ഒരിടത്ത് ഒരു കാട്ടിൽ ഒരു അമ്മപ്പന്നി തന്റെ മൂന്നു മക്കളോടൊപ്പം താമസിച്ചിരുന്നു. പന്നിക്കുട്ടികൾ കുറച്ചു വളർന്നപ്പോൾ അമ്മ അവരോട് പറഞ്ഞു.
"മക്കളേ , നിങ്ങളിപ്പോൾ ഒറ്റയ്ക്ക് താമസിക്കാൻ തക്ക വലുതായി. അത് കൊണ്ട് മൂന്നാളും വേറെ എവിടെയെങ്കിലും പോയി സ്വന്തമായി ഓരോ വീട് വെച്ച് താമസിക്കുക"
അങ്ങിനെ പന്നിക്കുട്ടികൾ മൂന്ന് ദിശകളിലേയ്ക്ക് യാത്രയായി.
അമ്മയിൽ നിന്നകന്നു പോകുന്ന പന്നിക്കുട്ടികളെ ഒരു ചെന്നായ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമ്മ അടുത്തില്ലാത്തപ്പോൾ അവരെ കൊന്നു തിന്നാന് എളുപ്പമായിരിക്കുമെന്ന് അവൻ മനസ്സിലാക്കി. അവൻ അവരെ പിന്തുടർന്നു.
ആദ്യത്തെ പന്നിക്കുട്ടൻ വീടുണ്ടാക്കാൻ കണ്ടെത്തിയത് കുറച്ച് വൈക്കോല് ആയിരുന്നു. അവൻ ഉത്സാഹത്തോടെ വീട് പണിതു - നല്ല ഭംഗിയുള്ള ഒരു കൊച്ചു വീട്. സന്തോഷത്തോടെ അവൻ വീട്ടിനുള്ളിൽ ഇരിക്കുമ്പോഴാണ് ചെന്നായ അവിടെ എത്തിയത്. ചെന്നായ് പന്നിക്കുട്ടിയോട് വീടിന് പുറത്തു വരാൻ വിളിച്ചു. എന്നാൽ പുറത്തിറങ്ങിയാൽ തന്നെ ചെന്നായ കൊന്നു തിന്നുമെന്ന് പന്നിക്കുട്ടിക്കു മനസ്സിലായി. അവൻ പുറത്തിറങ്ങിയില്ല.
കോപം മൂത്ത ചെന്നായ അവന്റെ വീട് അടിച്ചുടച്ച് പന്നിക്കുട്ടിയെ പിടിച്ചു തിന്നു. പിന്നെ അവൻ രണ്ടാമത്തെ പന്നിക്കുട്ടിയുടെ വീട് തേടിയിറങ്ങി .
രണ്ടാമൻ കുറെ ചുള്ളിക്കമ്പ് ചേർത്താണ് വീട് പണിതത്. അവിടെയും വിളിച്ചിട്ട് പുറ ത്തിറങ്ങാതെയിരുന്ന പന്നിക്കുട്ടിയെ ചെന്നായ വീട് തകർത്ത് കൊന്നു തിന്നു. എന്നിട്ടവൻ അടുത്ത പന്നിയെ തേടി പുറപ്പെട്ടു.
ഏറ്റവും ഇളയ പന്നിക്കുട്ടി നല്ല മിടുക്കനായിരുന്നു. അവൻ വളരെ കഷ്ടപ്പെട്ട് നല്ല ഇഷ്ടിക ചേർത്താണ് വീട് തയ്യാറാക്കിയത്. അവിടെയെത്തിയ ചെന്നായ ആദ്യം അവനെ പുറത്തേക്ക് വിളിച്ചു.
പന്നിക്കുട്ടി പറഞ്ഞു: "അത് വേണ്ട! നീ എന്നെ കൊന്നു തിന്നാനാണ് വിളിക്കുന്നതെന്ന് എനിക്കറിയാം"
അത് കേട്ട ചെന്നായ പറഞ്ഞു: "നീ പുറത്ത് വന്നില്ലെങ്കില് നിന്റെ വീട് അടിച്ചു തകർത്ത് നിന്നെ ഞാൻ കൊന്നു തിന്നും. നിന്റെ രണ്ടു സഹോദരന്മാരും ഇപ്പോള് എന്റെ വയറ്റിലാണ്"
പാവം പന്നിക്കുട്ടന് തന്റെ സഹോദരന്മാരുടെ ദുർവിധിയോർത്ത് സങ്കടം വന്നു. പക്ഷേ അവൻ പുറത്തിറങ്ങിയില്ല . ദേഷ്യം വന്ന ചെന്നായ വീട് തകർക്കാൻ ശക്തിയോടെ വീടിൻമേൽ അടി തുടങ്ങി. അവന്റെ കൈ വേദനിച്ചതല്ലാതെ വീടിനൊന്നും പറ്റിയില്ല.
അതോടെ ചെന്നായ തന്ത്രം മാറ്റി. അവൻ പറഞ്ഞു. "ഞാന് നാളെ വരാം. ഇനി നമുക്ക് നല്ല കൂട്ടുകാരാകാം"
പിറ്റേ ദിവസം പന്നിക്കുട്ടൻ ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പി ക്കാൻ വെച്ചു . പാത്രത്തിനടിയിലെ തീ പുറത്ത് കാണാത്ത തരത്തിൽ അവൻ നന്നായി മറച്ചിരുന്നു.
കുറച്ചു കഴിഞ്ഞു ചെന്നായ വന്നപ്പോൾ പന്നിക്കുട്ടൻ പറഞ്ഞു.
"ആ പാത്രത്തിൽ നിറയെ വെള്ളമുണ്ട്. നീ ആദ്യം കുളിച്ച് വൃത്തിയാക്. എന്നിട്ട് ഞാൻ നിന്റെ അടുത്തേക്ക് വരാം"
"അതിനെന്താ? ഞാനിപ്പോൾ തന്നെ കൂളിച്ചേയ്ക്കാം " ചെന്നായ പറഞ്ഞു. പന്നിക്കുട്ടൻ അടുത്ത് വരുമ്പോൾ അവനെ കൊന്നു തിന്നാമല്ലോ എന്നു കരുതി ചെന്നായ കുളിക്കാനൊരുങ്ങി.
"ഇത് വളരെ വലിയ പാത്രമാണല്ലോ?" ഇതും പറഞ്ഞു അവൻ വേഗം പാത്രത്തിലേക്ക് എടുത്തു ചാടി. അങ്ങിനെ ക്രൂരനായ ചെന്നായ ആ തിളച്ച വെള്ളത്തിൽ കിടന്നു ചത്തു.
പന്നിക്കുട്ടൻ തന്റെ വീട്ടിൽ സന്തോഷത്തോടെ ജീവിച്ചു.
0 Comments