കാക്കയ്ക്ക് പറ്റിയ അമളി


ഒരു ദിവസം ഒരു കാക്ക ഒരു മരക്കോമ്പില്‍ ഇരുന്നു വിശ്രമിക്കുകയായിരുന്നു. താഴെ കുറെ ചെമ്മരിയാടുകള്‍ മേയുന്നത് അവന്‍ നോക്കിയിരുന്നു. അപ്പോഴാണ് ആട്ടിന്‍കൂട്ടത്തിന് തൊട്ടുമുകളിലായി ഒരു വലിയ പരുന്ത് വട്ടമിട്ട് പറക്കുന്നത് അവന്‍ കണ്ടത്. കാക്ക നോക്കിയിരിക്കെ, പരുന്ത് പെട്ടെന്ന് താഴ്ന്നു പറന്നു വന്നു ഒരു ചെറിയ ചെമ്മരിയാടിനെ അതിന്റെ നഖങ്ങളില്‍ കുരുക്കിയെടുത്ത് പറന്നകന്നു. കാക അത്ഭുതത്തോടെ നോക്കിയിരുന്നു. പിന്നെ അവന്‍ വിചാരിച്ചു.


"എനിക്കെന്തു കൊണ്ട് അങ്ങിനെ ചെയ്തു കൂടാ? ഞാനും അത് പോലെ ഒരു വലിയ ആടിനെ പിടിച്ചാല്‍ പിന്നെ കുറെ ദിവസത്തേക്ക് കുശാലായി"

കാക്ക അങ്ങനെ ചിന്തിക്കുക മാത്രമല്ല ചെയ്തത്! അവന്‍ നേരെ പറന്നു ചെന്നു ഒരു ചെമ്മരിയാറ്റിനെ തന്റെ നഖങ്ങളില്‍ കോര്‍ത്ത് പറന്നുയരാന്‍ ശ്രമിച്ചു. പക്ഷേ, ചെമ്മരിയാടിന്റെ രോമങ്ങളിക്കിടയില്‍ അവന്റെ കാല്‍ കുരുങ്ങി. പറന്നുയരാനാകാതെ അവന്‍ ചിറകടിച്ചു കാ..കാ.. എന്നുറക്കെ കരയാന്‍ തുടങ്ങി. ആട്ടിന്‍കൂട്ടം കാക്കയുടെ കരച്ചില്‍ കേട്ട് ആകെ വെകിളി കൂട്ടി. കാക്കയുടെ കരച്ചില്‍ കേട്ട് അവന്‍റെ കൂട്ടുകാരും പറന്നെത്തി. അപ്പോഴേക്ക് ആട്ടിടയനും സ്ഥലത്തെത്തിയിരുന്നു. അയാള്‍ കാക്കയുടെ കാല്‍ പതുക്കെ വിടുവിച്ചു. കാക്ക ഒരു വിധത്തില്‍ പറന്നു രക്ഷപ്പെട്ടു.

കാക്കയ്ക്ക് പറ്റിയ അബന്ധം കാട്ടിലൊക്കെ പാട്ടായി. എല്ലാവരും അവനെ കണക്കിനു കളിയാക്കി.

അവനവന് പറ്റിയ പണിയേ ചെയ്യാവൂ എന്ന്‍ അതോടെ അവന് മനസ്സിലായി.


Post a Comment

2 Comments