കൂട്ടുകാര്‍ "ഈ മുന്തിരി പുളിക്കും" എന്നു പറഞ്ഞ ഒരു കുറുക്കന്‍റെ കഥ കേട്ടിട്ടുണ്ടോ? സാധാരണ പറയാറുള്ള കഥയാണ്. ഈ കഥ അതുമായി ബന്ധപ്പെട്ട കഥയാണ് കേട്ടോ.
ഒരു നാള്‍ ഒരു കുറുക്കന്‍ (ഇത് നമ്മുടെ പഴയ കുരുക്കനാള കേട്ടോ!) ഒരു മുന്തിരിത്തോട്ടം കാണാനിടയായി. കുറച്ചു മുന്തിരിക്കുലകള്‍ തോട്ടത്തിന് പുറത്തേയ്ക്ക് വളര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു.
നല്ല പഴുത്ത് തുടുത്ത മുന്തിരി കണ്ടപ്പോള്‍ കുറുക്കന് കൊതിയായെന്ന്‍ പറയേണ്ടതില്ലല്ലോ? അതിപ്പോ, നമ്മളായാലും വായില്‍ വെള്ളമൂറിപ്പോകും, അല്ലേ?
കുറുക്കന്‍ ഒരു മുന്തിരിക്കുലയുടെ താഴെ ചെന്നു മുകളിലേയ്ക്ക് ചാടി നോക്കി. പക്ഷേ, നിര്‍ഭാഗ്യത്തിന് അവന് അതില്‍ തൊടാന്‍ പോലും കഴിഞ്ഞില്ല.
കുറുക്കന്‍ തോല്‍വി സമ്മതിക്കാന്‍ ഒരുക്കമായിരുന്നില്ല. അവന്‍ വീണ്ടും ചാടി നോക്കി. പക്ഷേ, ആ ശ്രമവും വിജയിച്ചില്ല. വീണ്ടും വീണ്ടും അവന്‍ തന്റെ ശ്രമം തുടര്‍ന്നു. ഒടുക്കം ക്ഷീണിച്ച് തളര്‍ന്ന കുറുക്കന്‍ ചാട്ടം നിര്‍ത്തി താഴെയിരുന്നു. ഇതെല്ലാം കണ്ടിരുന്ന ഒരു കാക്ക (സാധാരണ കാക്കയല്ല, കാട്ടിലെ വാര്‍ത്തകള്‍ പരത്തുന്നയാളാണ്!) വിളിച്ച് പറഞ്ഞു.
"ഇനി നിനക്കും മുത്തച്ഛന്‍ ചെയ്ത പോലെ ഈ മുന്തിരി പുളിക്കും എന്നു പറഞ്ഞു സ്ഥലം വിടാം"
കാക്കയുടെ പരിഹാസം കേട്ട കുറുക്കന് വാശിയായി. എങ്ങനെയെങ്കിലും മുന്തിരി കൈക്കലാക്കി തന്റെ കുലത്തിന് വന്നു ചേര്‍ന്ന ഈ പേരുദോഷം മാറ്റണം. അവന്‍ തീര്‍ച്ചയാക്കി.
അപ്പോഴാണ് ഒരു ആന ആ വശി വന്നത്. കുറുക്കന് ഓടി ആനയുടെ അടുത്ത് ചെന്നു.
"ആനചേട്ടാ..എനിക്കൊരു സഹായം ചെയ്തു തരാമോ?"
അവന്‍ വളരെ വിനയത്തോടെ ചോദിച്ചു.
"അതിനെന്താ?' ആന പറഞ്ഞു.
കുറുക്കന്‍ ആനയോട് കാര്യം പറഞ്ഞു. നല്ലവനായ ആനചേട്ടന്‍ ഉടന്‍ തന്നെ തന്റെ തുമ്പിക്കൈ നീട്ടി ഒരു കുല മുന്തിരി പറിച്ച് കുറുക്കന് കൊടുത്തു.
ആനച്ചേട്ടന് നന്ദി പറഞ്ഞ് തന്റെ കുലത്തിന്‍റെ പേരുദോഷം കളഞ്ഞ സന്തോഷത്തില്‍ കുറുക്കന്‍ കാക്കയെ തിരഞ്ഞു. പക്ഷേ, കുറുക്കന്‍റെ കഷ്ടകാലത്തിന് കാക്ക സ്ഥലം വിട്ടിരുന്നു. അത് കൊണ്ട് ഈ കഥ കാട്ടിലാരും അറിഞ്ഞില്ല. കുറുക്കന്‍റെ പഴയ "പുളിക്കുന്ന മുന്തിരിക്കഥ" തന്നെയാണ് ഇപ്പൊഴും കാട്ടിലെ പാട്ട്!
0 Comments