ഇതൊരു വീരന്റെ കഥയാണ് . ഒരൊറ്റ അടിയ്ക്ക് അഞ്ചെണ്ണത്തെ കൊന്ന വീരന്റെ കഥ.
ഒരിടത്ത് ഒരു പാവം തയ്യൽക്കാരനുണ്ടായിരുന്നു. തന്റെ വീടിന് മുമ്പിൽ തന്നെയുള്ള ഒരു ചെറിയ കടയിലിരുന്ന് അയാൾ വസ്ത്രങ്ങൾ തുണിക്കൊടുത്ത് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. അധികം ജോലിയൊന്നും കിട്ടാത്തത് കൊണ്ട് മിക്ക സമയവും വെറുതേയിരുന്നു പകല് സ്വപ്നം കാണുകയാണ് അയാളുടെ പ്രധാന പണി.
അങ്ങിനെയിരിക്കെ ഒരു ദിവസം തയ്യൽക്കാരന് ആരോ ഒരു മധുരപലഹാരം കൊടുത്തു. അത് കഴിച്ചു കഴിഞ്ഞപ്പോൾ കുറച്ച് പാലഹാരത്തിന്റെ അംശങ്ങൾ അയാളുടെ തയ്യൽ പലകയിൽ വീണു.
കുറച്ചു കഴിഞ്ഞപ്പോൾ കുറെ ഈച്ചകൾ ആ പലഹാരത്തിൽ വന്നിരുന്നു. വേറെ പണിയൊന്നും ഇല്ലാതിരുന്ന തയ്യൽക്കാരൻ അവയെ നോക്കിയിരിക്കുകയായിരുന്നു. പെട്ടെന്ന് അയാൾ തന്റെ കൈകൾ ചേർത്ത് ഈച്ചകളെ അടിച്ചു. ഒറ്റയടിക്ക് തന്നെ ആ ഈച്ചകൾ ചത്തു വീണു
തയ്യൽക്കാരൻ ഒരു കൌതുകത്തിന് അവയെ എണ്ണി നോക്കി - അഞ്ച് ഈച്ചകൾ. അയാൾക്കു വലിയ അഭിമാനം തോന്നി.
"ഒറ്റയടിക്ക് അഞ്ചെണ്ണം! കൊള്ളാം !"
തയ്യൽക്കാരൻ ഉടനേ തന്നെ ഒരു ബെൽറ്റ് തുണിയുണ്ടാക്കി അതിൽ "ഒറ്റയടിക്ക് അഞ്ചെണ്ണത്തിനെ കൊന്നു " എന്നു നല്ല ഭംഗിയിൽ തുന്നിപ്പിടിപ്പിച്ചു. പിന്നെ ഈ ബെൽറ്റ് ധരിച്ചായി അയാളുടെ നടത്തം. ബെൽറ്റിൽ എഴുതിയത് വായിച്ച ആളുകൾ ആശ്ചര്യത്തോടും ഭയബഹുമാനത്തോടും തയ്യൽക്കാരനെ നോക്കാൻ തുടങ്ങി. എല്ലാവരും തയ്യൽക്കാരനെ കണ്ട് എഴുന്നേറ്റ് അഭിവാദനം ചെയ്യാനും തുടങ്ങി. തയ്യൽക്കാരൻ വളരെയധികം സന്തോഷിച്ചു.
ഇതിനിടയില് തയ്യൽക്കാരനെ കണ്ട മന്ത്രി അയാളെ രാജാവിനാടുത്തെത്തിച്ചു . തയ്യൽക്കാരന്റെ "ഒറ്റയടിക്ക് അഞ്ചു പേരെ കൊന്ന" ധീരത കണ്ട രാജാവ് അയാളെ തന്റെ സൈന്യത്തിൽ സഹസൈന്യാധിപനായി ചേർത്തു . തയ്യൽക്കാരൻ അഭിമാനത്തോടെ ആ ജോലി ഏറ്റെടുത്തു.
തയ്യൽക്കാരന്റെ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല.അയൽ രാജ്യത്തെ സൈന്യം തങ്ങളെ ആക്രമിക്കാൻ വരുന്നുണ്ടെന്ന വാർത്തയുമായി ചാരന്മാർ രാജ്യസന്നിധിയിലെത്തി. രാജാവിന് യാതൊരു പേടിയും തോന്നിയില്ല. ഒറ്റയടിക്ക് അഞ്ചു പേരെ കൊള്ളുന്ന സഹസൈന്യാധിപനുള്ളപ്പോൾ ഭയമെന്തിന്?
അദ്ദേഹം ഉടനെ തന്നെ നമ്മുടെ തയ്യൽക്കാരനെ വിളിച്ചു ശത്രുക്കളെ തുരത്താൻ എൽപ്പിച്ചു. ഇപ്പോഴാണ് തയ്യൽക്കാരന് തന്റെ പൊങ്ങച്ചത്തിന് പിന്നിലെ അപകടം ബോധ്യമായത്. ഇനി എന്നത് ചെയ്യാൻ ? രാജാവിനോട് സത്യം പറഞ്ഞാൽ തല കാണില്ല!
