പണ്ട് പണ്ട് മുതലകള്‍ക്ക് ഇന്ന് കാണുന്ന പോലെയുള്ള കട്ടിയുള്ള തൊലിയും ശല്‍ക്കങ്ങളും ഉണ്ടായിരുന്നില്ലത്രേ! പിന്നെ എങ്ങനെയാണ് അവയ്ക്ക് ഇത്ര കട്ടിയുള്ള തൊലിയുണ്ടായത്. അതൊരു കഥയാണ്. വായിച്ചറിഞ്ഞോളൂ!
ഒരു കാലത്ത് മുതലയ്ക്ക് നല്ല ഭംഗിയുള്ള തിളങ്ങുന്ന തോലാണുണ്ടായിരുന്നത്. സാധാരണയായി .മുതല വെള്ളത്തില്‍ കഴിയാറാണ് പതിവ്. അപൂര്‍വമായേ അത് കരയിലേയ്ക്ക് വരാറുള്ളൂ. അങ്ങിനെ ഒരു ദിവസം അവന്‍ കരയില്‍ വെയില്‍ കൊണ്ട് കിടക്കുമ്പോള്‍ അവന്റെ ഭംഗിയുള്ള, തിളങ്ങുന്ന തൊലി കണ്ടു മറ്റ് മൃഗങ്ങള്‍ അത്ഭുതത്തോടെ നോക്കാന്‍ തുടങ്ങി. അതോടെ മുതലയുടെ തൊലിയുടെ ഭംഗി കാട്ടില്‍ പാട്ടായി. എല്ലാ മൃഗങ്ങളും മുതലയുടെ തൊലിയെ പുകഴ്ത്തി സംസാരിക്കാന്‍ തുടങ്ങി. മുതല അഭിമാനത്തോടെ ഇതെല്ലാം കേട്ടു കിടന്നു.
പിന്നീട് എല്ലാ ദിവസവും മുതലയെ കാണാന്‍ മൃഗങ്ങള്‍ നദീ തീരത്തെത്താന്‍ തുടങ്ങി. അടുത്തുള്ള കാടുകളില്‍ നിന്നു പോലും മൃഗങ്ങള്‍ എത്തിയിരുന്നത്രേ! അതോടെ മുതല എല്ലാ ദിവസവും കൂടുതല്‍ സമയം കരയില്‍ കിടക്കാന്‍ തുടങ്ങി. നല്ല വെയിലുള്ളപ്പോഴും അവന്‍ അങ്ങിനെ കിടന്നു മറ്റുള്ളവര്‍ തന്റെ തൊലിയുടെ ഭംഗിയെ വര്‍ണ്ണിക്കുന്നത് കേട്ട് ആസ്വദിച്ചു. പതിയെ പതിയെ അവന്‍റെ അഭിമാനം അഹങ്കാരത്തിന് വഴി മാറി. പിന്നെ തന്നെ കാണാന്‍ വരുന്നവരെ അവന്‍ കളിയാക്കാനും ആക്രമിക്കാനും തുടങ്ങി.
ഇതെല്ലാം വനദേവത ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ദേവതയ്ക്ക് മുതലയുടെ അഹങ്കാരം തീരെ ഇഷ്ട്ടപ്പെട്ടില്ല. ദേവതയുടെ അനിഷ്ടം കിട്ടിയതോടെ, ദിവസവും സൂര്യ പ്രകാശമേറ്റ് പതിയെ മുതലയുടെ ദേഹത്ത് കുമിളകള്‍ വരാന്‍ തുടങ്ങി. അതിന്റെ ഭംഗിയും തിളക്കവുമെല്ലാം പതിയെ നഷ്ട്ടപ്പെട്ട് തുടങ്ങിയത് മുതല അറിഞ്ഞതേയില്ല. പതിയെ പതിയെ മുതലയുടെ തൊലിയുടെ ഭംഗിയെല്ലാം നഷ്ടപ്പെട്ട് അതിനു കട്ടി കൂടുകയും ശല്‍ക്കങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ചെയ്തു. അതോടെ മറ്റ് മൃഗങ്ങള്‍ അവനെ കളിയാക്കാന്‍ തുടങ്ങി. നാണക്കേട് കാരണം മുതല നദിയിലേക്ക് ഇറങ്ങിപ്പോയി. പിന്നെ ഏത് മൃഗങ്ങള്‍ നദിക്കരയിലെത്തിയാലും അവന്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കും. കണ്ണുകള്‍ മാത്രം പുറത്തു കാട്ടും. തന്‍റെ തൊലി മറ്റുള്ളവര്‍ കണ്ടു പരിഹസിക്കാതിരിക്കാന്‍ ശ്രദ്ധിക്കും.
അത് കൊണ്ടാണത്രേ മുതലകള്‍ എപ്പോഴും വെള്ളത്തില്‍ കഴിയുന്നതും , തന്‍റെ കണ്ണുകള്‍ മാത്രം പുറത്ത് കാണിക്കുന്നതും.
കൂട്ടുകാരേ, ഇത് വെറുമൊരു കഥയാണെന്ന് ഓര്‍ക്കണേ!
0 Comments