ഒരിക്കല്‍ ഒരു കലമാന്‍ വെള്ളം കുടിക്കാനായി ഒരു തടാകത്തിന്റെ തീരത്തെത്തി. വെള്ളം കുടിക്കാനായി വെള്ളത്തിനടുത്തെത്തിയ അവന്‍ വെള്ളത്തില്‍ തന്റെ പ്രതിബിംബം കണ്ട് സന്തോഷത്തോടെ പറഞ്ഞു. "ഹായ്! എന്തു ഭംഗിയാണ് എന്‍റെ നീണ്ട കൊമ്പുകള്‍ കാണാന്‍! ഞാനൊരു സുന്ദരന്‍ തന്നെ. എന്‍റെ കണ്ണുകളുടെ തിളക്കം വേറെ ആര്‍ക്കാണുള്ളത്?"
പിന്നീടവന്‍ തന്റെ കാലുകളിലേയ്ക്ക് നോക്കി പറഞ്ഞു. "കഷ്ടം! എന്‍റെ കാലുകള്‍ കാണാന്‍ ഒരു ഭംഗിയുമില്ല. നീണ്ടു മെലിഞ്ഞുള്ള ഈ കാലുകള്‍ മാത്രമാണ് എന്‍റെ ശരീരത്തിന് ഒരഭംഗി!"
പെട്ടെന്നാണ് ഒരു പുലി അവിടെ എത്തിയത്. ഭാഗ്യത്തിന് തനിക്ക് നേരെ ചാടാനൊരുങ്ങുന്ന പുലിയെ മാന്‍ കണ്ടു. അവന്‍ ഉടന്‍ തന്നെ കുതിച്ചു പാഞ്ഞു. തൊട്ട് പിന്നാലെ തന്നെ പുലിയും ഉണ്ടായിരുന്നു. ഓട്ടത്തിനിടയില്‍ മാനിന്റെ കൊമ്പു ഒരു മരച്ചില്ലക്കൂട്ടത്തിനിടയില്‍ കുടുങ്ങിപ്പോയി. ചില്ലകളില്‍ നിന്നും തന്റെ കൊമ്പ് വേര്‍പ്പെടുത്താന്‍ മാന്‍ പരിശ്രമിച്ചു കൊണ്ടിരുന്നു. അതിനിടയില്‍ പുലി തൊട്ടടുത്തെത്തിയിരുന്നു. ഓടാന്‍ പറ്റാതെ കുടുങ്ങിയിരിക്കുന്ന മാനിന് നേരെ പുലി കുതിച്ചു ചാടി. ആ നിമിഷം തന്നെ മാനിന്റെ കൊമ്പ് ഒരു വിധത്തില്‍ ചില്ലകള്‍ക്കിടയില്‍ നിന്നും വേര്‍പ്പെട്ടു. ഒട്ടും സമയം കളയാതെ മാന്‍ അവിടെ നിന്നും കുതിച്ചോടി. ചാട്ടം പിഴച്ച പുലി വീണിടത്ത് നിന്നും എഴുന്നേല്‍ക്കുന്നതിനിടയില്‍ മാന്‍ എങ്ങോ ഓടി മറഞ്ഞു.
പുലിയില്‍ നിന്നും രക്ഷപ്പെട്ട മാന്‍ പറഞ്ഞു "ഞാനെന്തൊരു വിഡ്ഡിയാണ്. കാണാന്‍ ഭംഗിയുണ്ടെന്ന് ഞാന്‍ അഹങ്കരിച്ച എന്‍റെ കൊമ്പുകള്‍ എന്നെ അപകടത്തില്‍ പെടുത്തിയതായിരുന്നു.കുറച്ചു നേരം മുമ്പ് ഞാന്‍ കുറ്റപ്പെടുത്തിയ എന്‍റെ ഈ കാലുകള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ആ പുലിയുടെ ഇരയായേനെ."
അങ്ങനെ ഓരോ അവയവത്തിനും അതിന്റേതായ ധര്‍മമുണ്ടെന്ന് മാന്‍ മനസ്സിലാക്കി.
0 Comments