഉണ്ടാകില്ലെന്ന സമാധാനത്തോടെ ഗുരു വണ്ടിയുടെ ഒരു വശത്ത് ചാരിയിരുന്ന് ഉറക്കമായി.

കാളവണ്ടി ഒരു കയറ്റം കയറാന്‍ തുടങ്ങി. ഒരു കുഴിയില്‍ കയറിയിറങ്ങിയ വണ്ടി ഒന്നു ചെരിഞ്ഞതും ആ വശത്തിരുന്ന ഗുരു ഇഴുകി താഴേയ്ക്ക് വീണു. തൊട്ടടുത്ത് കൂടി ഒഴുകുന്ന പുഴയിലേയ്ക്കാണ് അദ്ധേഹം ചെന്ന് വീണത്. ഗുരു വെള്ളത്തില്‍ വീഴുന്ന ശബ്ദം കേട്ടാണ് അതിനിടയില്‍ മയക്കം പിടിച്ചിരുന്ന ശിഷ്യന്മാര്‍ ഞെട്ടിയെഴുന്നേറ്റത്. 

ഗുരു വെള്ളത്തില്‍ വീണത് കണ്ടതും അവര്‍ ചാടിയിറങ്ങി. അപ്പോഴാണ് കൂട്ടത്തിലെ ഒരു മിടുക്കന്‍ അത് കണ്ട് പിടിച്ചത്.

"ഏയ്! ഗുരു തന്ന ഈ പട്ടികയില്‍ താഴെ വീണാല്‍ എടുത്ത് വെക്കേണ്ട വസ്തുക്കളുടെ കൂട്ടത്തില്‍ ഗുരുവില്ല" അയാള്‍ വിളിച്ച് പറഞ്ഞു.

അതോട് കൂടി ഗുരുവിനെ രക്ഷിക്കാന്‍ ചാടിയിറങ്ങിയ മറ്റുള്ളവര്‍ പിന്തിരിഞ്ഞു. എത്രയായാലും ഗുരുവിന്‍റെ നിര്‍ദ്ദേശം ലംഘിക്കാന്‍ പാടില്ലല്ലോ!

ഗുരുവിന് പെട്ടെന്ന് തന്നെ സംഗതിയുടെ കിടപ്പ് പിടികിട്ടി. അദ്ദേഹം ഉറക്കെ വിളിച്ച് പറഞ്ഞു.

"എടൊ മണ്ടന്മാരേ! എന്നെ രക്ഷിക്ക്! ഞാന്‍ നിങ്ങളുടെ ഗുരുവാണ് പറയുന്നത്. പെട്ടെന്ന് എന്നെ രക്ഷിച്ചില്ലെങ്കില്‍ ഞാന്‍ മുങ്ങിച്ചാകും."

ഭാഗ്യത്തിന് ഗുരുവിന്‍റെ കല്‍പ്പന അവര്‍ അനുസരിച്ചു. ഒരു വിധത്തില്‍ അദ്ദേഹത്തെ കരയ്ക്കെത്തിച്ചു. കുറച്ച് വെള്ളം കുടിച്ചെങ്കിലും താന്‍ രക്ഷപ്പെട്ടല്ലോ എന്ന് ഗുരു സമാധാനിച്ചു.

ഒന്ന് ആശ്വാസമായപ്പോള്‍ ഗുരു ചോദിച്ചു.

"നിങ്ങള്‍ എന്ത് പണിയാണ് കാണിച്ചത്? എന്നെ രക്ഷിക്കാതെ പോകാന്‍ തുടങ്ങിയതല്ലേ നിങ്ങള്‍?" 

"അത് കൊള്ളാം! അങ്ങയുടെ ആജ്ഞ ശിരസ്സാവഹിച്ചതാണൊ ഞങ്ങള്‍ ചെയ്ത തെറ്റ്? അങ്ങ് തന്ന പട്ടികയില്‍ താഴെ വീണാല്‍ എടുത്ത് വെക്കേണ്ട വസ്തുക്കളുടെ കൂട്ടത്തില്‍  അങ്ങയുടെ പേരേ ഉണ്ടായിരുന്നില്ല" നാല് പേര്‍ക്കും ഗുരുവിന്‍റെ ദേഷ്യത്തിന്‍റെ കാരണം അത്ര മനസ്സിലായില്ല.

"ഓ! നിങ്ങളാരും തന്നെ എന്‍റെ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കാതെ വാക്കുകള്‍ മാത്രം അതേപടി അനുസരിക്കുകയാണ് ചെയ്യുന്നത്. ഇനി കൂടുതല്‍ ഒന്നും എനിയ്ക്ക് നിങ്ങളെ പഠിപ്പിക്കാനില്ല. അടുത്ത ഗ്രാമത്തിലെത്തിയാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വഴിയെ പോകാം". ഗുരു പറഞ്ഞു. തന്‍റെ ജീവന്‍ വെച്ച് ഒരു പരീക്ഷണത്തിന് ഗുരുവിന് ധൈര്യം പോരായിരുന്നു.


Post a Comment

0 Comments