അപ്പോഴേയ്ക്കും ധീരനായ സഹസേനാനായകന് വേണ്ടി ഏറ്റവും ശൌര്യം കൂടിയ കുതിരയെ തന്നെ ഒരുക്കി നിരത്തിയിരുന്നു പടയാളികൾ ! കുതിരപ്പുറത്തു കയറുകയല്ലാതെ വേറെ വഴിയില്ലായിരുന്നു തയ്യൽക്കാരന് !
കുതിരപ്പുറത്ത് കയറിയ ഉടനെ തയ്യൽക്കാരൻ തന്റെ കാലുകൾ കുതിരയുടെ വയറിനടിയിലൂടെ കൂട്ടി കെട്ടുവാൻ ആവശ്യപ്പെട്ടു. അങ്ങിനെ ചെയ്തില്ലെങ്കിൽ ഒരിക്കൽ കുതിരപ്പുറത്തു കേറിയിട്ടില്ലാത്ത താൻ താഴെ വീണു പോകും എന്ന് അയാൾക്കറിയാമായിരുന്നു. ആദ്യം ഒന്നമ്പരന്നെങ്കിലും, തനിക്ക് യുദ്ധത്തിൽ മാത്രം ശ്രദ്ധിക്കാൻ വേണ്ടിയാണെന്ന് തയ്യൽക്കാരൻ പറഞ്ഞപ്പോൾ പടയാളികൾ അതനുസരിച്ചു.
അങ്ങിനെ കുതിരപ്പുറത്തു കെട്ടിയ നിലയിൽ തയ്യൽക്കാരൻ കുതിരയെ മുന്നോട്ട് നയിച്ചു. ഒരു പാട് യുദ്ധങ്ങൾ ചെയ്ത ആ പടക്കുതിര, കുതിക്കാനുള്ള അടയാളം ലഭിച്ചതും വളരെ വേഗത്തിൽ യുദ്ധക്കളത്തിലേക്ക് കുതിച്ചു പാഞ്ഞു. തയ്യൽക്കാരൻ ഭയം കൊണ്ട് വിറച്ചു. രക്ഷപ്പെടാൻ വേണ്ടി അയാൾ ഒരു വലിയ മരത്തിന്റെ, താഴേയ്ക്ക് ചാഞ്ഞുനിന്നിരുന്ന ഒരു വലിയ കൊമ്പിൽ കയറിപ്പിടിച്ചു. കുതിരപ്പുറത്തു കെട്ടിയിട്ടിരിക്കുകയാണെന്ന കാര്യം പാവം മറന്നു പോയിരുന്നു! കുതിരയുടെ മുന്നോട്ടുളള കുതിപ്പിൽ ആ കൂറ്റൻ മരക്കൊമ്പ് ഒടിഞ്ഞു പോന്നു . പേടിച്ച തയ്യൽക്കാരൻ മരക്കൊമ്പിലുള്ള പിടിത്തം വിട്ടില്ല. കുതിരയാണെങ്കിൽ മരം ഒടിയുന്ന ശബ്ദം കേട്ട് അതിവേഗത്തിൽ മുന്നോട്ട് കുതിച്ചു.
ഒരു വലിയ മരം പിഴുതെടുത്ത് തങ്ങൾക്ക് നേരെ കുതിരപ്പുറത്ത് പാഞ്ഞു വരുന്ന കരുത്തനായ യോദ്ധാവിനെ കണ്ട് ശത്രുക്കൾ പകച്ചു പോയി. അയൽ രാജ്യത്തെ "ഒറ്റയടിക്ക് അഞ്ചു പേരെ കൊന്ന" വീരനായ സേനാനായകനെക്കുറിച്ച് അവരും കേട്ടിരുന്നു. ഇപ്പോൾ ആ ധീരന്റെ പരാക്രമം നേരിൽ കണ്ടതോടെ അവർ ശരിക്കും ഭയന്ന് പോയി. ശത്രു സൈന്യത്തിലെ പടയാളികൾ ഭയന്ന് ജീവനും കൊണ്ട് ചിതറിയോടി.
തയ്യൽക്കാരന്റെ കുതിര യുദ്ധക്കളത്തിലൂടെ തലങ്ങും വിലങ്ങും ഓടി അവസാനം കൊട്ടാരത്തിലേക്ക് തിരിച്ചെത്തി. ഉടനെ തന്നെ പടയാളികൾ വീരനായ തങ്ങളുടെ സൈന്യാധിപനെ കുതിരപ്പുറത്തു നിന്നും താഴെയിറക്കി. പത്തു പേര് ചേർന്നാണത്രേ സേനാനായകന്റെ കയ്യിൽ ഉണ്ടായിരുന്ന മരം മാറ്റിയിട്ടത്!
അതോടെ രാജാവ് തയ്യൽക്കാരനെ സേനാനായകനാക്കി. "അഞ്ചു പേരെ കൊന്ന വീരൻ" ഇനി അടുത്ത യുദ്ധം എന്നാണാവോ വരുന്നത് എന്നോർത്ത് തന്റെ ജോലി ഏറ്റെടുത്തു.
0 Comments