ഒരിടത്ത് ഒരിടത്ത് ഒരു കച്ചവടക്കാരനുണ്ടായിരുന്നു. വലിയ ഭക്ഷണപ്രിയന്‍!
ഒരിക്കൽ ഒരു സുഹൃത്ത് കച്ചവടക്കാരന് വറുത്ത ചിക്കനും ഒരു വിശേഷപ്പെട്ട വൈനും സമ്മാനമായി നല്കി. കച്ചവടക്കാരന് വളരെ സന്തോഷമായി.അദ്ദേഹം ഉടനെ തന്റെ ജോലിക്കാരനെ വിളിച്ച് ഭക്ഷണസാധനങ്ങള്‍ തന്റെ വീട്ടിലേയ്ക്ക് കൊടുത്തയയ്ക്കാന്‍ തീരുമാനിച്ചു.
കച്ചവടക്കാരന്‍ തന്ത്രശാലിയായിരുന്നു., തന്റെ ജോലിക്കാരനെ അദ്ദേഹത്തിന് അത്ര വിശ്വാസം പോരായിരുന്നു. അതിനാൽ വറുത്ത ചിക്കനും, വൈനും ഒരു പെട്ടിയില്‍ വെച്ചു ഒരു തുണിയെടുത്ത് നന്നായി മൂടി ജോലിക്കാരന്റെ കയ്യില്‍ നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു:
"ഇത് ഉടന്‍ തന്നെ എന്റെ വീട്ടില്‍ എത്തിക്കുക. പക്ഷേ പ്രത്യേകം ശ്രദ്ധിയ്ക്കണം. ഒരു കാരണവശാലും ഈ തുണി നീക്കം ചെയ്യരുത്. ഇതിനകത്ത് ഒരു വിശേഷപ്പെട്ട പക്ഷിയാണ്. തുറന്നു കഴിഞ്ഞാല്‍ ആ പക്ഷി പറന്നുപോകും. അത് പോലെ ഈ കുപ്പിയില്‍ വളരെ വീര്യമുള്ള വിഷം നിറഞ്ഞ വൈനാണ്. ഒന്നു മണത്താല്‍ പോലും മരണം സംഭവിക്കും"
ജോലിക്കാരന്‍ ഒരു മടിയും കൂടാതെ തയ്യാറായി. അവന്‍ കച്ചവടക്കാരന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു.
ജോലിക്കാരന്‍ തന്റെ യജമാനനെ നന്നായി അറിയാമായിരുന്നു, അത് കൊണ്ട് തന്നെ കച്ചവടക്കാരന്‍ പറഞ്ഞ കഥ അയാള്‍ വിശ്വസിച്ചിരുന്നില്ല.മാത്രമല്ല, വറുത്ത ചിക്കന്‍റെ മണം അയാള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അതിനാൽ വീട്ടിലേക്കുള്ള യാത്രാമധ്യേ, ഒരു സൌകര്യപ്രദമായ ഒരു സ്ഥലം കണ്ടെത്തി അയാള്‍ ഇരുന്നു. തുണി നീക്കം ചെയ്തപ്പോൾ കണ്ട വറുത്ത ചിക്കനും രുചികരമായ വൈനും മുഴുവന്‍ കഴിച്ചു തീര്‍ത്തു.
മറുവശത്ത്, വീട്ടുടമ ഉച്ചഭക്ഷണ സമയത്ത് വീട്ടിലെത്തി ഭക്ഷണം വിളമ്പാൻ ഭാര്യയോട് ആവശ്യപ്പെട്ടു.
ഭാര്യ പറഞ്ഞു, "കുറച്ചുനേരം കാത്തിരിക്കുക. ഭക്ഷണം തയ്യാറായി വരുന്നതേയുള്ളൂ."
കച്ചവടക്കാരന്‍ ദേഷ്യത്തോടെ പറഞ്ഞു, "ഞാൻ കൊടുത്തയച്ച ചിക്കനും, വൈനും വേഗം എടുക്കൂ. നിന്റെ ഭക്ഷണം അവിടെ ഇരിക്കട്ടെ"
ഭാര്യ അത്ഭുതപ്പെട്ടു. "ഏത് ചിക്കന്‍? ഏത് വൈന്‍? നിങ്ങള്‍ എപ്പോള്‍ കൊടുത്തയച്ചെന്നാണ് പറയുന്നത്? നിങ്ങള്‍ക്കെന്താ വിശപ്പ് കൂടി വട്ടായോ?"
"ഞാന്‍ എന്റെ ജോലിക്കാരന്റെ കയ്യില്‍ രാവിലെ ഒരു പാര്‍സല്‍ കൊടുത്തയച്ചിരുന്നല്ലോ?" കച്ചവടക്കാരന്‍ പറഞ്ഞു.
"ഇവിടെ ഒരാളും വന്നില്ല. ഒന്നും കൊണ്ട് വന്നു തന്നിട്ടുമില്ല" ഭാര്യ മറുപടി നല്കി.
എന്തെങ്കിലും പറയുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാതെ, കച്ചവടക്കാരന്‍ തന്റെ ജോലിക്കാരനെ തിരഞ്ഞ് കടയിലേക്ക് തിരിച്ചു പോയി.കടയില്‍ ജോലിക്കാരന്‍ എത്തിയിട്ടുണ്ടായിരുന്നില്ല.
ഉടന്‍ തന്നെ കച്ചവടക്കാരന്‍ ജോലിക്കാരന്റെ താമസസ്ഥലത്തേയ്ക്ക് തിരിച്ചു. അവിടെയെത്തിയപ്പോള്‍ ജോലിക്കാരന്‍ സമാധാനത്തോടെ ഉറങ്ങുന്നത് കണ്ടു.
കച്ചവടക്കാരന്‍ ജോലിക്കാരന് ഒരു നല്ല അടി കൊടുത്തു. ചാടിയെഴുന്നേറ്റ ജോലിക്കാരനോട് അയാള്‍ ദേഷ്യത്തില്‍ ചോദിച്ചു: "വീട്ടിലേക്ക് കൊടുക്കാന്‍ ഞാൻ നിങ്ങൾക്ക് നൽകിയ വസ്തുക്കൾ എവിടെ?"
ദാസൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു, "യജമാനനേ, ഞാൻ വീട്ടിലേക്ക് പോകുമ്പോൾ, വളരെയധികം ശക്തിയായി കാറ്റുണ്ടായിരുന്നു. ആ കാറ്റില്‍ പക്ഷിയെ മൂടിയിരുന്ന തുണി പറന്നുപോയി. തുണി പറന്നയുടനെ പക്ഷിയും പറന്നു രക്ഷപ്പെട്ടു! അതോടെ എനിക്ക് ഭയമായി. അങ്ങ് എന്നെ ശിക്ഷിക്കുമെന്ന് ഞാൻ ഉറപ്പിച്ചു, അതിനാൽ ഞാൻ കുപ്പി തുറന്ന് വിഷം കലര്‍ന്ന വൈന്‍ മുഴുവൻ കുടിച്ചു, എന്നിട്ട് ഇവിടെ മരണം കാത്ത് കിടക്കുകയാണ്."
വലിയ തന്ത്രശാലിയെന്ന് സ്വയം അഭിമാനിച്ചിരുന്ന കച്ചവടക്കാരന് ഒന്നും പറയാനില്ലായിരുന്നു. നിരാശയോടെ അയാള്‍ തിരിച്ചു പോയി..
0 Comments