മടിയൻ മല ചുമക്കും - Matiyan Mala Chumakkum

കൂട്ടുകാർ  ഈ ചൊല്ല് കേട്ടു കാണുമല്ലോ? ഇതൊരു മടിയന്റെ കഥയാണ്.  ഒരു പാവപ്പെട്ട കർഷകനായിരുന്നു മനോഹർ. കർഷകൻ എന്നു പറയാമെന്നെ  ഉള്ളൂ, മഹാ മടിയനായിരുന്നു അയാൾ. അലസത മൂലം കടുത്ത ദാരിദ്ര്യം അനുഭവിച്ചു ജീവിക്കുകയായിരുന്നു. 

അങ്ങനെയിരിക്കെ ഒരു ദിവസം രാജാവിനെ കണ്ട്  തന്റെ  ദാരിദ്ര്യം  പറഞ്ഞു എന്തെങ്കിലും സഹായം തേടാൻ മനോഹർ കരുതി. അയാൾ  കൊട്ടാരത്തിലേക്ക്  പുറപ്പെട്ടു. 

തന്റെ മുമ്പിൽ സഹായം തേടിയെത്തിയ മനോഹറിന്റെ അവസ്ഥ കണ്ട രാജാവ് അയാളെ സഹായിക്കാമെന്നുറച്ചു. അദ്ദേഹം മനോഹറിന്  ഒരു കത്ത് കൊടുത്തിട്ട്  പറഞ്ഞു. 


"ഈ കത്ത് നീ അടുത്ത പ്രവിശ്യയിലെ പ്രഭുവിന് കൊണ്ട് കൊടുക്കണം. അപ്പോൾ  നിനക്ക് വേണ്ടത് ലഭിക്കും "

മനോഹറിന്  അതത്ര ഇഷ്ടപ്പെട്ടില്ല. തനിക്ക് എന്തെങ്കിലും പ്പന്നം തന്ന് സഹായിക്കുന്നതിന് പകരം ഇങ്ങനെയൊരു ജോലി തന്നെ ഏൽപ്പിച്ച രാജാവിനോട് ദേഷ്യം തോന്നിയെങ്കിലും, മനോഹർ കത്ത്  വാങ്ങി യാത്ര പുറപ്പെട്ടു. 

യാത്രാമദ്ധ്യേ മനോഹർ തന്റെ  സുഹൃത്തായ സഹദേവനെ കണ്ടുമുട്ടി. മനോഹറിനോട്  എങ്ങോട്ടാണ് പോകുന്നതെന്ന് സഹദേവൻ  തിരക്കി. 

"എന്ത്  പറയാനാണ് സുഹൃത്തേ! രാജാവിനോട് ഒരു സഹായം ചോദിച്ചു ചെന്നതാണ് ഞാന്. അപ്പോഴാണ് ഈ പണി കിട്ടിയത്. ഇനി ഈ കത്ത് കൊണ്ട് അടുത്ത പ്രവിശ്യയിലെ പ്രഭുവിന് കൊടുക്കണം. അത്ര  ദൂരം  നടക്കുന്ന കാര്യം ആലോചിക്കാനെ വയ്യ "

"അത് വേണമെങ്കില് ഞാന് കൊണ്ട് കൊടുക്കാം. ഞാന് ഒരു ജോലിയും ചെയ്യാനില്ലാതെ വിഷമിച്ചിരിക്കുകയാണ്" സഹദേവൻ  പറഞ്ഞു. 

ഇത് കേട്ട  മനോഹറിന്  സന്തോഷമായി. അയാൾ  വേഗം കത്ത് സഹദേവനെ എൽപ്പിച്ചു.

രാജവായിന്റെ കത്തുമായി  സഹദേവൻ പ്രഭുവിന്റെ അടുത്തെത്തി. കത്തുമായി വരുന്ന ആളിനെ നൂറ്  ഏക്കർ ഭൂമിയും, നിറയെ സ്വർണ്ണവും കൊടുക്കാന് ഉത്തരവിട്ടുള്ള കത്തായിരുന്നൂ അത്. പ്രഭു രാജകല്പ്പനയനുസരിച്ച്  സഹദേവന്  ഭൂമിയും സ്വർണ്ണവും നല്കി. 

തന്റെ  സുഹൃത്തിന് കിട്ടിയ ഭാഗ്യം മനോഹറിന് വിശ്വാസിക്കാനെ കഴിഞ്ഞില്ല. ആ കത്ത് സുഹൃത്തിന് കൊടുത്ത തന്റെ മണ്ടത്ത മോർത്ത് അയാള് സങ്കടപ്പെട്ടു . രാജാവിനെ കണ്ട് ഒരിക്കൽ  കൂടി തന്റെ സങ്കടം പറയാൻ  അയാൾ  കരുതി. അപ്രകാരം അയാൾ  കൊട്ടാരത്തിലെത്തി  രാജാവിനോട് വിവരമെല്ലാം  പറഞ്ഞു. മനോഹർ പറഞ്ഞത് കേട്ട രാജാവ്  ഇത്തവണയും  ഒരു കത്താണ് നല്കിയത്. 

അടുത്ത പ്രവിശ്യയിലെ സൈനിക മേധാവിക്ക് ഉള്ളതായിരുന്നു ആ കത്ത്. കത്ത് കിട്ടിയ ഉടനെ മനോഹർ അടുത്ത പ്രവിശ്യയിലെക്കോടി. ഒരു വിധത്തില് സൈനിക മേധാവിയുടെ അടുത്തെത്തി കത്ത് കൊടുത്തു. 

"ഈ വരുന്ന ആളെ ജയിലിലടക്കുക" ഇതായിരുന്നു കത്തിലെ  ഉള്ളടക്കം. രാജാവിന്റെ  കല്പന പ്രകാരം മനോഹറിനെ  ഉടന് തന്നെ ജയിലിലാക്കി. 

അങ്ങനെ മനോഹറിന്റെ  മടിയും അത്യാഗ്രഹവും   അവനെ വലിയ ഒരു അപകടത്തില് കൊണ്ട് ചാടിച്ചു.


പൂർവ്വികരുടെ അനുഭവസമ്പത്തിൽ നിന്നുളവായ ജീവിതത്തില്‍ ഉള്‍ക്കൊള്ളേണ്ട മഹത്തായ ആശയങ്ങൾ ആണ് പഴഞ്ചൊല്ലുകള്‍ നല്‍കുന്നത്. ജീവിതത്തിൽ അദ്ധ്വാനിക്കാതെ അലസജീവിതം നയിക്കുന്നവർ ഭാവിയിൽ കുറെയധികം കഷ്ട്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരും എന്നാണ് മടിയൻ  മല ചുമക്കും എന്ന പഴഞ്ചൊല്ല് നമ്മെ പഠിപ്പിക്കുന്നത്

Post a Comment

0 Comments