അനുസരണക്കേടിന്റെ ഫലം


ഒരിടത്ത് ഒരു കുഞ്ഞിക്കുരുവിയുണ്ടായിരുന്നു. കുറച്ചധികം വികൃതിയായിരുന്നു അവള്‍. കുറച്ച് കുറുമ്പൊക്കെ കുട്ടികള്‍ക്കുണ്ടാകുന്നത് കുഴപ്പമില്ല. പക്ഷേ നമ്മുടെ കുഞ്ഞിക്കുരുവി അമ്മ പറയുന്നതേ അനുസരിക്കില്ല. അതെപ്പോഴും അപകടത്തില്‍ ചെന്നു ചാടിക്കുമെന്ന് അവള്‍ മനസ്സിലാക്കിയില്ല..

കുഞ്ഞിക്കുരുവി പറക്കാന്‍ പഠിച്ചു കഴിഞ്ഞതേയുള്ളൂ. അവള്‍ അമ്മയോട് ഇര തേടാന്‍ പോകുമ്പോള്‍ തന്നെക്കൂടി കൊണ്ട് പോകാന്‍ പറഞ്ഞു വാശി പിടിക്കാന്‍ തുടങ്ങി.

"മോളേ, നീ പറക്കാന്‍ പഠിച്ചിട്ടേയുള്ളൂ. ഇപ്പോള്‍ എന്റെ കൂടെ വന്നാല്‍ നിനക്കു വഴി തെറ്റിപ്പോകും. മാത്രമല്ല അധികം ദൂരം പറക്കാന്‍ നീനക്കിപ്പോള്‍ കഴിയില്ല"  അമ്മക്കുരുവി പറഞ്ഞു.

"അതൊന്നും കുഴപ്പമില്ല. എനിക്ക് എത്ര ദൂരം വേണമെങ്കിലും പറക്കാന്‍ പറ്റും." കുഞ്ഞിക്കുരുവി സമ്മതിച്ചില്ല

അവസാനം അമ്മക്കുരുവി അവളെയും കൂടെ കൂട്ടി. ആദ്യമായി കാട് കാണുന്ന കുഞ്ഞിക്കുരുവി ഓരോ സ്ഥലവും നോക്കി ആസ്വദിച്ച് കൊണ്ട് പറക്കാന്‍ തുടങ്ങി. അമ്മക്കുരുവി തന്‍റേയോപ്പമ് തന്നെ പറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും, അവള്‍ അനുസരിച്ചില്ല. എന്തെങ്കിലും കാഴ്ച കണ്ടു അവള്‍ പിന്നിലായിപ്പോകും, പിന്നെ അമ്മക്കുരുവി തിരികെ വന്നു വിളിക്കണം. ഇങ്ങനെയായാല്‍ വഴിതെറ്റുമെന്ന് അമ്മക്കുരുവി പലവട്ടം പറഞ്ഞു. ആര് കേള്‍ക്കാന്‍?

വീണ്ടും കുഞ്ഞിക്കുരുവി പിന്നിലായിപ്പോയി. ഇത്തവണ അവള്‍ക്ക് ശരിക്കും വഴിതെറ്റി. തെറ്റായ ദിശയിലേക്ക് പറന്നു തുടങ്ങി. കുറെ കഴിഞ്ഞതോടെ തനിക്ക് വഴി തെറ്റിയെന്ന് അവള്‍ക്കു മനസ്സിലായി. അമ്മക്കുരുവിയെ എങ്ങും കാണുന്നുമില്ല. കുറെ പറന്നു ക്ഷീണിച്ച അവള്‍ ഒരു മരക്കോമ്പില്‍ .പറന്ന് ചെന്നിരുന്നു. അമ്മയെക്കാണാതെ അവള്‍ പേടിച്ച് കരയാന്‍ തുടങ്ങി. 

അപ്പോഴാണ് ഒരു തത്തമ്മ അത് വഴി വന്നത്. തത്തമ്മ കുരുവിക്കുഞ്ഞിനെക്കണ്ട് അടുത്തു ചെന്നു വിവരം അന്വേഷിച്ചു. കുഞ്ഞിക്കുരുവി കരഞ്ഞു കൊണ്ട് തത്തമ്മയോട് തന്റെ അമ്മയെക്കാനാനില്ലെന്ന് പറഞ്ഞു. തത്തമ്മ അവള്‍ പറഞ്ഞ അടയാളങ്ങള്‍ വെച്ചു അവളുടെ കൂടിരിക്കുന്ന സ്ഥലത്തേക്ക് അവളെ എത്തിച്ച് കൊടുത്തു. അവിടെ ചെന്നപ്പോള്‍, മകളെ കാണാതെ സങ്കടപ്പെട്ടിരിക്കുന്ന അമ്മക്കുരുവിയെയാണ് കണ്ടത്.

മകളെ കണ്ടതും അമ്മക്കുരുവിയ്ക്ക് സമാധാനമായി. അമ്മക്കുരുവിയും, കുഞ്ഞിക്കുരുവിയും തത്തമ്മയോട് നന്ദി പറഞ്ഞു. അനുസരക്കേട് കൊണ്ട് കുഞ്ഞിക്കുരുവി ഒരു പാഠം പഠിച്ചു. ഇനിയൊരിക്കലും അമ്മയെ അനുസരിക്കാതിരിക്കില്ലെന്ന് അവള്‍ ഉറപ്പിച്ചു.

Nature Vectors by Vecteezy

കാട്ടിലെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments