മുറിഞ്ഞുപോയ വാല്‍

 


ഒരിക്കല്‍ ഒരു പല്ലികുഞ്ഞ് കളിച്ചു നടക്കുകയായിരുന്നു. അങ്ങിനെ കളിച്ചു നടക്കേ പെട്ടെന്നാണ് അവന്‍റെ വാല്‍ മുറിഞ്ഞു വീണത്. അവനാകെ പേടിച്ച് പോയി. 

"അയ്യോ! എന്‍റെ വാല് പോയേ!" അവന്‍ ഉറക്കെ കരയാന്‍ തുടങ്ങി.

പല്ലിക്കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് അവന്‍റെ അമ്മ ഓടിയെത്തി. അമ്മ അവനെ സമാധാനിപ്പിക്കാന്‍ തുടങ്ങി. 

"സാരമില്ല. ആ വാല് പോട്ടെ. നമുക്ക് ഒരു പുതിയ വാല് കിട്ടും" അമ്മ പറഞ്ഞു

"അതെങ്ങനെ?" അവന്‍ ചോദിച്ചു. പക്ഷേ അതിനു മുന്പെ അമ്മ പാറക്കെട്ടിനകത്തെ അവരുടെ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.

"അമ്മ പറഞ്ഞത് പോലെ പുതിയ വാല് കിട്ടുമോ എന്നു നോക്കാം?" അവന്‍ പുതിയ വാലിന് വേണ്ടി തിരച്ചില്‍ തുടങ്ങി. പല സ്ഥലങ്ങളില്‍ നോക്കിയിട്ടും അവന് വാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിന്നീടുള്ള ഓരോ ദിവസം അവ വാല്‍ തിരഞ്ഞു നടപ്പായി. അമ്മയാകട്ടെ, അവന്‍ കളിച്ചു നടക്കുകയാണെന്നാണ് കരുതിയത്.

അങ്ങനെ കുറേയേറെ ആഴ്ചകള്‍ കടന്നു പോയി. ഇത്ര നാള്‍ തിരഞ്ഞിട്ടും വാല്‍ കിട്ടാതെയായപ്പോള്‍ അവന് സങ്കടം സഹിക്കാന്‍ പറ്റിയില്ല. അവന്‍ വീണ്ടും ഉറക്കെ കരയാന്‍ തുടങ്ങി.

കരച്ചില്‍ കേട്ട അവന്‍റെ അമ്മ അവനോട് കാര്യം തിരക്കി.

"അമ്മേ! ഇത്ര നാള്‍ തിരഞ്ഞിട്ടും എനിക്ക് പുതിയ വാല്‍ കിട്ടിയില്ല" അവന്‍ ഒരു വിധത്തില്‍ പറഞ്ഞു.

അവനെ ആശ്വസിപ്പിക്കുന്നതിന് പകരം അമ്മ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. അവന് ദേഷ്യവും സങ്കടവും വന്നു. 

അവന്റെ സങ്കടം കണ്ട അമ്മ അവനോടു തിരിഞ്ഞു വാലിലേയ്ക്ക് നോക്കാന്‍ പറഞ്ഞു.തിരിഞ്ഞു നോക്കിയ അവന്‍ അത്ഭുതപ്പെട്ടു പോയി. മുറിഞ്ഞ വാലിന്റെ സ്ഥാനത്തതാ ഒരു പുതിയ വാല്‍!

അവന്‍ സന്തോഷത്തോടെ തുള്ളിച്ചാടി.പല്ലികൾ അപകടഭീഷണി നേരിടുമ്പോൾ വാലിന്റെ അറ്റം മുറിച്ചിടും.  ഈ മുറിഞ്ഞ കഷണം കിടന്നു പിടയുന്നത് കണ്ടു ശത്രു അതിന്റെ പിന്നാലേ കൂടും, ഈ സമയം പല്ലിക്ക് രക്ഷപ്പെടാം. മുറിച്ചിട്ട വാല്‍ കുറച്ച് മാസങ്ങള്‍ക്കുളില്‍ വളരും,


Post a Comment

0 Comments