കൊക്കിന്‍റെ കഴുത്ത് വളഞ്ഞതെങ്ങിനെ?

 കൂട്ടുകാര്‍ കൊക്കിനെ കണ്ടിട്ടുണ്ടോ?

കൊക്കിന് നീണ്ട കഴുത്താണുള്ളത്. ആ കഴുത്തിന് ഒരു ചെറിയ വളവുണ്ട്, അത് ശ്രദ്ധിച്ചിട്ടുണ്ടോ? കൊക്കിന്‍റെ കഴുത്തിന് അങ്ങിനെ വളവുണ്ടായതെങ്ങിനെ എന്നതിനെ കുറിച്ചുള്ള ഒരു കഥയാണിത്.



ഒരിക്കല്‍ ഒരു കൊക്ക് ഒരു തടാകത്തില്‍ മീന്‍ പിടിക്കുകയായിരുന്നു. അത് വഴി ഇര തേടിയിറങ്ങിയ ഒരു കുറുക്കന്‍ കൊക്കിനെ കണ്ടു. നല്ല തടിച്ചു കൊഴുത്ത കൊക്കിനെ കണ്ടതും കുറുക്കന്‍റെ വായില്‍ വെള്ളമൂറി. പക്ഷേ, കൊക്കിനെ എങ്ങിനെ പിടിക്കാനാനാണ്? അത് പറന്നു പോകില്ലേ?

അപ്പോഴാണ് കുറുക്കന് ഒരുപായം തോന്നിയത്. അവന്‍ തടാകത്തിനരികിലെത്തി കൊക്കിനോട് പറഞ്ഞു.

"സുഹൃത്തേ, എന്തൊരു ഭംഗിയാണ് നിന്റെ കഴുത്തിന്? ശരിക്കും നീയൊരു സുന്ദരന്‍ തന്നെ!"

കുറുക്കന്‍റെ ഭംഗി വാക്കുകള്‍ കേട്ട കൊക്കിന് വളരെ സന്തോഷം തോന്നി. കുറുക്കന്‍ വീണ്ടും ചോദിച്ചു.

"ഇത്ര നീളമുള്ള കഴുത്ത് നിനക്ക് ബുദ്ധിമുട്ടാകില്ലേ? കാറ്റ് വീശുമ്പോള്‍ നീ എന്തു ചെയ്യും?നിന്റെ കഴുത്ത് ഒടിഞ്ഞു പോകില്ലേ?"

"ഇല്ലില്ല. കാറ്റ് വരുമ്പോള്‍ ഞാന്‍ എന്റെ കഴുത്ത് ദാ ഇങ്ങിനെ കുനിച്ചു പിടിക്കും" കൊക്ക് കുറച്ചു തല താഴ്ത്തി കൊണ്ട് പറഞ്ഞു.

"പക്ഷേ ശക്തിയായ കാറ്റ് വന്നാലോ?" കുറുക്കന്‍റെ സംശയം കൂടി.

"ശക്തിയായ കാറ്റ് വരുമ്പോള്‍ ഞാന്‍ ദാ ഒന്നു കൂടി കുനിയും" കൊക്ക് കഴുത്ത് കുറച്ചു കൂടി താഴ്ത്തി കൊണ്ട് മുന്‍പോട്ട് നീങ്ങി. ഇതിനിടയില്‍ കൊക്ക് കരയ്ക്ക് അടുത്തെത്തിയിരുന്നു.

"ഒരു കൊടുങ്കാറ്റ് വന്നാല്‍ പക്ഷേ ഇത് കൊണ്ട് കാര്യമുണ്ടാകില്ല" കുറുക്കന്‍ തീര്‍ത്തു പറഞ്ഞു.

"എയ്! അങ്ങിനെയൊന്നുമില്ല. എനിക്ക് ഇനിയും ഇത് പോലെ തലതാഴ്ത്തി പതുങ്ങി രക്ഷപ്പെടാന്‍ കഴിയും"

കൊക്ക് നന്നായി കുനിഞ്ഞു തല താഴ്ത്തികൊണ്ടു പറഞ്ഞു.

"ങാ! ഇത് മതി" കുറുക്കന്‍ പെട്ടെന്ന് മുന്നോട്ട് ചാടി കൊക്കിന്‍റെ കഴുത്തില്‍ ശക്തിയായി പിടിച്ചു.

പാവം കൊക്ക്! അവന്‍ കഴിയുന്നത്ര ശക്തിയില്‍ ചിറകടിച്ചു പിടഞ്ഞു. ഒരു വിധത്തില്‍ തന്‍റെ കഴുത്ത് കുറുക്കന്‍റെ കയ്യില്‍ നിന്നും വിടുവിച്ചെടുത്തു. ഈ പിടിവലിക്കിടയില്‍ പക്ഷേ, കൊക്കിന്‍റെ കഴുത്ത് കുറുക്കന്‍ പിടിച്ച ഭാഗത്ത്  ചെറുതായി വളഞ്ഞു പോയിരുന്നു. അത് പിന്നീടൊരിക്കലും നേരെയായില്ല.

ആ കൊക്കിനുണ്ടായ കുഞ്ഞുങ്ങളും, അവയുടെ കുഞ്ഞുങ്ങളുമെല്ലാം അത് പോലെ വളഞ്ഞ കഴുത്തുള്ളവരായത് അങ്ങിനെയത്രേ!

കാട്ടിലെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments